തിരുവനന്തപുരം: കാലവർഷക്കാറ്റ് ശക്തമായതോടെ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്. ഉയർന്ന ലെവലിൽ കാലവർഷ കാറ്റ് സജീവമായ സാഹചര്യത്തിൽ മലയോര മേഖലകൾ ഉൾപ്പെടെ വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരാമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ മുതൽ അതിശക്തമായ മഴവരെ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തെക്കൻ-മധ്യ ജില്ലകളിലും മഴ ശക്തമാകുമെന്ന സൂചനയാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ മഴയുടെ വ്യാപ്തി കൂടുതൽ വടക്കൻ ജില്ലകളിലേക്ക് കേന്ദ്രീകരിക്കുമെന്നാണ് വിലയിരുത്തൽ. ജൂൺ എട്ടിന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വീണ്ടും അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുമ്പോൾ, മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂൺ ഒൻപതിന് വടക്കൻ ജില്ലകളിൽ മഴ ശക്തി പ്രാപിക്കുമെന്നും തെക്കൻ ജില്ലകളിൽ മഴയുടെ തീവ്രത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ജൂൺ പത്ത്, പതിനൊന്ന് തീയതികളോടെ സംസ്ഥാനത്ത് മഴയുടെ തീവ്രത പൊതുവെ കുറയുമെന്നാണ് പ്രതീക്ഷ. കനത്ത മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മുന്നറിയിപ്പുണ്ട്.