മഹാരാഷ്ട്രയിൽ 21 കോടി രൂപ തട്ടിപ്പ് നടത്തി കാമുകിക്ക് ആഡംബര വസ്തുക്കൾ വാങ്ങി നൽകിയ യുവാവ് ഒളിവിൽ. സർക്കാർ സ്പോർട്സ് കോംപ്ലക്‌സിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായ ഹർഷൽ കുമാർ ശിർസാഗർ (23) ആണ് കോടികൾ തട്ടിയെടുത്തത്. 13,000 രൂപ മാസ ശമ്പളത്തിന് ജോലി ചെയ്തിരുന്ന യുവാവ് കാമുകിക്കായി ആഡംബര കാറുകളും നാല് ബിഎച്ച്കെ ഫ്ലാറ്റും വാങ്ങുന്നതിനായാണ് വൻ തുക തട്ടിയെടുത്തത്.
തട്ടിപ്പിന് ഹർഷലിന് പിന്തുണ നൽകിയ സഹപ്രവർത്തകയായ യശോദ ഷെട്ടി, ഭർത്താവ് ബി കെ ജീവൻ എന്നിവർ അറസ്റ്റിലായി. കൃത്യമായ ആസൂത്രണത്തോടെയാണ് യുവാവ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. യുവാവ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു.
സർക്കാർ സ്പോർട്സ് കോംപ്ലക്സിന്റെ ഇമെയിൽ അഡ്രസിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിന്റെ് പഴയ ലെറ്റർ ഹെഡ് ഉപയോഗിച്ച് ബാങ്കിന് ഇമെയിൽ സന്ദേശം അയയ്ക്കുകയാണ് ഹർഷൽ ആദ്യം ചെയ്തത്. ഇതിന് മുന്നോടിയായി സ്പോർട്സ് കോംപ്ലക്സിന്റെ അക്കൗണ്ടിന് സമാനമായ വിലാസത്തിൽ പുതിയൊരു ഇമെയിൽ അക്കൗണ്ട് തുറക്കുകയും ചെയ്തു.
ലെറ്റർ ഹെഡിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ഇമെയിൽ അഡ്രസ് മാറ്റി നൽകി. ഇതോടെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് വരുന്ന ഒടിപികളും മറ്റും ഹർഷലിനും ലഭ്യമാകുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യവും ലഭ്യമാക്കി. കഴിഞ്ഞ ജൂലായ് ഒന്നിനും ഡിസംബർ ഏഴിനും ഇടയിലായി 13 ബാങ്ക് അക്കൗണ്ടുകളിലേയ്ക്കായി 21.6 കോടി രൂപയാണ് ഹർഷൽ കൈമാറ്റം നടത്തിയത്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് 1.2 കോടി രൂപയുടെ ബിഎംഡബ്ല്യു കാർ, 1.3 കോടിയുടെ എസ്വി, 32 ലക്ഷത്തിന്റെ ബിഎംഡബ്ല്യു ബൈക്ക് എന്നിവ യുവാവ് സ്വന്തമാക്കി. കാമുകിക്ക് ഛത്രപതി സാംബാജി നഗർ എയർപോർട്ടിന് സമീപത്തായി നാല് ബിഎച്ച്കെ ആഡംബര ഫ്ലാറ്റും, ഡയമണ്ട് ആഭരണങ്ങളും സമ്മാനിച്ചു.
സാമ്പത്തിക ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ട കായിക വകുപ്പ് ഉദ്യോഗസ്ഥൻ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്.
Leave a Reply