കോവളത്തെ ലാത്വിയൻ യുവതിയുടെ മരണം കൊലപാതകമെന്നു ഫോറൻസിക് വിദഗ്ദയുടെ മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് മുൻ മേധാവി ഡോക്ടർ കെ ശശികലയാണ് മൊഴി നൽകിയത്. ഡോക്ടർ ശശികലയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നത്.

വിദേശവനിതയുടെ ആന്തരികാവവയത്തിൽ പുരുഷബീജം കണ്ടെത്തിയില്ലെന്ന് കെമിക്കൽ എക്‌സാമിനർ പി.ജി. അശോക് കുമാർ മൊഴി നൽകിയത് പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. തുടർന്ന് മൊഴി നൽകിയ ചീഫ് കെമിക്കൽ എക്‌സാമിനർ കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെമിക്കൽ എക്സാമിനർ മൊഴി മാറ്റിയതോടെ വിദേശ വനിത പീഡനത്തിന് ഇരയായി എന്ന വാദത്തിനാണ് തിരിച്ചടിയേറ്റത്. ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി എന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്.

കൊല്ലപ്പെട്ട വനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളിൽ കണ്ടെത്തിയ ഡയാറ്റം എന്ന സൂക്ഷ്മ ജീവിയുടെ അംശം മുങ്ങിമരണം കൊണ്ട് സംഭവിക്കുന്നതല്ലേയെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിനും കെമിക്കൽ എക്‌സാമിനർക്ക് അനുകൂല മറുപടിയായിരുന്നു.