ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അര്‍ജുന്റെ കുടുംബം നല്‍കിയ അപകീര്‍ത്തി കേസില്‍ നിന്ന് ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനല്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. തുടര്‍ന്നാണ് മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴാവാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കാനും തീരുമാനിച്ചു.

കഴിഞ്ഞ ദിവസമാണ് ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അര്‍ജുന്റെ കുടുംബം രംഗത്തെത്തിയത്. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ക്കൊണ്ട് കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നാണ് കുടുംബം ആരോപിച്ചത്. പിന്നാലെ സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തി മനാഫിനെതിരെ കേസെടുക്കുകയായിരുന്നു.