വടക്കാഞ്ചേരിയിലെ ദാരുണ അപകടത്തിന് കാരണം സ്കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗമെന്ന് ദൃക്സാക്ഷികൾ. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പുറകിലിടിച്ചശേഷം തലകീഴായി മറിയുകയായിരുന്നു . ഇടിച്ചശേഷം നിരങ്ങി നീങ്ങി ചതുപ്പിലേക്ക് മറിയുകയായിരുന്നു.

ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങൾക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്സാക്ഷി. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിന്‍റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും ദൃക്സാക്ഷി പറയുന്നു. അപകടത്തിന് പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്.

അപകട സ്ഥലത്തേക്ക് ആംബുലന്‍സും ക്രെയിനുമടക്കമുള്ളവ എത്തിയത് ഏറെ ബുദ്ധിമുട്ടിയാണ്. ക്രെയിന്‍ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ച് കയറിയ പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതോടെ കുട്ടികള്‍ ബസിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു.

ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന 5 വിദ്യാ‍‍ര്‍ഥികളും ഒരു അധ്യാപകനും കെ എസ് ആര്‍ ടി സി ബസിലെ മൂന്ന് യാത്രക്കാരും ആണ് മരിച്ചത് . കെഎസ്ആര്‍ടിസി ബസിന്‍റെ പുറകിൽ യാത്ര ചെയ്യുകയായിരുന്നവരിൽ ചിലര്‍ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്

അപകടം നടന്ന ഉടൻ തന്നെ രക്ഷാ പ്രവര്‍ത്തനം തുടങ്ങി . എന്നാൽ ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുക്കാൻ ഉള്ള ശ്രമം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്. ചിലർക്ക് അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു . കെഎസ്ആർടിസിയിലെ യാത്രക്കാർ പലരും റോഡിൽ തെറിച്ചുവീണ നിലയിൽ ആയിരുന്നു