മണർകാട്: മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ സ്വതന്ത്ര ഇടവകയെന്ന് കോട്ടയം മുൻസിഫ് കോടതി വിധി. കത്തീഡ്രൽ മലങ്കര സഭയുടെ ഭാഗമല്ലെന്നും 2017ലെ മലങ്കര സഭയുമായി ബന്ധപ്പെട്ട കെ.എസ്. വർഗീസ് കേസിലെ വിധി മണർകാട് കത്തീഡ്രലിനു ബാധകമല്ലെന്നും വിധിയിൽ പറയുന്നു. ഓർത്തഡോക്സ് വിഭാഗക്കാരും മണർകാട് സ്വദേശികളുമായ സന്തോഷ് ജോർജ്, എം.എ. ചെറിയാൻ എന്നിവർ കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ കേസ് തള്ളിയാണ് വിധി.
മണർകാട് കത്തീഡ്രൽ മലങ്കര സഭയുടെ കീഴിലോ ഭാഗമായോ വരുന്ന പള്ളിയല്ലെന്നും ഒരു സ്വതന്ത്ര ട്രസ്റ്റ് ആണെന്നും പള്ളി ഭരിക്കപ്പെടേണ്ടത് 1934ലെ സഭാ ഭരണഘടനപ്രകാരമല്ലെന്നും 1934ലെ സഭാ ഭരണഘടന മണർകാട് പള്ളിക്ക് ബാധകമല്ലെന്നും അതിനാൽ 2017ലെ കെ.എസ്. വർഗീസ് കേസിലെ വിധി മണർകാട് പള്ളിയെ ബാധിക്കുന്നതല്ലെന്നും കോടതി കണ്ടെത്തി.
ഓർത്തഡോക്സ് വിഭാഗം നൽകിയ അന്യായവും എതിർ സത്യവാങ്മൂലവും തള്ളിയാണ് അഡീഷണൽ മുൻസിഫ് കോടതി ജഡ്ജി ആശാദേവി വിധി പ്രസ്ഥാവിച്ചത്. പള്ളിയുടെ പശ്ചാത്തലവും ചരിത്രവും കോടതി മുന്പാകെ സമർപ്പിക്കപ്പെട്ട തെളിവുകളും വിശദമായി വിശകലനം ചെയ്താണു കോടതി തീർപ്പ് കൽപ്പിച്ചത്. മണർകാട് പള്ളി മലങ്കരസഭാ ഭരണഘടന പ്രകാരം ഏതെങ്കിലും കാലത്ത് ഭരിക്കപ്പെട്ടു എന്നതിനു തെളിവുകൾ ഇല്ലെന്നും അന്യായം ബോധിപ്പിച്ച വ്യക്തികൾ എന്ത് താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്യായം ബോധിപ്പിച്ചതെന്നോ അവർ പള്ളി ഇടവകക്കാരണെന്നു പോലുമോ തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
മണർകാട് സെന്റ് മേരീസ് പള്ളി സ്വതന്ത്ര പള്ളിയാണെന്ന വിധി വന്നതോടെ യാക്കോബായ-ഓർത്തഡോക്സ് സഭകളുടെ ഭരണഘടനയും പള്ളിക്കു ബാധകമാകില്ല. സ്വതന്ത്ര ഭരണഘടന അനുസരിച്ചാണു പള്ളി പ്രവർത്തിക്കുന്നതെന്ന വിധി വന്നതോടെ കെ.എസ്. വർഗീസ് കേസും പള്ളിക്കു ബാധകമാവില്ല. ഓർത്തഡോക്സ് വിഭാഗം ഫയൽ ചെയ്ത അന്യായം തള്ളിയാണു മണർകാട് പള്ളിക്ക് അനുകൂലമായി വിധി വന്നത്. ഇതോടെ നീണ്ടനാളായി നിലനിന്നുപോന്ന തർക്കത്തിനും അവസാനമായി.
പള്ളിക്കുവേണ്ടി അഭിഭാഷകരായ പി.ജെ. ഫിലിപ്പ്, അനിൽ ഡി. കർത്ത, കെ.എ. ബോബി ജോണ്, രാജീവ് പി. നായർ, വി.ടി. ദിനകരൻ, അനന്തകൃഷ്ണൻ എന്നിവർ ഹാജരായി.
മണർകാട് സെന്റ് മേരീസ് പള്ളികേസുമായി ബന്ധപ്പെട്ട് കോട്ടയം മുൻസിഫ് കോടതിയിൽനിന്നുണ്ടായ വിധി സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകളാണു വന്നുകൊണ്ടിരിക്കുന്നതെന്ന് ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയോസ് കോറസ്. പള്ളി ഭരണത്തിനു റിസീവറെ നിയമിക്കണം എന്നാവശ്യപ്പെട്ടു കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്.
കോട്ടയം സബ്കോടതിയുടെ വിധി നിലനിൽക്കുന്നതിനാൽ അതിന്റെ നടത്തിപ്പ് അല്ലാതെ ഇപ്പോൾ ഒരു പുതിയ കേസിന്റെ ആവശ്യമില്ലന്നതാണ് മുൻസിഫ് കോടതി നിർദേശിച്ചിരിക്കുന്നതായാണെന്നും മാർ ദീയോസ് കോറസിനുവേണ്ടി പിആർഒ റവ.ഡോ. ജോണ്സ് ഏബ്രഹാം കോനാട്ട് പറഞ്ഞു.
Leave a Reply