മണർകാട് പള്ളി പിടിച്ചെടുക്കാനുള്ള ഓർത്തഡോക്സ് സഭയുടെ ഏതൊരു നീക്കത്തെയും നാനാജാതി മതസ്ഥരുടെ കൂട്ടായ്മയോടെ ചെറുത്തു നില്ക്കുമെന്ന് മണർകാട് സെന്റ് മേരീസ് പള്ളി ഭാരവാഹികൾ വ്യക്തമാക്കി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പിറവം, കോതമംഗലം പള്ളിക്കു ശേഷം മണർകാട് സെന്റ് മേരീസ് യാക്കോബായ പള്ളി പിടിച്ചെടുക്കുമെന്നാണ് ഓർത്തഡോക്സ് സഭാ അധികൃതർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഭൂരിപക്ഷവും യാക്കോബായക്കാർ മാത്രമുള്ള മണർകാട് പള്ളി സ്വന്തമാക്കാൻ അവർക്ക് യാതൊരു അവകാശവുമില്ല. ഇത്തരം ഒരു നീക്കത്തിൽ നിന്നും അവർ പിന്തിരിയണം. ഞങ്ങൾക്ക് ആരുടെയും പള്ളി സ്വത്തുക്കൾ വേണ്ട. ഞങ്ങളുടെ പള്ളിയും സെമിത്തേരിയും സംരക്ഷിക്കാൻ സമാധാനപൂർണ്ണമായ പ്രതിരോധം സൃഷ്ടിക്കുമെന്നും പള്ളി അധികൃതർ പറഞ്ഞു. ഇത്തരം ഒരു നീക്കത്തിനെതിരെ പ്രതിഷേധിക്കുവാനും സഭ നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കാനുമായി അടുത്ത ഞായറാഴ്ച വിശ്വാസ സംരക്ഷണ മനുഷ്യച്ചങ്ങല നടത്തുമെന്ന് അവർ അറിയിച്ചു.
ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് മണർകാട് പള്ളിയിൽ നിന്നും ആരംഭിച്ച് കോട്ടയം ഗാന്ധിസ്ക്വയറിൽ സമാപിക്കുന്ന വിശ്വാസ സംരക്ഷണ ചങ്ങലയിൽ ആയിരക്കണക്കിന് വിശ്വാസികളും നാനാജാതി മതസ്ഥരും സാമൂഹിക- സാംസ്ക്കാരിക- രാഷ്ട്രീയ നേതാക്കളും കണ്ണികളാകുമെന്നും സഹവികാരി ഫാദർ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ, ഫാദർ തോമസ് മറ്റത്തിൽ, ചീഫ് ട്രസ്റ്റി സി.പി ഫിലിപ്പ് ചെമ്മാത്ത്, പുബ്ലിസിറ്റി സമിതി കൺവീനർ സാജു എബ്രഹാം മൈലക്കാട്ട്, ട്രസ്റ്റി രഞ്ജിത് മാത്യു ഒറ്റപ്ലാക്കൽ എന്നിവർ പറഞ്ഞു.
Leave a Reply