മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്ന ക്രിസ് പാര്‍ക്കര്‍ എന്ന യുവാവിനെ ഓര്‍മയില്ലേ? മാഞ്ചസ്റ്ററിലെ ഹീറോ എന്നായിരുന്നു ഭവനരഹിതനായ ഇയാള്‍ പിന്നീട് അറിയപ്പെട്ടത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഇയാള്‍ ആക്രമണത്തിനിരയായവരുടെ ഫോണും പേഴ്‌സും മോഷ്ടിച്ചെന്ന് വെളിപ്പെടുത്തല്‍. സ്‌ഫോടന സമയത്ത് മാഞ്ചസ്റ്റര്‍ അറീനയുടെ ഫോയറിലുണ്ടായിരുന്ന ഇയാള്‍ പരിക്കേറ്റവരെ കൊള്ളയടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. മാധ്യമങ്ങളില്‍ വളരെ വികാര നിര്‍ഭരമായ അഭിമുഖങ്ങള്‍ ഇയാള്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ക്രൗഡ് ഫണ്ടിംഗിലൂടെ 50,000 പൗണ്ട് സമാഹരിക്കുകയും ചെയ്തു.
മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച സിസിടിവി ദൃശ്യങ്ങളില്‍ പരിക്കേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്നവരെ കൊള്ളയടിക്കുന്നത് വ്യക്തമായിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ പോളിന്‍ ഹീലി എന്ന സ്ത്രീയുടെ സമീപത്തേക്ക് ഇയാള്‍ ഒന്നിലേറെത്തവണ എത്തുന്നുണ്ട്. ഹീലിയുടെ ഹാന്‍ഡ് ബാഗ് മോഷ്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീയുടെ പേരക്കുട്ടി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ ഒരു കൗമാരക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനും തെളിവുകള്‍ ലഭിച്ചു.
വിചാരണയുടെ ആദ്യ ദിനത്തില്‍ തന്നെ ഇപ്പോള്‍ ഹാലിഫാക്‌സില്‍ താമസിക്കുന്ന 33 കാരനായ ക്രിസ് പാര്‍ക്കര്‍ രണ്ട് കുറ്റങ്ങളും സമ്മതിച്ചു. അതേസമയം കോട്ട് മോഷ്ടിച്ചുവെന്നതുള്‍പ്പെടെയുള്ള മൂന്ന് ആരോപണങ്ങള്‍ ഇയാള്‍ നിഷേധിച്ചു. 2000 മുതല്‍ മോഷണമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാക്കപ്പെട്ടിട്ടുണ്ട്.
Leave a Reply