സ്വന്തം ലേഖകൻ

ലിവർപൂൾ :- കൊറോണ ബാധ ജനങ്ങൾക്ക് നഷ്ടപ്പെടുത്തിയത് സ്നേഹനിധിയും, സൗമ്യനുമായ ലിവർപൂൾ ആർച്ച് ഡയോസിസ് ബിഷപ്പ് വിൻസെന്റ് മലോണിയെ. 88 കാരനായ ഇദ്ദേഹം ഒരാഴ്ചയായി കൊറോണ ബാധമൂലം റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ ലിവർപൂൾ ആർച്ച് ഡയോസിസിലെ ഓക്സിലറി ബിഷപ്പാണ് ഇദ്ദേഹം. ഇതിനു മുൻപ് ലിവർപൂൾ മെട്രോപോളിറ്റൻ കത്തീഡ്രലിലെ ഡീനായും സേവനമനുഷ്ഠിച്ചിരുന്നു. ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ, ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് മേയർ ജോ ആൻഡേഴ്സൺ പറഞ്ഞു. മത ഭേദമെന്യേ എല്ലാവരും ഒരുപോലെ ബഹുമാനിച്ചിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹമെന്നും മേയർ കൂട്ടിച്ചേർത്തു. തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ എല്ലാവരോടും കരുണയോടും, സ്നേഹത്തോടും ഇടപെട്ട അതുല്യ പ്രഭാവനായിരുന്നു ബിഷപ്പ് എന്ന് റോമൻ കാത്തലിക് കമ്മ്യൂണിറ്റി ഇംഗ്ലണ്ടിന്റെ തലവൻ കർദിനാൾ വിൻസെന്റ് നിക്കോളസ് രേഖപ്പെടുത്തി.

ലിവർപൂളിലെ സെയിന്റ് ഒസ്വാൾഡ്‌സ് പള്ളിയിൽ വെച്ച് 1955 സെപ്റ്റംബറിലാണ് ബിഷപ്പ് വിൻസെന്റ് തന്റെ വൈദിക പട്ടം സ്വീകരിക്കുന്നത്. അതിനുശേഷവും കുറേ വർഷം അലൻ ഗ്രാമർ സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1971-ൽ യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിലെ ചാപ്ലൈനായി നിയമിതനായി. 1979 – ൽ മെട്രോപോളിറ്റൻ കത്തീഡ്രലിലെ അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം ശ്രദ്ധാർഹമായ സേവനങ്ങൾ ചെയ്തു.

1989 ജൂലൈ മൂന്നിനാണ് അദ്ദേഹത്തിന് ബിഷപ്പ് പദവി ലഭിക്കുന്നത്. ഇതിനുശേഷം ലിവർപൂളിലെ ഓക്സിലറി ബിഷപ്പായി നിയമിതനാവുകയായിരുന്നു. 2006 ഒക്ടോബറിൽ തന്റെ എഴുപത്തിയഞ്ചാം വയസ്സിൽ അദ്ദേഹം ഈ സ്ഥാനം ഒഴിഞ്ഞെങ്കിലും കഴിഞ്ഞവർഷംവരെ വികാർ ജനറലായി തുടരുകയായിരുന്നു. ബിഷപ്പിൻെറ നിര്യാണത്തിൽ സാമൂഹിക -സാംസ്കാരിക -മത മേഖലയിലെ നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു.