ഷാജിമോന്‍ കെ.ഡി.
മാഞ്ചസ്റ്ററില്‍ മലയാളി കുടുംബത്തിന് അപകടം സംഭവിച്ച് കുടുംബനാഥന്‍ ഗുരുതരാവസ്ഥയില്‍. മാഞ്ചസ്റ്ററിലെ വിഥിന്‍ഷായിലാണ് അപകടം നടന്നത്. കുട്ടികളെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് വരും വഴി റോഡ്‌ മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വിഥിന്‍ഷായില്‍ താമസിക്കുന്ന പോള്‍ ജോണ്‍ ആണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ഉള്ളത്. നാട്ടില്‍ കൂടല്ലൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്‍റെ ഒന്‍പത് വയസ്സുകാരി മകള്‍ക്കും സാരമായ പരിക്കുകള്‍ ഉണ്ട്. ഇരുവരെയും സാല്‍ഫോര്‍ഡ് ഹോപ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പോള്‍ ജോണിന്‍റെ പരിക്ക് വളരെ ഗുരുതരമാണെന്ന വിവരമാണ് അധികൃതരില്‍ നിന്നും അറിയാന്‍ സാധിച്ചിരിക്കുന്നത്. മകളുടെ പരിക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ഇന്ന്‍ വൈകുന്നേരം ൦4.45നാണ് അപകടം നടന്നത്.  ഹോളിഹെഡ്ജ് റോഡിലെ വുഡ്ഹൗസ് ലൈനില്‍ ആണ് അപകടം നടന്നത്. റോഡ്‌ മുറിച്ച് കടക്കുകയായിരുന്ന ഇവരെ ഇരുവരെയും ഇടിച്ച് തെറിപ്പിച്ച കാര്‍ തുടര്‍ന്ന് മറ്റൊരു സ്ത്രീയെയും ഇവരുടെ കൂടെയുള്ള കൊച്ചു കുട്ടിയേയും ഇടിച്ച് വീഴിച്ചു. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല എന്നാണ് അറിയുന്നത്.

നിരവധി പോലീസ് വാഹനങ്ങളും എയര്‍ ആംബുലന്‍സും സ്ഥലത്ത് എത്തിയിരുന്നു. എയര്‍ ആംബുലന്‍സില്‍ ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. അപകടം നടന്ന റോഡ്‌ എട്ട് മണി വരെ അടച്ചിരിക്കുകയായിരുന്നു.

അപകടം സംബന്ധിച്ച് ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നാല്‍ അപകടത്തിന് ദൃക്സാക്ഷികള്‍ ആയ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനായി ഉപയോഗിക്കേണ്ട നമ്പര്‍: 0800 555 111

accident

m accident