ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന് സ്വന്തം തട്ടകത്തില്‍ തോല്‍വി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ വോള്‍വര്‍ഹാംപ്‌റ്റണ്‍ വാണ്ടറേഴ്‌സ് 1-0 ത്തിനാണു യുണൈറ്റഡിനെ തോല്‍പ്പിച്ചത്.
പോര്‍ചുഗീസ് താരം ജോയ മൗടീഞ്ഞോ കളി തീരാന്‍ എട്ടു മിനിറ്റ് ശേഷിക്കേ നേടിയ ഗോളാണു വോള്‍വറിന് അപൂര്‍വ ജയം നേടിക്കൊടുത്തത്. 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വോള്‍വര്‍ ഓള്‍ഡ് ട്രാഫോഡില്‍ യുണൈറ്റഡിനെ തോല്‍പ്പിക്കുന്നത്. താല്‍ക്കാലിക കോച്ച് റാല്‍ഫ് റാഗ്നിക് നേരിടുന്ന ആദ്യ തോല്‍വി കൂടിയാണിത്.
സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെയും എഡിന്‍സണ്‍ കാവാനിയെയും മുന്‍നിര്‍ത്തിയ 4-2-2-2 ഫോര്‍മേഷനാണു റാഗ്നിക് തുടര്‍ന്നത്. വോള്‍വര്‍ കോച്ച് ബ്രൂണോ മിഗ്വേല്‍ സില്‍വ 3-4-3 ഫോര്‍മേഷനിലാണ് മാഞ്ചസ്‌റ്ററിലെത്തിയത്‌്. റൗള്‍ ഗിമെനസിനെയാണു ബ്രൂണോ മുന്നില്‍ നിര്‍ത്തിയത്. ഒന്നാം പകുതിയില്‍ വോള്‍വ്‌സാണു മികച്ച രീതിയില്‍ തുടങ്ങിയതും കളിച്ചതും. അവര്‍ ഒന്നാം പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഗോളടിക്കാനായില്ല. യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ റുബെന്‍ നെവസിന്റെ വോളി ഉള്‍പ്പെടെയുള്ള തകര്‍പ്പന്‍ സേവുകള്‍ യുണൈറ്റഡിനെ രക്ഷപ്പെടുത്തി.
രണ്ടാം പകുതിയില്‍ യുണൈറ്റഡ് കളിയിലേക്ക് തിരിച്ചു വന്നു. ബ്രൂണോ ഫെര്‍ണാണ്ടസിനെ കളത്തിലെത്തിച്ചതോടെ യുണൈറ്റഡിന്റെ നീക്കങ്ങള്‍ക്കു വേഗമായി. വന്നതിനു പിന്നാലെ താരത്തിന്റെ ഒരു ഷോട്ട് പോസ്‌റ്റില്‍ തട്ടി മടങ്ങി. പിന്നാലെ ക്രിസ്‌റ്റ്യാനോ ഹെഡ് ചെയ്‌ത് സമനില ഗോളടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. മറുവശത്ത് 75-ാം മിനിറ്റില്‍ സൈസിന്റെ ഫ്രീ കിക്കും പോസ്‌റ്റില്‍ തട്ടി മടങ്ങി.
82-ാം മിനിറ്റില്‍ വോള്‍വ്‌സ് അര്‍ഹിച്ച ഗോള്‍ വീണു. പെനാല്‍റ്റി ബോക്‌സിന്റെ അരികില്‍ നിന്നുള്ള മൗടീഞ്ഞോയുടെ ഷോട്ട് ഡി ഗിയയെ കീഴടക്കി. ഈ ഗോളിന് മറുപടി നല്‍കാന്‍ യുണൈറ്റഡിനായില്ല. വോള്‍വ്‌സിനെ ഭയപ്പെടുത്താന്‍ പോലുമാകാതെ യുണൈറ്റഡ് കളി അവസാനിപ്പിച്ചു. അവസാന നിമിഷത്തിലെ ബ്രൂണോയുടെ ഫ്രീകിക്ക് വോള്‍വര്‍ ഗോള്‍ കീപ്പര്‍ ജോസാ തടഞ്ഞതോടെ യുണൈറ്റഡിന്റെ തോല്‍വി ഉറപ്പായി. ഈ തോല്‍വി യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി. 31 പോയിന്റുമായി ഏഴാം സ്‌ഥാനത്താണ് മാഞ്ചസ്‌റ്റര്‍. വോള്‍വ്‌സ് യുണൈറ്റഡിന് തൊട്ടു പിറകില്‍ എട്ടാം സ്‌ഥാനത്താണ്.
Leave a Reply