ജോൺ കുറിഞ്ഞിരപ്പള്ളി  

ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ അവരെ തിരിച്ചറിഞ്ഞു.

ആത് ശ്രുതിയുടെ അമ്മയാണ് എന്ന് ശ്രുതിയെ പരിചയമുള്ള  ആർക്കും മനസ്സിലാകും.അമ്മയുടെകൂടെ അങ്കിളും ഉണ്ട് എന്ന് അവൾ പറഞ്ഞിരുന്നു.

അമ്മയുടെ തനി പകർപ്പാണ് ശ്രുതി.രണ്ടുപേരേയും ഒന്നിച്ചു കണ്ടാൽ ചേച്ചിയാണന്നേ പറയൂ.

“എന്നെ എങ്ങിനെ തിരിച്ചറിഞ്ഞു?”ഞാൻ ചോദിച്ചു.ഞങ്ങൾ തമ്മിൽ ഒരിക്കലും കണ്ടിരുന്നില്ല.

“കഴിഞ്ഞ മൂന്നുമാസമായി ദിവസവും അവൾക്ക് പറയാനുള്ളത് മാത്യുവിൻ്റെ  കാര്യങ്ങളായിരുന്നു. നിങ്ങൾ അവളുടെ കാറിൽ കയറിയത്,ഇന്റർവ്യൂ, എല്ലാം പറഞ്ഞു ഞങ്ങൾ വേണ്ടുവോളം  ചിരിച്ചിട്ടുണ്ട്. മാത്യുവിൻ്റെ കൂടെയുള്ളത് ജോൺ സെബാസ്റ്റിയൻ.ശരിയല്ലേ?”.

“ഉം”.

 അവൾക്ക് എന്തുകൊണ്ടെന്ന് അറിയില്ല,ഒരേ നിർബന്ധം,ഹയർ സ്റ്റഡീസിന് പോകണമെന്ന്.ഞാൻ കഴിവതും പറഞ്ഞു നോക്കി “.

“ഞങ്ങൾ എയർ പോർട്ടിലേക്ക് വരുന്ന വഴിക്ക് പ്രസാദിൻ്റെ  കാർ ആക്സിഡൻറ് ആയി കിടക്കുന്നതുകണ്ടു അവനെ അങ്ങിനെ റോഡിൽ വിട്ടിട്ടുപോരാൻ മനസ്സ് അനുവദിച്ചില്ല.പിന്നെ പോലീസ് സ്റ്റേഷനിലും പോകേണ്ടിവന്നു.എല്ലാം കഴിഞ്ഞു ഇവിടെ എത്തുമ്പോൾ സമയം കഴിഞ്ഞുപോയി.”

 സംഭവിച്ചതെല്ലാം ഞങ്ങൾ വിശദീകരിച്ചു.എല്ലാം അവർ ശ്രദ്ധിച്ചു്  കേട്ടു.

“പക്ഷെ പ്രസാദ് എന്തിനാണ് എയർപോർട്ടിൽ വന്നത്?അവൻ എങ്ങിനെയാണ് അവൾ പോകുന്ന വിവരം അറി ഞ്ഞത്?”

“അറിയില്ല”

“പഠിക്കുന്ന സമയങ്ങളിൽ മിക്കവാറും ഹോസ്റ്റലിൽ ആയിരുന്നു അവൾ.പാവം,ഒരുപാടു സങ്കടങ്ങൾ മനസ്സിൽ ഒതുക്കുകയാണ് .പ്രസാദുമായുള്ള പ്രശനങ്ങളിൽ അവൾ ആകെ വിഷമത്തിലായിരുന്നു.എനിക്ക് തോന്നുന്നത് മാത്യു ഒന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നെങ്കിൽ അവൾ പോകില്ലായിരുന്നു എന്നാണ്.രണ്ട്  മാസം കഴിഞ്ഞാൽ അവളുടെ അപ്പച്ചൻ്റെ ഓർമ്മ ദിവസമാണ്.അത് ഞങ്ങൾ ഒരിക്കലും മുടക്കിയിട്ടില്ല.അപ്പോൾ ഏതായാലും അവൾ വരും.വരാതിരിക്കില്ല”

എനിക്ക് അല്പം ആശ്വാസം തോന്നി.അങ്കിൾ എല്ലാം കേട്ടുകൊണ്ട് നിശ്ശബ്ദത പാലിച്ചു.ശ്രുതിയുടെ അമ്മ പറയുന്നത് ശരിയാണ്.സേട് ജിയുടെ ഓഫീസിലെ ബഹളത്തിനിടയിൽ എല്ലാം തകിടം മറിഞ്ഞു.എങ്കിലും ഇത്ര വേഗത്തിൽ അവൾ പോകുമെന്ന് കരുതിയില്ല..സേട് ജിയുടെ മകൻ പറഞ്ഞ വിഡ്ഢിത്തങ്ങൾ കേട്ട് മനസ്സ് വിഷമിച്ചു് എടുത്ത തീരുമാനമാണ്.അവൾ വിളിക്കുമ്പോൾ എല്ലാം വിശദമായി പറഞ്ഞാൽ അവൾക്ക് തീർച്ചയായും മനസ്സിലാകും.ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ജനക്കൂട്ടം ലൗഞ്ചിലേക്ക് വന്നു.

അത് അവരായിരുന്നു,സേട് ജിയുടെ  മക്കൾ ,ബന്ധുക്കൾ എല്ലാംകൂടി ഒരു പത്തു മുപ്പത് ആളുകൾ.

അവർ എന്നെ കണ്ടു കഴിഞ്ഞു.

കറുപ്പുനിറത്തിലുള്ള  ഒരേതരം സ്യുട്ട് ആണ് ആൺ മക്കൾ  അഞ്ചുപേരും ധരിച്ചിരിക്കുന്നത്.ആറാമൻ കൽക്കട്ടയിലാണ്.

പെട്ടന്ന് ഓർമ്മ വന്നത് പ്രസിദ്ധമായ ഒരു  കോമിക് ബുക്കിലെ ഡിറ്റക്ടീവ് തോംസൺ ആൻറ് തോംസണെയാണ്.

കാണിക്കുന്നതും പറയുന്നതും കോമാളിത്തമാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല.വെറുതെയല്ല സേട് ജി ഈ മണ്ടന്മാരെ ഒന്നിലും തൊടാൻ അനുവദിക്കാതിരുന്നത് ..

ആവരുടെ ഒപ്പം  സേട് ജിയുടെ മകളും ആ പെൺകുട്ടിയുടെ അമ്മയും ഉണ്ട്. സേട്  ജിയുടെ ശവസംസ്കാരത്തിന് കൽക്കട്ടക്ക് പോകാൻ വന്നതാണ് എല്ലാവരും .ഏറ്റവും മൂത്ത മകൻ മുൻപിലായി അഞ്ചുപേരും എൻ്റെ അടുത്തേക്ക് വന്നു.അയാൾ പറഞ്ഞു.

“മാത്യൂനെ കണ്ടത് നന്നായി.ഓഫീസ് അടച്ചിടാതെ കഴിഞ്ഞു.ഫ്യൂണറൽ കഴിഞ്ഞു ഞങ്ങൾ മറ്റന്നാൾ തിരിച്ചുവരും”.

ഈ കോമാളികളിൽ നിന്നും എങ്ങിനെ രക്ഷപെടും,എന്നായിരുന്നു എൻ്റെ  ചിന്ത.പോരാത്തതിന് ശ്രുതിയുടെ അമ്മയും ഇതെല്ലം കണ്ടുകൊണ്ടിരിക്കുന്നു.

ആ പെൺകുട്ടി അടുത്തുവന്നു.

മുൻപ് ആ പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.ഏറിയാൽ ഒരു ഇരുപത്തിരണ്ടു വയസ്സ് കാണും വെളുത്തുമെലിഞ്ഞ സുന്ദരി.

അവൾ ഹാൻഡ് ബാഗ് തുറന്ന് ഒരു സെറ്റ് താക്കോലുകൾ എടുത്ത് എൻ്റെ നേരെ  നീട്ടി.ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ പറഞ്ഞു,”ഞാൻ വന്നിട്ട് സംസാരിക്കാം”.

ആ പെൺകുട്ടിയുടെ പേരുപോലും എനിക്കറിഞ്ഞുകൂടാ.

ആ തടിയന്മാരെപോലെ ആയിരുന്നില്ല അവൾ.

മാന്യമായ പെരുമാറ്റം,അളന്നു മുറിച്ചുള്ള സംസാരം,ആരും ഇഷ്ട്ടപെട്ടുപോകുന്ന എന്തോ ഒന്ന് അവളിലുണ്ട്..

എൻ്റെ മനസ്സിൽ തോന്നിയത് വായിച്ചെടുത്തതുപോലെ അവൾ പറഞ്ഞു ,”എൻ്റെ  പേരുപോലും ചോദിച്ചിട്ടില്ല.ഞാൻ അഞ്ജലി.”

 .ഞാൻ താക്കോലുകൾ വാങ്ങി.

” മറ്റന്നാൾ  പപ്പയുടെ ഫ്യൂണറൽ ആണ് ,രണ്ടു ദിവസം കൂടി കഴിഞ്ഞേ ഞാൻ വരൂ.”.

പെട്ടന്ന് അവൾ സംസാരം നിർത്തി.പൊട്ടി വന്ന തേങ്ങൽ അമർത്തി ഒരു നിമിഷം നിന്നു.സേട് ജിയുടെ മരണത്തിൽ അവൾക്ക് മാത്രമേ ദുഖമുളൂ എന്ന് തോന്നുന്നു .അവളുടെ അമ്മ കുറച്ചുമാറി പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

ഒരു പ്രത്യേക ജനുസ്സിൽ പെട്ട മനുഷ്യരാണ് ഇവർ എന്ന് തോന്നുന്നു.സേട് ജിക്ക് മൂന്നു ഭാര്യമാരിലായി ഏഴുമക്കൾ.ഇവർ തമ്മിൽ ഒരു വഴക്കുമില്ലാതെ പരസ്പരം സാഹോദരങ്ങളായി അംഗീകരിച്ചിരിക്കുന്നു.

അവൾ എൻ്റെ  നേരെ കൈ നീട്ടി.എന്തു ഭംഗിയാണ്  ആ കൈകൾക്ക്.ഒരു നിമിഷം അവളുടെ കൈകൾ എൻ്റെ  കയ്യിൽ അമർന്നു.

“ഗുഡ്ബൈ മാത്യു പിന്നെ കാണാം”.

“ഗുഡ് ബൈ  അഞ്ജലി.”

അവൾ നടന്നുപോകൂന്നത് എനിക്കുനോക്കാതിരിക്കുവാൻ കഴിഞ്ഞില്ല.

കുറച്ചുദൂരം നടന്നിട്ട് അവൾ തിരിഞ്ഞുനിന്നു കൈ വീശി.കാണിച്ചു.

എല്ലാം ശ്രുതിയുടെ അമ്മ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.ഞാൻ പറഞ്ഞു,”ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ ആളുകളാണ്.”

അവർ മറുപടിയായി ഒന്നും പറഞ്ഞില്ല.ആ മുഖഭാവം വായിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞില്ല.

ജോൺ സെബാസ്റ്റിയൻ  ഞാനൊന്നും അറിഞ്ഞില്ല എന്നഭാവത്തിൽ ഡിസ്പ്ലേ ബോർഡിലെ പരസ്യം കാണുന്നു.

ശ്രുതിയുടെ അമ്മ പിന്നെ അധികസമയം അവിടെ നിന്നില്ല.ഞങ്ങളോട് യാത്രപറഞ്ഞു കാറിൽ കയറി.

ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”നീ ചെയ്തത് അത്ര ശരിയായില്ല.”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“ഞാനെന്തു ചെയ്തു?”

അവൻ മറുപടി ഒന്നും പറഞ്ഞില്ല.എവിടെയോ എൻ്റെ  പെരുമാറ്റത്തിൽ അവർ ആരും ഹാപ്പിയല്ല എന്നത് വാസ്തവമാണ്.

പക്ഷെ ഞാൻ എന്ത് ചെയ്തു?ഒന്ന് ചിരിച്ചത്  അത്ര വലിയ കുറ്റമാണോ ?നമ്മളോട് മാന്യമായി പെരുമാറുന്ന ഒരാളെ ഞാൻ അപമാനിക്കണമോ?

മനസ്സിനുള്ളിലെ വടം  വലി എൻ്റെ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ടോ?ഒരുകൂട്ടം ചോദ്യങ്ങൾ അഞ്ജലിയുടെ സന്ദർശനത്തോടെ മനസ്സിനെ ശല്യപ്പെടുത്താൻ തുടങ്ങിയോ?

അവർ എല്ലാവരും പോയിക്കഴിഞ്ഞിരുന്നു.

“പോകാം.”ഞാൻ പറഞ്ഞു.

ഒന്നും പറയാതെ ജോൺ സെബാസ്റ്റിയൻ കാറിൽ കയറി.അവൻ്റെ  മനസ്സിൽ എന്തോ പുകയുന്നുണ്ട്.

പ്രസാദിനെ കാണാൻ ഹോസ്പിറ്റലിൽ പോകണം.അവന് എന്ത് സംഭവിച്ചു എന്നറിയണം .ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”ഇല്ല.ഞാൻ വരുന്നില്ല.നീ പോയിട്ട് വരൂ.എനിക്ക് ഈ ആഴ്ച എക്സാം ആണ്.സമയം കളയാനില്ല”

ഇവന് എന്ത് സംഭവിച്ചു?

“നിനക്കെന്തുപറ്റി,ജോൺ?”

“എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല.എല്ലാം നിൻ്റെ  മുഖത്ത് എഴുതിവെച്ചിട്ടുണ്ട്.ശ്രുതിയോടും നിന്നോടും എനിക്ക് എന്തോ വല്ലാത്ത ഒരു അടുപ്പം തോന്നിയിരുന്നു.ഇപ്പോൾ എന്തുകൊണ്ടോ അത് വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ”.

എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല,അവൻ്റെ  വാക്കുകൾ.”ജോൺ ………”ഞാൻ അവൻ്റെ കൈകൾ ചേർത്ത് പിടിച്ചു.

അവൻ പറഞ്ഞു,”പോകാം.”

പ്രസാദിൻറെ പരിക്കുകൾ സാരമുള്ളതായിരുന്നില്ല.പോലീസ്‌കാരൻ പറഞ്ഞതുപോലെ ആക്സിടൻറിൽ അവനുണ്ടായ ഷോക്കിൽ  അബോധവസ്ഥയിൽ ആയതായിരുന്നു.അവൻ എഴുനേറ്റ് ഇരുന്നു.

“പറ്റിപ്പോയി,മാത്യു,നീ എന്നോട് ക്ഷമിക്കണം.”അവൻ പറഞ്ഞു.

അവൻ സാധാരണ എന്നെ മത്തായി എന്നാണ് വിളിക്കാറ്,അവൻ്റെ  മാറ്റം എൻ്റെ ശ്രദ്ധയിൽ വന്നു.

“ഞാൻ ഹോട്ടലിലെ എൻ്റെ  ജോലി ഉപേക്ഷിച്ചു”

“ഇനി എന്ത് ചെയ്യാൻ പോകുന്നു.വേറെ ജോലി വല്ലതും?”

“ഞാൻ ഹയർ സ്റ്റഡീസിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.ശരിയായിട്ടുണ്ട്”.

എൻ്റെ  രണ്ടു വര്ഷം സീനിയർ ആയിരുന്നു അവൻ.കെമിസ്ട്രയിൽ മാസ്റ്റർ ബിരുദവും ഉണ്ട്.വീട്ടിലെ ദാരിദ്ര്യവും ജോലികിട്ടാനുള്ള ബുധിമുട്ടുംകൊണ്ട് ഹോട്ടൽ ജോലി ചെയ്തുവരികയായിരുന്നു എന്ന് മാത്രം.

ഞാൻ ചോദിച്ചു,”നീ എവിടെയാണ് ഇനി ഹയർ സ്റ്റഡിക്ക് പോകുന്നത്?”

“എനിക്ക് റിസേർച്ചു  ചെയ്യാനാണ് താല്പര്യം.ന്യൂയോർക്കിൽ ഒരു യൂണിവേഴ്സിറ്റിയിൽ ഫെല്ലോഷിപ്പ് കിട്ടിയിട്ടുണ്ട്.”

എൻ്റെ  മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.സ്റ്റേറ്റ്സ്സിൽ ,ശ്രുതിയും ന്യൂയോർക്കിലാണല്ലോ.ഞങ്ങൾക്കിടയിൽ നിശ്ശബ്ദത താളം കെട്ടി.

“അവളെ കാണാനായിരുന്നു എയർ പോർട്ടിൽ പോയത്.വിധി ഇതായിരുന്നു.”

ഞാൻ ഒന്നും പറഞ്ഞില്ല.”പിന്നെ വരാം ,നീ റസ്റ്റ് എടുക്കൂ.എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ വിളിക്കൂ..” എന്നുപറഞ്ഞു തിരിച്ചുപോന്നു.

അവൻ ഒരു കുട്ട തീയ്യാണ്  എൻ്റെ മനസ്സിലേക്ക് കോരിയിട്ടത്.

അടുത്തദിവസം ഞാൻപോയി ഓഫീസ് തുറന്നു.ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു ഇടക്ക് ശ്രുതിയുടെ കോൾ പ്രതീക്ഷിച്ചിരുന്നു,പക്ഷെ അവൾ വിളിക്കുകയുണ്ടായില്ല.

ഓഫീസിലെ തിരക്കിനിടയിലും എന്താണ് അവൾക്ക് സംഭവിച്ചത് എന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു.

രണ്ട് ദിവസം കഴിഞ്ഞാണ്  ശ്രുതി വിളിച്ചത്.ഞാൻ ഫോൺ എടുത്തപ്പോഴേ അവൾ പറഞ്ഞു,” മാത്തു ,വിളിക്കാൻ താമസിച്ചു,അല്പം സാവകാശം കിട്ടിയിട്ട് വിളിക്കാം എന്ന് വിചാരിച്ചു.ഇവിടെ എല്ലാം പുതിയത് അല്ലെ?”

അവളുടെ ശബ്ദം വല്ലാതെ മാറിയിരിക്കുന്നു.

“ശ്രുതി,എന്തുപറ്റി?ശബ്ദം വല്ലാതെ മാറിയിരിക്കുന്നു.”

“ഹേയ്,ഒന്നുമില്ല..യാത്ര ക്ഷീണം,പിന്നെ കോൾഡ് പിടിച്ചിരിക്കുന്നു.സാരമില്ല”

 യാത്ര,അവിടത്തെ സൗകര്യങ്ങൾ എല്ലാം വിശദമായി അവൾ സംസാരിച്ചു.അവസാനം അവൾ പറഞ്ഞു.”മാത്തു പ്രസാദ് മെസ്സേജ് ചെയ്‌തിരുന്നു ,അവന് റിസേർച്ചിന് ഇവിടെ കിട്ടിയുട്ടുണ്ട്.അടുത്ത മാസം വരുന്നു “,എന്ന്

ഞാൻ ഒന്നും പറഞ്ഞില്ല.എവിടെയും പ്രസാദ് ഉണ്ട്.

“മാത്തു ,നീ എന്താ മിണ്ടാത്തത്?”

എനിക്ക് എന്തുകൊണ്ടോ ഒരു വിരസത അനുഭവപെട്ടു തുടങ്ങി.

ഞാൻ ഓഫീസിലെ തിരക്കിൽ മുഴുകി.

അഞ്ജലി പറഞ്ഞ ദിവസം തന്നെ ഓഫീസിൽ വന്നു.വന്നയുടനെ എന്റെ കാബിനിൽ വന്ന്,ഒരു കസേര വലിച്ചിട്ടു ഇരുന്നു.

ഓഫീസിൽ ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾ വിശദമായി സംസാരിച്ചു.കാര്യങ്ങളെക്കുറിച്ചു അവൾക്ക് നല്ല വിവരമുണ്ടായിരുന്നു.ഇടയ്ക്കു തടിയന്മാർ വന്നു.എന്തോ പറഞ്ഞു അവരെ മടക്കി അയച്ചു.സേട് ജി ഉദ്ദേശ്ശിച്ചതുപോലെ അത്ര നിസ്സാരക്കാരൻ ആയിരുന്നില്ല അയാളുടെ നിർബന്ധത്തിലാണ് അഞ്ജലി ബിസ്സിനസ്സ് മാനേജ്മെൻറ് പഠിച്ചത്.അതുകൊണ്ട് ഇപ്പോൾ കാര്യങ്ങൾ കുറെ എളുപ്പവുമായി.അതുകൊണ്ട് അഞ്ജലിയുടെ കൂടെ ജോലിചെയ്യാൻ അധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല.

എല്ലാ ദിവസവും വൈകുന്നേരം ശ്രുതിവിളിക്കും.ന്യൂയോർക്കിലെ വിശേഷങ്ങൾ വിവരിക്കും.പക്ഷേ എന്തുകൊണ്ട് എന്ന് അറിഞ്ഞുകൂട ഒരുവിരസത ഉണർവില്ലായ്മ എനിക്ക് അനുഭവപ്പെട്ടു.

“ഞങ്ങൾ വിദ്യാർഥികൾ എല്ലാവരുംകൂടി രണ്ടാഴ്‌ച ഒരു ക്രൂസിന് പോകുന്നു.ചിലപ്പോൾവിളിക്കാൻ പറ്റിയെന്ന് വരില്ല.”അവൾ പറഞ്ഞു.

പിന്നെ രണ്ടാഴ്ചത്തേക്ക് എത്ര ശ്രമിച്ചിട്ടും അവളെ കോൺടാക്ട്  ചെയ്യാൻ കഴിഞ്ഞില്ല.അമ്മയെ വിളിച്ചിട്ടു അവർക്കും ഒന്നും അറിഞ്ഞകൂടാ.

(തുടരും)