തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. തലച്ചോര്‍ പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നിയമപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനാവശ്യമായ പരിശോധനകള്‍ നടത്താന്‍ കഴിയില്ല.

കഴിഞ്ഞ ഒരാഴ്ചക്കിടെ ആരോഗ്യ നിലയില്‍ ഒരു പുരോഗനവുമുണ്ടായില്ല. മരുന്നുകളോടു പ്രതികരിക്കുന്നില്ല. തലച്ചോറിലെ രക്തയോട്ടവും നിലച്ചിരിക്കുകയാണ്. വയറിനും, ഹൃദയത്തിനും ശരീരത്തിലെ ഇരുപതിടങ്ങളിലും പരുക്കുണ്ട്. ശരീരത്തിനുള്ളിലെ അസ്ഥികള്‍ക്ക് പൊട്ടലുള്ളതായി കാണുന്നില്ല. എന്നാല്‍ ശ്വാസ കോശത്തിലും വയറിലും എയര്‍ ലീക്കുണ്ടായതായും ഇത് വീഴ്ചയിലോ കഠിനമായ മര്‍ദ്ദനത്തിന്റെ ഫലമോ ആകാമെന്നും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി തലവന്‍ ഡോ. ജി.ശ്രീകുമാര്‍ പറഞ്ഞു

വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അമ്മയും കാമുകനായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി പതിനഞ്ച് മിനിറ്റിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി.

കുട്ടിക്കുണ്ടായ പരുക്കിനെകുറിച്ച് ഇരുവരും വ്യത്യസ്തമായി പറഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി പിആര്‍ഒ പുത്തന്‍കുരിശ് എസ്‌ഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമം വ്യക്തമാകുന്നത്.