ജോൺ കുറിഞ്ഞിരപ്പള്ളി

ഞാൻ ഫോൺ ജോൺ സെബാസ്ററ്യൻ്റെ കയ്യിൽ നിന്നും വാങ്ങി.
“ഹലോ “.എന്റെ ശബ്ദം ശ്രുതി തിരിച്ചറിഞ്ഞു.
“മാത്തു നീയെന്താ വിളിക്കാതിരുന്നത്? നീ വിളിക്കുന്നത് കാത്തിരിക്കുകയായിരുന്നു ഞാൻ ”
ഞാൻ അമ്പരന്നു പോയി .ഇതെന്താണ് ശ്രുതി പറയുന്നത്?അപ്പോഴാണ് ഓർമ്മിച്ചത് ഇതുവരെ ശ്രുതിയെ വിളിച്ചത് ഓഫീസ് ഫോൺ ഉപയോഗിച്ചാണല്ലോ എന്ന്..തടിയൻ്റെ കയ്യിൽ നിന്നും എൻ്റെ ഫോൺ തിരിച്ചുവാങ്ങാൻ മറന്നുപോയിരുന്നു.ആരാണെന്ന് അറിഞ്ഞുകൂടാത്തതുകൊണ്ട് അവൾ കോൾ എടുത്തില്ല.
“അവസാനം മാത്തു നീ വിളിച്ചല്ലോ.സന്തോഷമായി.നാളെ കാലത്തു ഞാൻ പോകും.”
“ശ്രുതി.അതുവേണോ? ഇത്ര തിരക്കു പിടിച്ച് നീ എന്തിനാണ് പോകുന്നത്?ഞാൻ പറയുന്നതു ഒന്നു കേൾക്കു.”
“വേണം മാത്തു.അതാണ് നല്ലത്.ഞാൻ വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ്.വേണ്ട എന്ന് നീ പറയരുത്.ബാംഗ്ലൂർ എനിക്ക് മടുത്തു.”
“ഞാൻ പറയുന്നത് ഒന്ന് കേൾക്കു”
“വേണ്ട മാത്തു,നീ എനിക്ക് ഒരു നല്ല സുഹൃത്താണ്,വലിയ ആശ്വാസമായിരുന്നു നിൻ്റെസൗഹൃദം.നീ വേണ്ടാത്ത കാര്യങ്ങളിൽപോയി തലയിട്ട് അതിൽ നിന്നും പുറത്തു ചാടുന്നത് കാണുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു.എനിക്ക് വല്ലാതെ നിന്നെ ഇഷ്ടമാണ്.നിൻ്റെ സൗഹൃദം കെയറിങ് എല്ലാം ഞാൻ ആസ്വദിച്ചിട്ടേയുള്ളു.പക്ഷെ……………”അവൾ ഒന്ന് നിർത്തിയിട്ടു തുടർന്നു .
“പക്ഷെ… ഞാൻ അതിൽക്കൂടുതൽ ആഗ്രഹിച്ചുപോയി. ഞാൻ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട് നീ ശ്രുതി നിന്നെ എനിക്കിഷ്ടമാണ് എന്നു പറയുന്നത് കേൾക്കാൻ.ഞാൻ ആഗ്രഹിച്ചത് തെറ്റിയോ എന്ന ഒരു സംശയം.നീ ഒന്നും പറയണ്ട.കുറഞ്ഞത് നിൻ്റെ സൗഹൃദം എങ്കിലും എനിക്കുവേണം.എല്ലാം ഞാനറിഞ്ഞു.നിന്നെ ഞാൻ കുറ്റം പറയില്ല.”
“ശ്രുതി,എനിക്ക് പറയാനുള്ളതുകൂടി കേൾക്കു”
” വേണ്ട മാത്തു.എനിക്ക് അത് കേൾക്കാനുള്ള ശക്തിയില്ല.ഇന്നലെ പ്രസാദ് വിളിച്ചിരുന്നു.അവൻ പറഞ്ഞു,നമ്മൾ ഇഷ്ട്ടപെടുന്നവരെയല്ല നമ്മളെ ഇഷ്ട്ടപെടുന്നവരെ വേണം വിവാഹം കഴിക്കാൻ എന്ന്”.
“പ്രസാദ്?”
“അതെ.”
“നീ എന്തു പറഞ്ഞു?”
“ശരിയാണ് എന്നുപറഞ്ഞു. ഗുഡ്ബൈ മാത്തു.അങ്ങ് ചെന്നിട്ടു ഞാൻ വിളിക്കാം.മമ്മയും അങ്കിളും ഇവിടെ എൻ്റെ കൂടെയുണ്ട്.കാലത്തു ഒൻപതരയുടെ ഫ്ലൈറ്റിന് ഞാൻ പോകും. പോകുന്നതിന് മുൻപ് നിന്നെ കണ്ട് യാത്ര പറയണമെന്ന് ആഗ്രഹിച്ചിരുന്നു.കഴിഞ്ഞില്ല.നമ്മൾ ആഗ്രഹിക്കുന്നതെല്ലാം അതുപോലെ നടക്കണം എന്നില്ലല്ലോ.പറ്റുമെങ്കിൽ ഞാൻ കാലത്തു വിളിക്കാം.”
ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ ഫോൺ ഡിസ് കണക്‌ട് ചെയ്തു.ഞാൻ ആകെ തളർന്നു പോയി.എവിടെയോ എന്തോ സംഭവിച്ചിരിക്കുന്നു.ശ്രുതി ഇത്രമാത്രം അപ്സെറ്റാകാൻ എന്താണ് കാരണം?ഇന്ന് ഓഫിസിൽ ഉണ്ടായ പ്രശനങ്ങൾക്ക് ഞാൻ ഒരുതരത്തിലും ഉത്തരവാദിയല്ല.
അവൾ എനിക്ക് എന്താണ് പറയാനുള്ളത് എന്നുകേൾക്കാൻ തയ്യാറായില്ലല്ലോ.എല്ലാം കലങ്ങി മറിഞ്ഞിരിക്കുന്നു.ശരിയാണ്,അവളോട് ഒരിക്കലും നിന്നെ എനിക്ക് ഇഷ്ടമാണ് ,എന്ന് പറഞ്ഞിട്ടില്ല.പക്ഷെ ഇഷ്ടമാണെന്ന് അവൾക്ക് അറിയാമായിരുന്നല്ലോ.
ഒന്നുകൂടി അവളെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ആരോ വിളിക്കുന്നു..
അനുജത്തിയാണ്.പതിവ് ലാത്തിയടി നടത്താനുള്ളവിളിയാണ്.
“ഹലോ…”
“ഇതെന്താ മത്തായി നിൻ്റെ ശബ്ദം പതറിയിരിക്കുന്നത് ?എന്താ ശ്രുതിയുമായി ഒടക്കിയോ”
“ആര്? ശ്രുതി?നീ എങ്ങിനെ അറിഞ്ഞു?”
“മത്തായി എന്നോട് വേണ്ട,ഞാൻ ശ്രുതിയെ അറിയും. നിനക്ക് നന്നായിട്ട് ചേരും.വെറുതെ ഒടക്കാൻ നിൽക്കണ്ട ”
“നീ എങ്ങിനെ ശ്രുതിയെ അറിയും?”
“രണ്ടുവർഷം മുൻപ് ഒരു സ്റ്റഡി ലീവിന് രണ്ടുമാസം ഞാൻ ഹോസ്റ്റലിൽ താമസിച്ചത് ഓർക്കുന്നുണ്ടോ?”
“ഉണ്ട്:”
“ശ്രുതിയും അവിടെയുണ്ടായിരുന്നു.നിനക്ക് ഞാൻ അന്നേ നോക്കി വച്ചതാ അവളെ.വിടണ്ട കേട്ടോ.അന്ന് നിനക്ക് അല്പം ചുറ്റിക്കളിയൊക്കെ ഉണ്ടായിരുന്നതുകൊണ്ട് പറയാതിരുന്നതാ.ഞാൻ അപ്പച്ചനോടും അമ്മച്ചിയോടും എല്ലാം പറഞ്ഞു.എല്ലാവർക്കും സമ്മതമാണ്.ഇനിയുള്ളതെല്ലാം ഞങ്ങൾക്ക് വിട്ടേക്ക് ”
നാലു വയസ്സ് ഇളയതാണ് അവൾ.എന്നാൽ ചിലപ്പോൾ ഒരു ചേച്ചിയെപ്പോലെ പെരുമാറിക്കളയും.എന്നും അവൾ വിളിക്കും.മിക്കവാറും ഒരു വഴക്കിലെ ഞങ്ങളുടെ ഫോൺ വിളി അവസാനിക്കാറുള്ളു.
“മത്തായി,നീ എന്താ മിണ്ടാത്തത്?അവളുമായിട്ടു ഒടക്കിയോ?അല്ല വെറുതെ അല്ല നിന്നെ എല്ലാവരും മത്തായി എന്ന് വിളിക്കുന്നത്”.
ദേഷ്യവും സങ്കടവും കൊണ്ട് ഒന്നും സംസാരിക്കാൻ വയ്യാതായി.
എൻ്റെ മൗനം അവൾക്കു മനസ്സിലായി.
എന്ത് പറയാനാണ്?
“ചേട്ടാ എന്തെങ്കിലും പ്രശനം?”അവൾ അങ്ങിനെയാണ്.എനിക്ക് എന്തെങ്കിലും വിഷമം ഉണ്ടെന്നുതോന്നിയാൽ മത്തായി വിളി നിർത്തി ചേട്ടാ എന്നാകും.
“അവൾ ഹയർ സ്റ്റഡീസിന് സ്റ്റേറ്റ്സിലേക്ക് പോകുന്നു”
“ഒന്ന് പോ ചേട്ടാ,പോകണ്ട എന്നുപറ.അവൾ പോയാൽ ഇനി എന്നാണ് തിരിച്ചു വരിക?”
“അറിയില്ല”
“എൻ്റെ ചേട്ടന് എന്താ പറ്റിയത്?”
അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
പെട്ടന്നാണ് അമ്മച്ചി ടെലിഫോണിൽ വന്നത്.”ഞാനും അപ്പച്ചനും എല്ലാം അറിഞ്ഞു.”
“അമ്മച്ചി…………..”.
“എന്താടാ? എന്തുപറ്റി?നിൻ്റെ ഇഷ്ടത്തിന് ഞങ്ങൾ എന്തിന് എതിര് നിൽക്കണം?”
നഷ്ടപെടലിൻ്റെ വേദന ഇപ്പോഴാണ് തിരിച്ചറിയുന്നത്.അപ്പച്ചനും അമ്മച്ചിയും എല്ലാം അറിഞ്ഞിരിക്കുന്നു.അവരുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടിയാണ് പറയുക?
തോളിൽ ഒരു കര സ്പർശം.ജോൺ സെബാസ്റ്റിയൻ ആണ്.
“വരൂ.”
ഞാൻ നടന്നു പുറത്തേക്ക്.അവിടെ കൂടിയിരുന്നവരെല്ലാം അമ്പരന്നു.സേട് ജിയുടെ മക്കൾ അഞ്ചുപേരും ഓടിവന്നു കൈകൂപ്പി,”പ്ളീസ് ഡോണ്ട് ഗോ”.
ഈ അവസ്ഥയിൽ ഞാൻ കമ്പനി വിട്ടുപോകുമോ എന്നാണ് അവരുടെ ഭയം.ഈ തടിയന്മാരുടെ പെരുമാറ്റം കണ്ടിട്ട് അവരെക്കൊണ്ട് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ കഴിയുമെന്ന് തോന്നുന്നില്ല.
“നിങ്ങളുടെ പണം നഷ്ടപെട്ടിട്ട് ഇല്ല.സേഫിൽ കാണും.ഇതിൽക്കൂടുതൽ എനിക്ക് ഒന്നും പറയാനില്ല.”
അവരെ ശ്രദ്ധിക്കാതെ ജോൺ സെബാസ്റ്റിൻറെ ഒപ്പം പുറത്തേക്ക് നടന്നു.
അവൻ ആദ്യമായി പറഞ്ഞു,”നീ ഒരു മണ്ടൻ മത്തായി തന്നെ”അവൻ ഒരിക്കലും ഇതിനുമുൻപ് എന്നെ മത്തായി എന്ന് വിളിച്ചിട്ടില്ല.
സമയം വൈകുന്നേരം ആറുമണിയായിരിക്കുന്നു.ഒരു വല്ലാത്ത ദിവസം തന്നെ.എൻ്റെ അവസ്ഥ കണ്ടാകണം അവൻ പറഞ്ഞു.”നാളെ കാലത്തു എയർ പോർട്ടിൽ വച്ച് കണ്ടു സംസാരിക്കാം”
വേറെ വഴികൾ ഒന്നുമില്ല.എന്തുകൊണ്ടാണ് അവൾ ഇത്രയും കടും പിടുത്തം പിടിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.കാലത്തു അഞ്ചുമണിക്ക് എയർപോർട്ടിൽ പോകാൻ ടാക്സി അറേഞ്ച് ചെയ്തു.ജോൺ സെബാസ്ത്യനും വരാമെന്ന് സമ്മതിച്ചു.
രാത്രി പലതവണ അവളെ വിളിക്കണമെന്ന് തോന്നി.നാലഞ്ച് തവണ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.
കാലത്തു അഞ്ചുമണിക്ക് റെഡി ആയി .ടാക്സി വന്നു.ജോൺ സെബാസ്റ്റിയന് ഒപ്പം കാറിലേക്ക് കയറുമ്പോൾ ഒരു കാർ ചീറി പാഞ്ഞു വന്ന് മലബാർ ലോഡ്ജിൻ്റെ ഗേറ്റിൽ നിന്നു.പിറകെ രണ്ടാമതൊരു കാറും.സേട് ജിയുടെ മക്കളും ആ പെൺകുട്ടിയും അമ്മയും എല്ലാംകൂടി എട്ടു പത്തു പേർ മലബാർ ലോഡ്ജിലേക്ക് വരുന്നു.
അതുകണ്ട് ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”കുഴഞ്ഞു.ഇവറ്റകൾക്ക് ഒന്നും ഉറക്കവുമില്ലേ?”
എല്ലാവരുംകൂടി എന്തിനുള്ള പുറപ്പാടാണ് എന്ന് മനസ്സിലാകുന്നില്ല.സേട് ജിയുടെ മൂത്ത മകൻ പറഞ്ഞു,”ഞങ്ങൾ എല്ലാകാര്യവും സഹോദരിയുമായി സംസാരിച്ചു.ഞങ്ങൾക്ക് യാതൊരു എതിരഭിപ്രായവും ഇല്ല.”
അയാളുടെ തലമണ്ടക്കിട്ടു ഒന്ന് കൊടുക്കാനാണ് എനിക്ക് തോന്നുന്നത്‌.
ആ പെൺകുട്ടി കാറിൽ നിന്ന് ഇറങ്ങി,എൻ്റെ അടുത്തേക്ക് വന്നു.ഈ പെൺകുട്ടിയെ ഞാൻ പലതവണ കണ്ടിട്ടുണ്ട്.അവൾ രണ്ടു മൂന്ന് തവണ ഓഫീസിൽ വന്നിട്ടുണ്ട്.ഒരു തവണ സേട് ജിയെ അന്വേഷിച്ചു എൻ്റെ ക്യാബിനിലും വന്നിരുന്നു.
അവൾ അടുത്ത് വന്നു.ഞാൻ ശ്രദ്ധിക്കാൻ പോയില്ല.
” ഞാൻ പറഞ്ഞു,”സോറി ഇപ്പോൾ സംസാരിക്കാൻ .എനിക്ക് സമയമില്ല.എയർപോർട്ടിൽ പോകണം.പിന്നെ കാണാം”.
സേട് ജിയുടെ മൂത്ത മകൻ അടുത്തുവന്നു,”നിങ്ങൾ ആ പെൺകുട്ടിയെ കാണാനല്ലേ എയർ പോർട്ടിൽ പോകുന്നത്?ഞങ്ങൾ എല്ലാ വിവരവും അവളോട് പറഞ്ഞു.അവൾ എതിർപ്പൊന്നും പറഞ്ഞിട്ടില്ല.”
അപ്പോൾ അതാണ് കാര്യം.ശ്രുതി ഈ വിഡ്ഢികൾ പറയുന്നത് കേട്ട് അപ്സെറ്റ് ആയിട്ടുണ്ടാകും.
വിഡ്ഢികൾ സ്യൂട്ട് ഇട്ടാൽ എങ്ങിനെയിരിക്കും എന്ന് മനസ്സിലാക്കാൻ ഈ അഞ്ചു തടിയന്മാരെയും നോക്കിയാൽ മതി.
ആ പെൺകുട്ടി വളരെ സുന്ദരിയും, അതുപോലെതന്നെ പെരുമാറ്റത്തിൽ വളരെ പക്വതയുള്ളവളും ആണെന്നുതോന്നുന്നു.
അവൾ പറഞ്ഞു,”നിങ്ങൾ എയർപോർട്ടിൽ പോയി വരൂ.ഇതൊന്നും ഞാനറിഞ്ഞിരുന്നില്ല.അവർക്ക് കാര്യങ്ങൾ മനസ്സിലാകാത്തതിൻ്റെ കുഴപ്പമാണ്.പിന്നെ കാണാം ”
കാർ അല്പദൂരം ഓടിക്കഴിഞ്ഞു ഞാൻ തിരിഞ്ഞുനോക്കി.അവർ എല്ലാവരും അവിടെത്തന്നെ നിൽപ്പുണ്ട്.
ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”ഇത് വട്ടുകേസാണ്.ഇവർക്ക് വേറെ പണിയൊന്നും അറിയില്ലെന്ന് തോന്നുന്നു.ഓരോ അവതാരങ്ങൾ.പക്ഷേ അവർ എന്തെല്ലാം ശ്രുതിയുടെ അടുത്ത് പറഞ്ഞിട്ടുണ്ടന്ന് ആർക്കറിയാം? വെറുതെയല്ല ശ്രുതി ഇത്രയും അപ്സെറ്റ് ആയത് “.
അവൻ പറയുന്നതിൽ കാര്യമുണ്ട്.
പെട്ടന്ന് ഒരു കാർ ഞങ്ങളെ ഓവർ ടേക്ക് ചെയ്‌ത്‌ പാഞ്ഞുപോയി.
ജോൺസെബാസ്ട്യൻ പറഞ്ഞു,”ആ കാർ ഓടിക്കുന്നത് പ്രസാദ് ആണെന്ന് തോന്നുന്നു.അല്ല തോന്നൽ അല്ല.അത് പ്രസാദ് തന്നെ.”.
ശ്രുതി പ്രസാദിൻ്റെ കാര്യം പറഞ്ഞത് ഓർമ്മിച്ചു. അവൻ എന്തിനുള്ള പുറപ്പാട് ആണ്?അവനും എയർ പോർട്ടിലേക്ക് ആണോ പോകുന്നത്?ശ്രുതിയെ കാണുകയാണോ അവൻ്റെ ലക്ഷ്യം?
എൻ്റെ മനസ്സിലേക്ക് ഒരു ചോദ്യം ഉയർന്നു വരുന്നു,എങ്ങിനെയാണ് പ്രസാദ് ഞങ്ങളുടെ എല്ലാ പരിപാടികളും കൃത്യ സമയത്തു് അറിയുന്നത്?ഞാൻ ജോൺ സെബാസ്റ്റിയൻ്റെ മുഖത്തേക്ക് നോക്കി.അവൻ കാറിൻ്റെ വിൻഡോയിൽ കൂടി പുറത്തേക്ക് നോക്കിയിരിക്കുകയാണ്.
“ജോൺ,”ഞാൻ വിളിച്ചു.”എൻ്റെ എല്ലാ നീക്കങ്ങളും കൃത്യമായി പ്രസാദ് അറിയുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.ആരാണ് ഈ വിവരങ്ങൾ അവന് ചോർത്തികൊടുക്കുന്നത്?”
“ഞാനും ആലോചിക്കുന്നത് അത് തന്നെയാണ്.ചിലപ്പോൾ……………..”
“ചിലപ്പോൾ ശ്രുതി തന്നെ ആയിരിക്കുമോ?”
ഞാനൊന്നു ഞെട്ടി.അത് കണ്ട അവൻ പറഞ്ഞു,”ആകണമെന്ന് ഇല്ല.എന്നാലും അവൻ നാണമില്ലാതെ അവളെ വിളിക്കുന്നതുകൊണ്ട് പറഞ്ഞതാണ്.”തിരിച്ചും മറിച്ചും ഞാൻ ഒന്ന് അനലൈസ് ചെയ്തു നോക്കി എല്ലാ സംഭവങ്ങളും.
“പിടികിട്ടി”
“ആരാ,?”അവൻ്റെ ശബ്ദത്തിൽ ആകാംക്ഷയും ഉത്കണ്ഠയും നിറഞ്ഞു നിൽക്കുന്നത് ഞാനറിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

(തുടരും)