ജോൺ കുറിഞ്ഞിരപ്പള്ളി   

 ശ്രുതി ന്യൂയോർക്കിൽ നിന്നും പഠനം മതിയാക്കി  തിരിച്ചു വരുന്നു എന്നാണ് എന്നോട് പറഞ്ഞത്.എങ്കിലും പിന്നീട് വിളിച്ചു വിവരങ്ങൾ വിശദമായി അറിയിക്കുകയുണ്ടായില്ല.മനസ്സ് ആകെക്കൂടി അസ്വസ്ഥമായി.ഞാൻ ശ്രുതിയുടെ അമ്മയെ വിളിച്ചുനോക്കി.അമ്മയോടും പിന്നെ വിളിച്ചു് വിശദമായി വരുന്ന  സമയവും മറ്റുവിവരങ്ങളും അറിയിക്കാം എന്ന് പറഞ്ഞിരുന്നു.എന്നാൽ അങ്ങിനെ പറഞ്ഞതല്ലാതെ വിളിക്കുകയുണ്ടായില്ല.

കാത്തിരിക്കുക,അല്ലാതെ എന്തുചെയ്യാൻ?

ഒരാഴ്ച്ച കഴിഞ്ഞു കാലത്തെ ജോലിത്തിരക്കിനിടയിലാണ് അവൾ വിളിച്ചത്.രണ്ടു ദിവസം കഴിഞ്ഞു കാലത്ത്‌ പത്തുമണിക്ക്  ബാംഗ്ലൂര് എത്തുമെന്നും യാതൊരു കാരണവശാലും എയർ പോർട്ടിൽ വരാതിരിക്കരുതെന്നും പ്രത്യേകം പറഞ്ഞു.എത്ര ജോലിത്തിരക്ക് ഉണ്ടെങ്കിലും വരാതിരിക്കില്ല എന്ന് ഞാൻ അവൾക്ക് ഉറപ്പ് കൊടുത്തു.

പക്ഷേ ആ സംസാരത്തിലെ അപാകത ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.ചിലപ്പോൾ അവൾ പോയ സമയത്തു് തമ്മിൽ കാണാൻ കഴിയാതിരുന്നതിൻ്റെ പരിഭവം ആകാനും സാധ്യതയുണ്ട്.

ഞാൻ അഞ്ജലിയുടെ കാബിനിലേക്ക് ചെന്നു.സാധാരണ ഞാൻ അവളുടെ കാബിനിൽ പോകാറില്ല.എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ അവൾ എൻ്റെ  അടുത്ത് വരികയാണ് പതിവ്.എന്നെ കണ്ടയുടനെ നിറഞ്ഞ ചിരിയുമായി അവൾ വാതിക്കലേക്കു വന്നു.

ഞാൻ  പറഞ്ഞു,”അഞ്ജലിയോട് ഒരു കാര്യം പറയാനുണ്ട്.”

അവളുടെ ചിരി മാഞ്ഞു.”എന്തുപറ്റി?”നിറഞ്ഞ ഉത്കൺഠയോടെ അവൾ ചോദിച്ചു.

“ഒന്നും സഭവിച്ചില്ല.നാളെകഴിഞ്ഞു  കാലത്തു് ശ്രുതി വരുന്നുണ്ട്.അവളെ കാണാൻ എയർപോർട്ടിൽ പോകണം.”

“അതിനെന്താ?ഞാനും വന്നോട്ടെ?”

ആ ചോദ്യം എന്നെ വല്ലാതെ  കുഴക്കികളഞ്ഞു.വേണ്ട എന്ന് എങ്ങിനെ പറയും?ഒരു കണക്കിന് എല്ലാം അവളും അറിയുന്നതിൽ കുഴപ്പമില്ല.അവൾക്ക് ഞാനും ശ്രുതിയുമായി ഉള്ള അടുപ്പത്തെക്കുറിച്ചു അറിയാം.ഞാൻ സമ്മതം മൂളി.

ശ്രുതി വരുന്ന  വിവരം ജോൺ സെബാസ്റ്റിയനെ കൂടി അറിയിക്കണം.അവനെ വിളിച്ചു പറഞ്ഞു.കേട്ടപ്പോഴേ അവൻ പറഞ്ഞു,”മാത്യു വിവരങ്ങൾ എല്ലാം കൂട്ടിവായിക്കുമ്പോൾ എനിക്ക് തോന്നുന്നത് എന്തോ പ്രശനമുണ്ട് എന്നാണ്.അല്ലങ്കിൽ ഇത്ര പെട്ടന്ന് ശ്രുതി തിരിച്ചുവരില്ല”.

എന്തുകൊണ്ടോ ഒരു വല്ലാത്ത ടെൻഷൻ,ഉത്കണ്ഠ.

എയർ പോർട്ടിലേക്ക് അവനും വരാമെന്നു സമ്മതിച്ചു.പിറ്റേ ദിവസം അഞ്ജലിയുടെ മൂത്തസഹോദരൻ ഓഫീസിൽ വന്നു അഞ്ജലിയുമായി എന്തോ സംസാരിച്ചിട്ട് ഉടനെ  തിരിച്ചുപോയി.അഞ്ജലിയുടെ മുഖത്ത് എപ്പോഴും കാണുന്ന ആ ചിരിയില്ല.ഞാൻ അറിയാത്ത എന്തോ ഒന്ന് റാം അവതാർ ആൻഡ് കോ.യിൽ സംഭവിക്കുന്നുണ്ട്,എന്ന് തോന്നുന്നു.

ഒന്നും ചോദിയ്ക്കാൻ പോയില്ല.ചിലപ്പോൾ അവരുടെ വ്യക്തിപരമമായ  എന്തെങ്കിലും കാര്യങ്ങൾ ആയിരിക്കും.

കാലത്തു് ജോൺ സെബാസ്റ്റിയനും ഞാനും ഒരു ടാക്സിയിൽ എയർ പോർട്ടിലേക്കു തിരിച്ചു. എയർ പോർട്ടിൽ വച്ചുകാണാം എന്ന് അഞ്ജലി നേരത്തെ പറഞ്ഞിരുന്നു.

ഒരു മണിക്കൂർ മുൻപേ ഞങ്ങൾ എയർ പോർട്ടിൽ എത്തി.കുറച്ചു കഴിഞ്ഞു ശ്രുതിയുടെ അമ്മയും അങ്കിളും വന്നു.ഫ്ലൈറ്റ് അറൈവൽ സമയത്തു് അഞ്ജലിയും സഹോദരനും എത്തി.എല്ലാവരുടെയും മുഖത്തു് ഉത്ക്കണ്ഠ നിറഞ്ഞു നിൽക്കുന്നു.വരിഞ്ഞു മുറുകിയ മുഖങ്ങളുമായി അപരിചിതരെപ്പോലെ ഞങ്ങൾ പരസ്പരം നോക്കി നിന്നു.

ഫ്ലൈറ്റ് ലാൻഡ് ചെയ്തു.ആളുകൾ എക്സിറ്റ് ഗേറ്റിൽ വന്നുതുടങ്ങി.ഏറെ കാത്തിരുന്നിട്ടും ശ്രുതിയെ മാത്രം കാണാനില്ല.ആളുകൾ ഏതാണ്ട് പുറത്തേക്ക് പോയി കഴിഞ്ഞിട്ടുണ്ടാകണം.അപ്പോൾ അവൾ വന്നു ശ്രുതി.

ഒരു റോൾ സ്റ്റൂളിൽ.

പിറകിൽ പ്രസാദ്.ശ്രുതി തല ഒരു സ്കാർഫ് കൊണ്ട് മറച്ചിരിക്കുന്നു.

എവിടെയൊക്കെയോ എന്തെല്ലാമോ തകർന്നു വീണു.സ്വപ്നങ്ങൾകൊണ്ട് പടുത്തുയർത്തിയ കൊട്ടാരങ്ങൾ തകർന്നുവീഴുന്നത് ഞാൻ അറിഞ്ഞു.

എങ്ങിനെ ശ്രുതിയുടെ അടുത്ത് ചെന്നു  എന്ന് എനിക്കറിഞ്ഞുകൂടാ.

ഒന്നും സംഭവിക്കാത്തതുപോലെ അവൾ ചിരിച്ചു.അവളുടേത് മാത്രമായ ചിരി.

 അമ്മയും അങ്കിളും എന്താണ് സംഭവിച്ചത് എന്ന് അറിയുന്നതിന് മുൻപേ കരയാൻ തുടങ്ങി.അവളുടെ പിന്നിൽ റോൾ സ്റ്റൂളിൽ പിടിച്ചു പ്രസാദ് നിൽക്കുന്നു,വികാരങ്ങളില്ലാത്ത ഒരു പാവപോലെ.

ശ്രുതി വിളിച്ചു,”മാത്തു നീ ഇങ്ങടുത്തുവാ,എന്നെ ഒന്ന് കെട്ടിപിടിക്ക്.”

“ശ്രുതി,എന്താണിതെല്ലാം?നിനക്ക് എന്ത് സംഭവിച്ചു?”

അവൾ പറഞ്ഞു.

“നീ ഓർമ്മിക്കുന്നുണ്ടാകും,പ്രസാദ് കുറെ ഗുണ്ടകളെ നിന്നെ തല്ലാൻ വിട്ടത്?”

“ഉം”

“അതിനടുത്ത ദിവസം എനിക്ക് വല്ലാത്ത തലവേദന അനുഭവപ്പെട്ടു.ഒരു ചെക്ക് അപ്പിന്  ചെന്നതാണ്,ഹോസ്പിറ്റലിൽ.പരിചയമുള്ള ഡോക്ടർ ആയിരുന്നു.ടെൻഷൻ കൊണ്ടായിരിക്കും തലവേദന എന്ന് പറഞ്ഞു.എന്നാലും ഒരു ഉറപ്പിന് ഒന്ന് സ്കാൻ ചെയ്യാം എന്ന് പറഞ്ഞു.ഒന്നുമില്ല തലച്ചോറിൽ ഒരു  ട്യൂമർ.ഒരു നെല്ലിക്കയുടെ അത്രയേ ഉള്ളു.നിന്നെയും അമ്മയെയും അറിയിക്കാതിരിക്കണം എന്ന് പറഞ്ഞപ്പോൾ ഡോക്ടർ ഒരു നിർദേശം വച്ചു.അദ്ദേഹത്തിന്റെ സുഹൃത്ത്‌ ന്യൂയോർക്കിൽ ഉണ്ടെന്നും അവിടെ വേണമെങ്കിൽ ഓപ്പറേഷൻ അറേഞ്ച് ചെയ്യാമെന്നും പറഞ്ഞു.നിങ്ങളെ വിഷമിപ്പിക്കേണ്ടന്ന് വിചാരിച്ചു.അപ്പോൾ മെനഞ്ഞെടുത്ത കഥ ആണ് ഹയർ സ്റ്റഡീസ്.”

അല്പസമയം അവൾ മിണ്ടാതിരുന്നു,

പ്രസാദ് പറഞ്ഞു,”ശ്രുതി നിർത്തൂ.അധികം ഇമോഷണൽ ആകരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ ?”അവൾ സംസാരിക്കാതിരിക്കാൻ  പ്രസാദ് പറഞ്ഞു.

“ബാക്കി ഞാൻ പറയാം.ഞങ്ങൾ തമ്മിൽ തെറ്റിപ്പിരിഞ്ഞെങ്കിലും എനിക്ക് ശ്രുതിയെ എന്തുകൊണ്ടോ മറക്കാൻ കഴിഞ്ഞില്ല.കുറ്റബോധത്തോടൊപ്പം കാണിക്കുന്നതെല്ലാം മണ്ടത്തരങ്ങൾ ആയിപ്പോയി.എല്ലാം പറഞ്ഞു അവസാനിപ്പിച്ചു ബാംഗ്ലൂർ വിടാൻ ഞാൻ തീരുമാനിച്ചു. അങ്ങിനെ ഞാൻ അവളെ വിളിച്ചു, അവൾ ദേഷ്യപ്പെട്ടു പറഞ്ഞു.”ഇനി നീ അധികനാൾ എന്നെ വിളിക്കേണ്ടി വരില്ല”, എന്ന്.ദേഷ്യപ്പെട്ട് ശ്രുതി തന്നെയാണ് എല്ലാം പറഞ്ഞത്.ന്യൂയോർക്കിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ ഞാൻ മാത്യു നെ കാണാൻ റാം അവതാർ  ആൻഡ് കോ.യിൽ വന്നിരുന്നു.മാത്യു പുറത്തുപോയിരിക്കുകയായിരുന്നു.വിവരങ്ങൾ പറഞ്ഞപ്പോൾ അഞ്ജലി എനിക്ക് ന്യൂയോർക്കിൽ പോകാനുള്ള ചിലവുകൾ വഹിക്കാമെന്നും മാത്യു നെ തല്കാലം വിവരം അറിയിച്ചു വിഷമിപ്പിക്കരുതെന്നും പറഞ്ഞു.ദിവസവും ഞാൻ അഞ്ജലിയെ വിളിച്ച വിവരങ്ങൾ അറിയിച്ചു കൊണ്ടാണിരുന്നത്.”

അപ്പോൾ അതായിരുന്നു ശ്രുതിയുടെ സഹോദരൻ ഇടക്കിടെ  വന്ന് അവളോട് എന്തോ പറഞ്ഞിട്ട് പോകുന്നതിന്റെ പിന്നിലുള്ള രഹസ്യം.

 

“കഴിഞ്ഞ മൂന്നുമാസം ഒരു കൊച്ചുകുഞ്ഞിനെ എന്നപോലെ എന്നെ നോക്കുകയായിരുന്നു പ്രസാദ്.”

ഒരു വർഷം എങ്കിലും വേണ്ടി വരും നോർമൽ ആകാൻ എന്ന് വേണം കരുതാൻ.

“ഇന്ന് എൻ്റെ എല്ലാം പ്രസാദ് ആണ്.മാത്തു നീ….”അവൾ പൂർത്തിയാക്കിയില്ല.

എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.ചുണ്ടുകൾ കടിച്ചുപിടിച്ചു  ഞാൻ കരച്ചിൽ അമർത്താൻ കഷ്ടപെട്ടു. എ ൻ്റെ അടുത്തുനിന്ന് പൊട്ടിക്കരയുന്നു ജോൺ സെബാസ്റ്റിയൻ. ശ്രുതി കണ്ണ് നീര് തുടച്ചു,അവൾ വിളിച്ചു.”ജോൺ,നീ ഒന്ന് എൻ്റെ അടുത്തുവാ.”

അവൻ അവളുടെ അടുത്ത് ചെന്നു.അവൻ്റെ കയ്യിൽ മുറുകെ പിടിച്ചു.അവൾ ചോദിച്ചു,”നിന്നെ ഞാൻ ചേട്ടാ എന്ന് വിളിച്ചോട്ടെ?”

പ്രസാദ് പറഞ്ഞു, “ദീർഘമായ യാത്രയായിരുന്നല്ലോ.ശ്രുതി വല്ലാതെ ടയേർഡ് ആണ്”.

പതുക്കെ റോൾ സ്റ്റൂൾ തള്ളിക്കൊണ്ട് അവൻ  മുൻപോട്ടു നടന്നു.

എല്ലാം കണ്ടുകൊണ്ട് അഞ്ജലി നിൽക്കുന്നുണ്ടായിരുന്നു.ശ്രുതി അഞ്ജലിയെ കൈകാട്ടി വിളിച്ചു.ശ്രുതി അവളുടെ കയ്യിൽ മുറുകെ പിടിച്ചു,പതുക്കെ പറഞ്ഞു,”നീ ഒരു സുന്ദരിക്കുട്ടി തന്നെ.”

“മാത്തു നീ കൂടി സഹായിക്കണം കാറിൽ കയറാൻ.പാവം പ്രസാദ് എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നു.നീ അല്പനേരം എൻ്റെ റോൾ സ്റ്റൂൾ ഒന്ന് തള്ളിക്കേ.”

ടെൻഷൻ കുറയ്ക്കാൻ അവൾ പറയുന്നതാണ് എല്ലാമെന്ന് എല്ലാവർക്കും അറിയാമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിവസവും ശ്രുതിയെ  കാണാൻ ഞാൻപോകും.പ്രസാദും അമ്മയും അവളെ മാറിമാറി നോക്കി ,പരിചരിച്ചു.

പ്രസാദിൻ്റെ മനസ്സ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.

ശ്രുതി സാവകാശം നോർമൽ ജീവിതത്തിലേക്ക് മടങ്ങി വരുന്നു എന്ന് തോന്നുന്നു.

പ്രശ്നങ്ങളില്ലാതെ രണ്ട് ആഴ്ച കടന്നു പോയി.

ഒരു ദിവസം രാത്രി രണ്ടുമണിക്ക് പ്രസാദ് വിളിച്ചു.” മാത്യു ശ്രുതി തലകറങ്ങി വീണു ഹോസ്പിറ്റലിലാണ് അല്പം സീരിയസ് ആണെന്ന് തോന്നുന്നു.”

 ഞാൻ ഞെട്ടിപ്പോയി. പ്രസാദ് പറഞ്ഞു,” നീ ഇങ്ങോട്ട് തൽക്കാലം വരേണ്ട. ആരെയും അകത്തേക്ക് വിടുന്നില്ല ” ഞാൻ കാത്തിരുന്നു. കുറച്ചുകഴിഞ്ഞ് അവൻറെ ഫോൺ വന്നു ” അൽപം സീരിയസാണ് ആണ്.”

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി.

“എന്തെങ്കിലും പുതിയ വിവരം ഉണ്ടെങ്കിൽ അറിയിക്കാം”. എന്നു പറഞ്ഞു പ്രസാദ്.

അവൻ കരയുകയായിരുന്നു. എന്ത് ചെയ്യാനാണ്?

അടുത്ത ദിവസം ഞാൻ  ഓഫീസിൽ പോയി. പത്തു മണിയായപ്പോൾ പ്രസാദിൻ്റെ കോൾ വന്നു. എനിക്ക് ഫോൺ എടുക്കാൻ കഴിയുന്നില്ല. എന്തോ ഒരു ഒരു ദുസൂചനപോലെ.

ടെലിഫോണിൽ നോക്കി  ഞാൻ അനങ്ങാതിരുന്നു.

അത് കണ്ടു കൊണ്ടാണ് അഞ്ജലി റൂമിലേക്ക് വന്നത്. അവൾ പറഞ്ഞു,” എന്താണെങ്കിലും മാത്യു ഫോൺ എടുക്ക്”.

കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.എനിക്ക് അത് കേൾക്കാൻ കഴിയില്ല.ഞാൻ അനങ്ങാതെ അതേ ഇരിപ്പ് തുടർന്നു.

അഞ്ജലി ടെലിഫോൺ എടുത്തു.ഒരു നിമിഷം അവൾ ,എന്നെ നോക്കി.

എനിക്ക് മനസ്സിലായി .

അവൾ പോയി.

ഉള്ളിൽ എവിടെയോ ഒരു നീരുറവ പൊട്ടി ഒഴുകുന്നു.

ഒഴുകിവരുന്ന കണ്ണീർ തുള്ളികളെ എനിക്ക് തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല.

ഒരു പ്രവാഹമായി അതിൽ ഞാൻ ഒഴുകി നടന്നു.

ഒരു മിന്നൽപിണർ പോലെ ഒരുപാട് വെളിച്ചം നൽകി ഹ്രസ്വമായ ആയുസ്സുമായി,സ്നേഹിക്കുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി അവൾ പോയി.

ഒരുപാട് പൂക്കൾ വാരിപുണർന്ന് തനിക്ക് ഏറ്റവും ഇഷ്ടമായിരുന്ന റോസാപ്പൂക്കൾ കവിളിൽ ചേർത്തുവച്ചു് യാത്രയൊന്നും പറയാതെ ഒരു യാത്ര.

 

നഗരത്തിൻ്റെ വെന്ത് ഉരുകി ഒലിക്കുന്ന ചൂടിൽ ഒരു മഴയ്ക്കായി കാത്തിരിക്കുമ്പോൾ ജനൽ ചില്ലുകളിൽ മഴത്തുള്ളികൾ വീഴുന്നു.

പുറത്തേക്ക് നോക്കി ഞാൻ ഇരുന്നു.

അഞ്ജലി അടുത്ത് വന്നു.

അവൾ പറഞ്ഞു.” വരൂ പോകാം”.

” എവിടേക്ക്?” ഞാൻ ചോദിച്ചു.

അവൾ പറഞ്ഞു,” കഷ്ടം തന്നെ.ഇപ്പോൾ പറയുന്നില്ല. എൻറെ കൂടെ വരു.”

ഞാൻ കാറിനടുത്തേക്ക് നടക്കുമ്പോൾ അവൾ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു എനിക്കൊന്നും മനസ്സിലായില്ല.

കാർ  സെമിത്തേരിക്ക്  മുമ്പിലുള്ള ഗേറ്റിൽ നിന്നു.

ഞാൻ ഓർമ്മിച്ചു, ശ്രുതി ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം ആകുന്നു.

കഷ്ടം ഞാൻ ഓർമ്മിച്ചില്ല. അഞ്ജലി ഒന്നും പറയാതെ പിൻസീറ്റിൽ വച്ചിരുന്ന റോസാപ്പൂക്കൾ കയ്യിൽ എടുത്തു.

കല്ലറയുടെ അടുത്തേക്ക്  അവൾ നടന്നു.

അവിടെ,ശ്രുതിയുടെ കല്ലറ ഭംഗിയായി  അലങ്കരിച്ചു് നിറയെ പൂക്കൾ നിരത്തി പ്രസാദും അമ്മയും നിൽക്കുന്നുണ്ടായിരുന്നു.

ആരെയും ശ്രദ്ധിക്കാതെ അഞ്ജലി കൊണ്ടുവന്ന പൂക്കൾ കല്ലറയിൽ വച്ചു.

ശ്രുതി ഡേവിഡ് ,ജനനം………….“

കല്ലറയിൽ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നത് നോക്കി ഞാൻ നിന്നു.

ശ്രുതിയുടെ ‘അമ്മ അഞ്ജലിയെ  നോക്കികൊണ്ട് ചലനമില്ലാതെ അവിടെ നിൽക്കുകയായിരുന്നു.

അൽപ്പം കഴിഞ്ഞു അവർ അടുത്തുവന്നു.അവളുടെ കയ്യിൽ പിടിച്ചു,”നിന്നെ ഞാൻ മോളെ എന്നു വിളിച്ചോട്ടെ?”

അഞ്ജലി ഒരു കൊച്ചുകുട്ടിയെപ്പോലെ വാവിട്ടുകരയുന്നു.

പ്രസാദ് പറഞ്ഞു,” ഞാൻ ബാംഗ്ലൂർ വിടുകയാണ്.ഗുഡ് ബൈ മാത്യു.”

അവൻ എന്നെ മത്തായി എന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.

 

(കഥ അവസാനിക്കുന്നു.)

ജോൺ കുറിഞ്ഞിരപ്പള്ളി