സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കോവിഡ് ചികിത്സയില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നത് മൂലം പ്രതിരോധശേഷി കുറയുന്നതിനാല്‍ ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രമേഹരോഗികള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മ്യൂക്കോര്‍മൈകോസിസ് എന്ന ബ്ലാക്ക് ഫംഗസിനെ തടയാനായി വ്യക്തി ശുചിത്വം പാലിക്കണം എന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. പ്രമേഹമുള്ള വ്യക്തികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക.

പല്ലുകള്‍ക്ക് പഴുപ്പ്, വായ്പുണ്ണ് എന്നിവ പെട്ടെന്നു തന്നെ ചികിത്സിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ഓക്‌സിജന്‍ ഹ്യുമിഡിഫയര്‍ ദിവസവും വൃത്തിയാക്കുക, ഹ്യുമിഡിഫയറില്‍ ശുദ്ധമായ വെള്ളം ഉപയോഗിക്കുക, രോഗികള്‍ മാസ്‌ക് ധരിക്കുക എന്നിവ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം.

മ്യൂക്കോര്‍മൈകോസിസ് ഒരു ഫംഗല്‍ അണുബാധ ആയതിനാല്‍ ഇതിന് ആന്റി ഫംഗല്‍ മരുന്നുകള്‍ പ്രധാനമായും ആംഫോടെറിസിന്‍-ബി എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് പടര്‍ന്നാല്‍ അണുബാധ വന്ന കണ്ണ് ഓപ്പറേഷന്‍ ചെയ്ത് മാറ്റേണ്ടി വരും.