ഒരിക്കല്‍ താരപ്രഭയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നിന്നയാളാണ് മനീഷ കൊയിരാള. പക്ഷെ കാന്‍സര്‍ എന്ന അസുഖം ബാധിച്ചതോടെ ജീവിതത്തിനും മരണത്തിനുമുടയിലുള്ള പോരാട്ടത്തിലേക്ക് അവര്‍ പെട്ടെന്ന് എടുത്തെറിയപ്പെട്ടു. അപ്പോള്‍ ചുറ്റും തിളങ്ങുന്ന വെളിച്ചങ്ങളും ചിരിക്കുന്ന സുഹൃത്തുക്കളും ആര്‍പ്പുവിളിക്കുന്ന ആരാധകരും ഉണ്ടായിരുന്നില്ല. ഒരു നിര്‍മ്മാതാവും അവരുടെ ഡേറ്റിന് വേണ്ടി വീടിന് വെളിയില്‍ ക്യൂ നിന്നില്ല. പക്ഷെ, നിലനില്‍പ്പിന് വേണ്ടിയുള്ള ആ പോരാട്ടത്തില്‍ സ്വന്തം ഇച്ഛാശക്തികൊണ്ട് അവര്‍ വിജയം നേടി. ഇപ്പോള്‍ വീണ്ടും ബോളിവുഡില്‍ പിച്ചവെക്കുകയാണ് ഒരുകാലത്ത് ആരാധകര്‍ ഒന്നു കാണുന്നതിന് വേണ്ടി മാത്രം കാത്തുനിന്നിരുന്ന ഈ താരം.
ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആണ് മനീഷ തന്റെ ജീവിതത്തെ കുറിച്ചു പറഞ്ഞത്. ഇത്തരം ഘട്ടങ്ങളില്‍ ഒറ്റപ്പെടുക സ്വാഭാവികമാണെന്ന് രോഗകാലത്തെ സുഹൃത്തുക്കളുടെ അസാന്നിധ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അവര്‍ പറഞ്ഞു. ഇത് ബോളിവുഡിലെ മാത്രം കാര്യമല്ല. ലോകത്തില്‍ എല്ലായിടത്തുമുള്ള യാഥാര്‍ത്ഥ്യമാണ്. ഉയരങ്ങളിലേക്ക് പോകുമ്പോഴും നാം താഴ്ചയിലേക്ക് തന്നെ വരേണ്ടതുണ്ട് എന്ന ലോകസത്യം തിരിച്ചറിഞ്ഞതിനാല്‍ ഇപ്പോള്‍ ഒന്നും വ്യക്തിപരമായി എടുക്കാറില്ലെന്ന് മനീഷ പറയുന്നു.
എന്ത് സംഭവിച്ചാലും പക്വതയോടെ നേരിടണം എന്നതാണ് ഇക്കാലത്ത് പഠിച്ച വലിയ പാഠം. പക്ഷെ രോഗബാധയുടെ സമയത്ത് താന്‍ ഇത്രയും പക്വത കൈവരിച്ചിരുന്നില്ലെന്നും അതിനാല്‍ തന്നെ ദുഃഖിതയായിരുന്നുവെന്നും അവര്‍ പറഞ്ഞു .എല്ലാവരും ഒരു ദിവസം മരിക്കേണ്ടവരാണ്. പ്രശസ്തി കുറച്ച് കാലം കഴിയുമ്പോള്‍ നഷ്ടപ്പെടും. ആളുകള്‍ക്ക് നിങ്ങളിലുള്ള താല്‍പര്യം കുറയും. ആ പ്രശസ്തി എന്നും നിലനില്‍ക്കും എന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമാണ്. ജോലിയോട് ആത്മാര്‍പ്പണവും പുലര്‍ത്തുക മാത്രമാണ് ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്.
ജീവന്‍ നഷ്ടപ്പെടും എന്ന അവസ്ഥയുമായി താരതമ്യം ചെയ്യാവുന്ന മറ്റൊരു അനുഭവവുമില്ലെന്നും മരണം നിങ്ങളുടെ മുന്നിലുണ്ടെന്ന തിരിച്ചറിവ് വല്ലാത്ത ഒരു വികാരമാണെന്നും അവര്‍ പറയുന്നു. മോശം സമയങ്ങള്‍ ചിലപ്പോള്‍ നമ്മെ തകര്‍ത്തുകളയും. എന്നാല്‍ മോശം കാലങ്ങള്‍ നമ്മെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കും. ചില കാര്യങ്ങള്‍ നേടുന്നതിന് ചിലതു നഷ്ടപ്പെടുത്തേണ്ടി വരും. ആരൊക്കെയാണ് എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളെന്ന് ഈ കാലഘട്ടത്തിലാണ് തനിക്ക് വ്യക്തമായത്. ചില പാഠങ്ങള്‍ കൈപ്പേറിയതാണ്. പക്ഷെ അവ പിന്നീടൊരിക്കലും മറക്കില്ല. അതുകൊണ്ട് അത്തരം പാഠങ്ങളെ നിധികള്‍ എന്ന് വിളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മനീഷ പറഞ്ഞു. സഞ്ജയ് ദത്തിന്റെ ആത്മകഥാപരമായ ചിത്രത്തില്‍ നര്‍ഗ്ഗീസ് ദത്തിന്റെ വേഷം ചെയ്തുകൊണ്ടിരിക്കുകയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയ മനീഷ കൊയിരാള.
Leave a Reply