മുഴുവൻ പത്രപ്രവർത്തകർക്കെതിരെ അടച്ചു അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ നീലഗിരി കോടതി എട്ട് തമിഴ് അഭിനേതാക്കൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നടൻമാരായ സൂര്യ, ശരത്കുമാർ, സത്യരാജ്, വിജയകുമാർ, അരുൺ വിജയ്, വിവേക്, ചേരൻ, ശ്രീപ്രിയ എന്നിവർക്കെതിരെയാണു ജുഡീഷൽ മജിസ്ട്രേട്ട് സെന്തിൽകുമാർ രാജവേൽ അറസ്റ്റ് വാറണ്ടു പുറപ്പെടുവിച്ചത്. 2009ലാണ് സ്വതന്ത്ര പത്രപ്രവർത്തകനായ എം. റോസാരിയോ ഇവർക്കെതിരെ കേസ് ഫയൽ ചെയ്തത്. 2009ൽ ഭുവനേശ്വരി എന്ന നടിയെ പെൺവാണിഭ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

Image result for arrest-warrant-to- TAMIL actors

പെൺവാണിഭ സംഘങ്ങൾക്കു പിന്നിൽ പ്രമുഖരായ പല അഭിനേതാക്കളുമുണ്ടെന്ന റിപ്പോർട്ട് ഒരു തമിഴ് പത്രം അഭിനേതാക്കളുടെ പേരുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് ചെയ്തു. തുടർന്ന്, വാർത്ത അടിസ്ഥാനരഹിതമാണെന്നാരോപിച്ചു നടികർ സംഘം രജനീകാന്ത് ഉൾപ്പെടെയുള്ള പ്രമുഖരെ അണിനിരത്തി പ്രതിഷേധിച്ചു. സൂര്യ, ശരത്കുമാർ തുടങ്ങി മിക്ക അഭിനേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. നടികർ സംഘത്തിന്റെ അന്നത്തെ പ്രസി‍ഡന്റ് ശരത്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്രത്തിന്റെ എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. വാർത്ത പ്രസിദ്ധീകരിച്ച പത്രം മാപ്പു പറഞ്ഞു മേൽനടപടികളിൽ നിന്ന് ഒഴിവായി.

പ്രതിഷേധ വേദിയിൽ അഭിനേതാക്കൾ വാർത്ത പ്രസിദ്ധീകരിച്ച പത്രത്തെ കുറ്റപ്പെടുത്താതെ മുഴുവൻ പത്രപ്രവർത്തകരെയുമാണ് ആക്ഷേപിച്ചതെന്നു ഹർജിക്കാരൻ നീലഗിരി കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻമാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം 2011 ഡിസംബർ 19നു ഹൈക്കോടതി തള്ളി. കേസ് 15നു പരിഗണിച്ച നീലഗിരി കോടതി ഹാജരാകുവാൻ ആവശ്യപ്പെട്ടു പ്രതികൾക്കു സമൻസ് നൽകിയിരുന്നു. എന്നാൽ ആരും കോടതയിൽ എത്തിയില്ല. ഇതേത്തുടർന്നാണു കോടതി ജാമ്യമില്ലാ വാറണ്ടു പുറപ്പെടുവിച്ചത്. ജൂൺ 17നു കേസ് വീണ്ടും പരിഗണിക്കും.