ഹിന്ദി സിനിമയില്‍ മാത്രമല്ല ഇംഗ്ലീഷ് സിനിമകളില്‍ പോലും നിറസാന്നിധ്യം ആണ് ഇന്ന് പ്രിയങ്ക ചോപ്ര. എന്നാല്‍ ആദ്യകാലത്ത് താന്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചു ഈയിടെ താരം പറയുകയുണ്ടായി.

അതിങ്ങനെ : ഞാന്‍ ലോകസുന്ദരി പട്ടം നേടി സിനിമാ ലോകത്ത് എത്തിയതാണ്. തുടക്കത്തില്‍ എന്റെ മനസ്സിനെ വേദനിപ്പിച്ച ഒട്ടേറെ അനുഭവങ്ങളെ എനിക്ക് നേരിടേണ്ടതായി വന്നു. മിക്കതും വിവരം കെട്ട സംവിധായകരില്‍ നിന്നായിരുന്നു. ഇവരെയൊക്കെ ഞാന്‍ അടച്ച് ആക്ഷേപിക്കുന്നതായി കുരുതരുത് . ഒരു പടത്തില്‍ ഞാന്‍ കരാര്‍ ചെയ്യപ്പെട്ടു. ചിത്രീകരണം തുടങ്ങി രണ്ടുദിവസം ഞാന്‍ അഭിനയിച്ചു. മൂന്നാംനാള്‍ സംവിധായകന്‍ പറഞ്ഞു ‘ഇങ്ങനെ മൂടിപ്പൊതിഞ്ഞ് ഡ്രസ്ധരിച്ചാല്‍ പ്രേക്ഷകര്‍ നിന്നെ ശ്രദ്ധിക്കില്ല. കുറെ ഗ്ലാമറൊക്കെ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പടം പെട്ടിയില്‍ ഒതുങ്ങും. ഒടുവില്‍ പ്രിയങ്കയും വീട്ടിലിരിക്കേണ്ടതായി വരും.’ ഞാന്‍ പ്രതകരിച്ചില്ല. നാലാം ദിവസം എത്തിയപ്പോള്‍ അയാളൊരു ഡ്രസ് എന്നെ കാണിച്ചുകൊണ്ടു പറഞ്ഞു: ‘ഇന്നത്തെ സീനില്‍ ധരിക്കേണ്ട ഡ്രസാണിത്.’ഞാനത് വാങ്ങി നോക്കി.

അതിലോലമായ ഒരു മിനിസ്‌കര്‍ട്ട്. അതു ധരിച്ചാല്‍ എന്റെ അടിവസ്ത്രം വ്യക്തമായി കാണാമായിരുന്നു. എനിക്ക് സങ്കടം പൊട്ടിപ്പോയി. അടുത്തക്ഷണം കാറില്‍ കയറി ഞാന്‍ വീട്ടിലേക്കു പോയി. ‘നിന്റെ പടം എനിക്കു വേണ്ടടാ’ എന്നു മനസ്സില്‍ വിചാരിച്ചു. ഞാനപ്പോള്‍  വളരെ ബുദ്ധിമുട്ടിലായിരുന്നു. എങ്കിലും പരിചയക്കാരില്‍നിന്നൊക്കെ വായ്പ വാങ്ങി അഡ്വാന്‍സ് തുക ഞാനയാള്‍ക്ക് കൊടുക്കുകയാണ് ചെയ്തത്. അതിനുശേഷം ഞാന്‍ ബോളിവുഡ്ഡിലെ നമ്പര്‍വണ്‍ നായികമാരില്‍ ഒരാളായിത്തീര്‍ന്നപ്പോള്‍ ഇതേ സംവിധായകന്‍ എന്റെ മുന്പിലെത്തി അഭിനയിക്കാനായി അഭ്യര്‍ത്ഥിക്കുകയുണ്ടായി എന്നും പ്രിയങ്ക ഓര്‍ക്കുന്നു.

സിനിമയില്‍ വരുന്ന പെണ്‍കുട്ടികള്‍ എന്തിനും തയാറായിരിക്കണമെന്ന അഭിപ്രായം വിഡ്ഢിത്തമാണ്. ഈ മേഖലയില്‍ തങ്ങളുടെ അഭിനയം വെളിപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് വരിക. അവരെ തെറ്റായ കണ്ണുകള്‍കൊണ്ടു കാണുന്നത് ശരിയല്ല. ചില പടങ്ങളില്‍ കഥയ്ക്ക് ഗ്ലാമര്‍ അനുയോജ്യമായി വന്നാല്‍  അതില്‍ അഭിനയിക്കാന്‍ ഞാന്‍ സന്നദ്ധയാണ്.

അമേരിക്കയില്‍ വര്‍ണവിവേചനം മൂലം എന്തെല്ലാം അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ ബാല്യത്തില്‍ ഇതൊക്കെ നേരിട്ടവളാണ്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ അമേരിക്കയിലെ ലോവാ ഭാഗത്ത് താമസിക്കുന്ന എന്റെ ചിറ്റമ്മയുടെ  വീട്ടിലേക്ക് അച്ഛനും അമ്മയും എന്നെ വിദ്യാഭ്യാസത്തിനായി അയച്ചു. അവിടെ ഞാന്‍ മൂന്നുവര്‍ഷം താമസിച്ചു. അപ്പോഴെന്നെ അമേരിക്കക്കാര്‍ അവഹേളിച്ചുകൊണ്ടു പറഞ്ഞു. ‘നീ എന്തിന് ഇവിടെ വന്നു? നീ നാട്ടിലേക്ക് പൊയ്‌ക്കൊള്ളൂ’ എന്നവര്‍ എന്നെ ഭീഷണിപ്പെടുത്തുകയുണ്ടായി. എന്റെ കാല്‍മുട്ടിന് താഴെയായി രണ്ടു വടുക്കള്‍ ഉണ്ടായിരുന്നു. ഇത് ജന്മസിദ്ധമായിരുന്നു. സ്‌കൂള്‍ യൂണിഫോം ഇടുമ്പോള്‍  ഈ വടുക്കള്‍ വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു. ഇതു കണ്ട് വെള്ളക്കാരായ സഹപാഠികള്‍ എന്നെ ക്രൂരമായ വിധം പരിഹസിക്കുമായിരുന്നു. ഞാന്‍ പൊട്ടിക്കരയാത്ത ദിനങ്ങളില്ല. ഇന്നും ഞാനത് മറന്നിട്ടില്ല. ഇന്ന് അവര്‍ പരിഹസിച്ച എന്റെ കാലുകള്‍ മാത്രം പതിനൊന്ന് ഉത്പാദന വസ്തുക്കളുടെ പരസ്യമോഡലാണ്. ഇതിന്റെയൊക്കെ പ്രചാരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത് എന്റെ കാലുകളാണ് എന്നും പ്രിയങ്ക പറയുന്നു.