ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്നു പറഞ്ഞ് നിയുക്ത പാലാ എംഎൽഎ മാണി സി. കാപ്പൻ 3.5 കോടി തട്ടിയെടുത്തെന്ന് മലയാളി വ്യവസായി ദിനേശ് മേനോൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായോ മകനുമായോ യാതൊരു പണമിടപാടുമില്ലെന്നും ദിനേശ് മേനോൻ മാധ്യമങ്ങളെ അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരിക്കായി മലയാളി വ്യവസായി ദിനേശ് മേനോൻ കോടിയേരി ബാലകൃഷ്ണനു പണം നൽകിയെന്ന ഷിബു ബേബി ജോണിന്റെ ആരോപണത്തെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരിക്കായി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ കണ്ടിരുന്നതായി ദിനേശ് മേനോൻ വ്യക്തമാക്കി. മാണി സി. കാപ്പനാണ് അദ്ദേഹത്തിന്റെ വസതിയിൽ കൊണ്ടുപോയത്. 16 ശതമാനം ഓഹരി നൽകാമെന്നായിരുന്നു വാഗ്ദാനം. 225 കോടി രൂപയായിരുന്നു ഓഹരി വില. കണ്ണൂർ വിമാനത്താവളത്തിന്റെ യോഗത്തിനായി തിരുവനന്തപുരത്ത് പോവുകയും ചെയ്തിരുന്നു. കോടിയേരിയെ അന്നു കണ്ടതിനു ശേഷം പിന്നീട് കണ്ടിട്ടില്ല. കാപ്പന്റെ മൊഴിയെ കുറിച്ച് കാപ്പനോടു ചോദിക്കണമെന്നും അദ്ദേഹം മറുപടി നൽകി.
വിമാനത്താവളത്തിൽ ഓഹരി നൽകാമെന്നു പറഞ്ഞ് മാണി സി. കാപ്പൻ പണം വാങ്ങി ചതിച്ചതിനു താനാണ് സിബിഐയിൽ പരാതി നൽകിയത്. തന്ന ചെക്കുകളെല്ലാം മടങ്ങി. ബാങ്കിൽ 75 ലക്ഷത്തോളം രൂപയ്ക്ക് പണയം വച്ച കുമരകത്തെ സ്ഥലമാണ് തനിക്കു തരാമെന്നാണ് പിന്നീട് പറഞ്ഞത്. പണം തിരിച്ചു കിട്ടാനായി താൻ എൻസിപി നേതാക്കളുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
Leave a Reply