ജോൺ കുറിഞ്ഞിരപ്പള്ളി

വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ എന്നും പുതുമകളുടെ അവതാരകരായി മാറിയ സ്വിറ്റസർലണ്ടിലെ ചങ്ങാതിക്കൂട്ടത്തിന്റെ മറ്റൊരു സംരംഭമാണ് മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന പുസ്തകം.

പേര് സൂചിപ്പിക്കുന്നതുപോലെ ഓർമ്മകളുടെ ഒരു പുസ്തകമാണ് ഇത്. തിരിച്ചറിയപ്പെടാൻകഴിയാതെപോയ കഴിഞ്ഞകാലങ്ങളുടെ ദുഖങ്ങളുടെ കഥകൾ മാത്രമല്ല ഇത്. ആഹ്ളാദങ്ങളുടേയും ആരവങ്ങളുടേയും ഓർമ്മകൾ കൂടിയാണ്. പ്രസിദ്ധീകരിക്കപ്പെടുന്ന ഓരോ പുസ്തകത്തിന്റെ പിന്നിലും ഒരു ദീർഘമായ ചരിത്രമുണ്ട്, ഏകാഗ്രതയുടെ ഐക്യത്തിന്റെ അച്ചടക്കത്തിന്റെ സ്വപ്നങ്ങളുടെ ചരിത്രങ്ങൾ .  അവയ്ക്കു പിന്നിലെ വേദനയും യാതനയും അനുഭവിച്ചറിയണം .ചങ്ങാതിക്കൂട്ടത്തിലെ പത്തുപേർ ചേർന്ന് എഴുതുന്ന ഈ പുസ്തകത്തിന്റെ അകപ്പൊരുൾ തിരിച്ചറിയപ്പെടേണ്ടതാണ്. മലയാള സാഹിത്യനിരൂപണ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ സുനിൽ പി.ഇളയിടം മഞ്ഞിൽ വിരിഞ്ഞ ഓർമ്മകളെ
വിശേഷിപ്പിക്കുന്നത് ഓർമ്മകളുടെ സിംഫണി എന്നാണ്.
അവതാരികയിൽ അദ്ദേഹം പറയുന്നു, ഈ ഓർമ്മകൾ എല്ലാം ചേർത്തുവയ്ക്കുന്ന ഒരു പുസ്തകം എന്താണ് നമ്മോട് പറയുന്നത്?
ഇതിലെ ഓരോ രചനയും പല പല അനുപാതത്തിൽ അവയുടെ രചയിതാക്കളുടെ വ്യക്തിഗതമായ അനുഭവങ്ങളുടെ ആവിഷ്ക്കാരങ്ങളാണ്. അതിനപ്പുറം അവയ്ക്കെന്തെങ്കിലും മൂല്യമുണ്ടോ? ഉണ്ടെന്നാണ് ഞാൻ കരുതുന്നത്.

അവയെല്ലാം അതിജീവനത്തിന്റെ വഴികൾ കൂടിയാണ്. ആഹ്‌ളാദവും വിഷാദവും യാതനയും
കണ്ണുനീരും കലർന്ന ആ വാക്കുകൾക്കിടയിൽ മനുഷ്യവംശം അതിജീവിക്കുന്നതിന്റെ പാഠങ്ങൾ
ഒളിഞ്ഞുകിടക്കുന്നുണ്ട്. ജീവിതയാത്രകളുടെ ഒരു സിംഫണി. അവയിലൂടെ കടന്നുപോകൂ; ജീവിതത്തെ അതിന്റെ ഭിന്നരൂപങ്ങളിൽ നമുക്ക് കാണാനാകും. അന്തിമമായി ഒരു പുസ്തകത്തിന്റെയും സാഫല്യം
ഇതിനപ്പുറമല്ലല്ലൊ.

പ്രവാസലോകത്ത് ഒറ്റപ്പെട്ട് ജീവിക്കാൻ മറന്നു പോകുന്നവരാണ് പ്രവാസികളിൽ നല്ലൊരു വിഭാഗവും . അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ തിരിച്ചറിയപ്പെടാതെ പോകുകുന്നു. ഈ സാഹചര്യത്തിൽ വ്യത്യസ്തമായ ചിന്താഗതികളും, ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളുമായി രൂപംകൊണ്ടതാണ്
സൗഹൃദ കൂട്ടായ്‌മയായ സ്വിസ്സ് ചങ്ങാതിക്കൂട്ടം. ഈ സൗഹൃദ കൂട്ടായ്മയുടെ ഒരു പുതിയ
കാൽവെയ്പ്പാണ് മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന ഈ ഓർമ്മക്കുറിപ്പ്.

ഈ ഒക്ടോബർ 25 ന് പ്രകാശനം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന ഓർമ്മക്കുറിപ്പുകൾ പ്രവാസി സമൂഹത്തിന് പ്രചോദനം ആകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ഒക്ടോബർ 25 ന് സ്വിസ് സമയം  രാവിലെ 11 മണിക്ക് മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ശ്രീ സക്കറിയ മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ ഓൺ ലൈനിൽ പ്രകാശനം ചെയ്യുന്നു.