മണാലിയിലെ കാഴ്ചകൾക്കുമപ്പുറമാണ് ഛത്രു; മോഹിപ്പിക്കുന്ന ആ താഴ്‍വാരത്തിലേക്കു സിനിമാ ഫ്രെയിമുകൾ തേടിപ്പോയ സംഘം സുരക്ഷിതരാണെന്ന് അറിയുമ്പോൾ കേരളത്തിന് ആശ്വാസം. ബോർഡർ റോഡ് ടാസ്ക് ഫോഴ്സിന്റെ കണക്കുപ്രകാരം ഛത്രു ഉൾപ്പെടുന്ന ജില്ലയിൽ നിന്നു വിദേശികളടക്കം നാനൂറോളം പേരെയാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി രക്ഷപ്പെടുത്തിയത്. ഏതാനും പേർ മരിച്ചു.

സംവിധായകൻ സൽകുമാർ ശശിധരന്റെ നേതൃത്വത്തിലുള്ള ഷൂട്ടിങ് സംഘം താമസിക്കുന്ന സ്ഥലത്തു വാർത്താ വിനിമയ സൗകര്യങ്ങളില്ലാത്തതാണു പരിഭ്രാന്തിക്കിടയാക്കിയത്. മഞ്ജുവാരിയർ സാറ്റലൈറ്റ് ഫോണിൽ സഹോദരനെ വിളിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതും പെട്ടെന്ന് ഇടപെടലുണ്ടായതും.

കേന്ദ്രമന്ത്രി വി. മുരളീധരൻ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനെ അടക്കം വിളിച്ചു. ഹൈബി ഈഡൻ എംപി, ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി എ. സമ്പത്ത് എന്നിവരും ഹിമാചൽ സർക്കാരുമായും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ളവരുമായും സംസാരിച്ചു. നടൻ ദിലീപാണ് തന്നെ വിവരം അറിയിച്ചതെന്ന് ഹൈബി ഫെയ്സ്ബുക്കിൽ കുറിച്ചു.പിന്നാലെ, കലക്ടറുടെ നേതൃത്വത്തിൽ ഇവർക്കു ഭക്ഷണവും വെള്ളവും ഉൾപ്പെടെ എത്തിച്ചു.

ദൂരെ മലയിടിയുന്നതു ഞങ്ങൾ കണ്ടു. 3 അടിയോളം മൂടിക്കിടക്കുന്ന മഞ്ഞിനിടയിലൂടെ ഞങ്ങൾ കൈപിടിച്ചു പതുക്കെ മലയിറങ്ങുകയായിരുന്നു. ചില ചെറിയ സംഘങ്ങൾ മുന്നിലുണ്ടായിരുന്നു. മഞ്ഞു പെയ്തുകൊണ്ടിരുന്നു. ഷിയാം ഗോരുവിലെ ഗ്രാമീണർ, പോരുമ്പോൾ പറഞ്ഞത് മനസ്സിലുണ്ടായിരുന്നു: ഏതു സമയത്തും മലയിടിയാം, മഞ്ഞുമലകൾ നിരങ്ങി താഴോട്ടുപോകാം…

ഛത്രുവിൽനിന്ന് ആറോ ഏഴോ മണിക്കൂർ നടന്നാണ് ഞങ്ങൾ ഷൂട്ടിങ്ങിനായി ഷിയാം ഗോരുവിലെത്തിയത്. ഞങ്ങളാരും മലകയറ്റം അറിയാവുന്നവരല്ല. സഹായിക്കാൻ പരിചയസമ്പന്നരായ മലകയറ്റ സംഘമുണ്ടായിരുന്നു. അവർക്ക് അവിടെയെല്ലാം നന്നായറിയാം. ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ കുഴപ്പമുണ്ടായില്ല; മനോഹരമായ കാലാവസ്ഥ. പക്ഷേ, പെട്ടെന്ന് അതു മാറി. കൂടെയുള്ള പരിചയസമ്പന്നരും ഗ്രാമീണരുമൊന്നും ഇതു പ്രതീക്ഷിച്ചിരുന്നില്ല. ചെറുതായി തുടങ്ങിയ മഞ്ഞുവീഴ്ച പെട്ടെന്നു വലുതായി. പലയിടത്തും മഞ്ഞു നിറഞ്ഞു.

ഞങ്ങൾ ടെന്റ് കെട്ടി താമസിച്ചത് ഷിയാം ഗോരുവിലെ ഒരു താഴ്‌വാരത്തായിരുന്നു. മലയിടിച്ചിലിനു സാധ്യതയുള്ളതിനാൽ ടെന്റുകൾ മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഞങ്ങളതു മാറ്റി. പിറ്റേന്ന് ഛത്രുവിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. വല്ലാത്തൊരു യാത്രയായിരുന്നു അത്. വൈദ്യുതിയോ കടകളോ ഒന്നുമില്ലാത്ത താഴ്‌വാരമാണിത്. മണാലിയിൽനിന്നു 90 കിലോമീറ്റർ ദൂരെയാണ് ഛത്രു. മലകളിൽനിന്നു മലകളിലേക്കു പോകുമ്പോൾ മിക്കയിടത്തും മഞ്ഞുണ്ടായിരുന്നു. പലയിടത്തും മലയിടിഞ്ഞു കിടക്കുന്നതും വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചുപോകുന്നതും കണ്ടു. ഗ്രാമീണർ പറഞ്ഞത് അപ്പോഴും ഓർമിച്ചു, ‘ഏതു സമയത്തും വഴികൾ ഒലിച്ചുപോകാം.’ ഛത്രുവിൽ എത്തുന്നതുവരെ മനസ്സിൽ ഭീതിയായിരുന്നു.

ഛത്രുവിൽ എത്തിയപ്പോഴേക്കും കാലാവസ്ഥ കൂടുതൽ മോശമായി. രാത്രി കിടക്കാൻ ചിലർക്കു കെട്ടിടങ്ങൾ കിട്ടി. കുറെപ്പേർ ടെന്റിൽ താമസിച്ചു. ഞങ്ങൾക്കൊപ്പവും അല്ലാതെയും അവിടെയെത്തിയ സഞ്ചാരികളും പലയിടത്തായി ഉണ്ടായിരുന്നു. ഏട്ടന്റെ കൂടെ സൈനിക സ്കൂളിൽ പഠിച്ച പലരും അവിടെ സൈനിക ഓഫിസർമാരാണ്. അവരിൽ പലരെയും എനിക്കുമറിയാം. പക്ഷേ, ആശയവിനിമയ സംവിധാനങ്ങളെല്ലാം നിലച്ചു.

രാത്രി 9നു ക്യാംപിലെത്തിയ സൈനിക ഉദ്യോഗസ്ഥർ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം സാറ്റലൈറ്റ് ഫോൺവഴി പുറത്തേക്ക് ഒരു കോൾ ചെയ്യാമെന്നു പറഞ്ഞു. ഞാൻ ഏട്ടനെ വിളിച്ചു വിവരം പറഞ്ഞു. അതു പറയുമ്പോൾ 2 ദിവസത്തെ ഭക്ഷണമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മഞ്ഞും മഴയും കൂടുതൽ ശക്തമാകുമെന്നു ചില സൈനികർ പറഞ്ഞു. അവർ ഞങ്ങളോടു പെരുമാറിയത് പറഞ്ഞറിയിക്കാനാവാത്ത സ്നേഹത്തോടെയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിറ്റേ ദിവസം വന്ന ൈസനികരിൽ ചിലർ എന്റെ പേരും അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദേശം നൽകിയിരുന്നുവെന്ന് അവരിൽ ചിലർ സൂചിപ്പിച്ചു. ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി വിളിച്ചിരുന്നുവെന്നു പറഞ്ഞു. തൊട്ടടുത്ത ദിവസം രാവിലെ തിരിച്ചു മണാലിയിലേക്കു പോകാൻ തീരുമാനിച്ചു. ഛത്രുവിൽനിന്നു മണാലിയിലേക്കു പോകുന്നത് അപകടമാകുമെന്നു പരിചയസമ്പന്നരായ ചിലർ രാവിലെ പറഞ്ഞു. വഴിയിൽ മണ്ണിടിഞ്ഞാൽ, എപ്പോഴാണു സൈന്യത്തിനു സഹായിക്കാനാകുക എന്നു പറയാനാവില്ല. എവിടെ ഭക്ഷണം കിട്ടുമെന്നറിയില്ല.

കൂടുതൽ ടൂറിസ്റ്റുകളും ഛത്രുവിൽ തങ്ങാൻ തീരുമാനിച്ചു. ഭക്ഷണം കുറവാണെങ്കിലും സുരക്ഷിതമായി താമസിക്കാൻ ഇടമുണ്ടല്ലോ. ഞങ്ങൾക്കാണെങ്കിൽ, ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഉപകരണങ്ങളെല്ലാം തിരിച്ചു കൊണ്ടുപോകണം. സംഘങ്ങളായി പിരിഞ്ഞു പോകാമെന്നു സൂചിപ്പിച്ചെങ്കിലും എല്ലാവരും ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചു. ഉച്ചയാകുമ്പോഴേക്കും ഭക്ഷണമെത്തി; മഴ പെയ്തുകൊണ്ടിരുന്നു.

റോഹ്തങ് ചുരം പിന്നിടുമ്പോഴാണ് ഞാനിതു പറയുന്നത്. കറുത്തമേഘങ്ങൾ മൂടിനിൽക്കുന്നതിനാൽ അകലേക്ക് ഒന്നും കാണുന്നില്ല. ചുറ്റും കോട ഇറങ്ങിയതുപോലെ. തിരിച്ചെത്തി എന്നതു വിശ്വസിക്കാനാവുന്നില്ല. വഴിയിലൂടെ ഒലിച്ച വെള്ളം പലയിടത്തും വലിയ പുഴയായി ഒഴുകുന്നു. അവിടെയെല്ലാം ഉരുളൻ കല്ലുകളുടെ കൂമ്പാരം. സൈനികരുടെ സഹായത്തോടെ മണ്ണുനീക്കുന്ന വലിയ യന്ത്രങ്ങൾ. ഇവിടെനിന്നു മണാലിയിലേക്ക് 50 കിലോമീറ്ററുണ്ട്. 8 മണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടിവരുമെന്നു സൈനികർ പറഞ്ഞു.

മുന്നിൽ ഊഴം കാത്തുനിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. കാറ്റിന് എന്തൊരു ശക്തിയാണ്…

ഈ രക്ഷപ്പെടിൽ സിനിമ കഥപോലെ അത്ഭുതം…. മഞ്ജു പറഞ്ഞു നിർത്തി