കൊച്ചി∙ സർക്കാരിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വനിതാമതിലിനുള്ള പിന്തുണ പിൻവലിച്ചു നടി മഞ്ജു വാരിയർ. കലയാണ് തന്റെ രാഷ്ട്രീയമെന്നും പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മഞ്ജു വ്യക്തമാക്കി.

നേരത്തേ, ‘വുമൻസ് വാൾ’ എന്ന ഫെയ്സ്ബുക് പേജിലെ വിഡിയോയിലൂടെയാണു താരം വനിതാമതിലിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിനാണു വനിതാമതിൽ. ‘നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീപുരുഷ സമത്വം അനിവാര്യം. മുന്നോട്ടു പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം’– എന്നായിരുന്നു മഞ്ജുവിന്റെ വിഡിയോ സന്ദേശം.

മഞ്ജുവിന്റെ കുറിപ്പിൽനിന്ന്: 

സംസ്ഥാന സര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണു വനിതാമതില്‍ എന്ന പരിപാടിക്കു പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നതു ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്നു കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിനു മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്നു നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു.

പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്നു വ്യക്തമാക്കട്ടെ.