ബെംഗളൂരു ∙ കന്നഡ സിനിമമേഖലയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അന്വേഷണം ക്രിക്കറ്റ് താരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി), ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) എന്നിവയ്ക്കു പുറമേ കർണാടക പൊലീസിലെ ആഭ്യന്തര സുരക്ഷാവിഭാഗവും അന്വേഷണം ശക്തമാക്കി.
മാസങ്ങൾക്ക് മുമ്പ് കർണാടക പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റുമായി ബന്ധപ്പെട്ട് കളിക്കാരെ ഹണിട്രാപ്പിൽ കുടുക്കി വാതുവയ്പിനു പ്രേരിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. കന്നഡ നടിമാർക്കൊപ്പം കളിക്കാർ വിദേശത്ത് സമയം ചെലവഴിച്ചതിന് തെളിവുകളും പുറത്തുവന്നു. സംഭവത്തിൽ ലഹരി ഇടപാടുകൾ സംശയിച്ച് പൊലീസ് രംഗത്തു വന്നിരുന്നുവെങ്കിലും ആർക്കെതിരെയും നടപടി എടുത്തിരുന്നില്ല.
കേസിലെ പ്രധാന പ്രതികളായ ആദിത്യ ആൽവ, വിരേൻ ഖന്ന എന്നിവർ ക്രിക്കറ്റ് സിനിമാ മേഖലയിലെ പ്രമുഖരെ കന്നഡ നടിമാരെ ഉപയോഗപ്പെടുത്തി ഹണിട്രാപ്പിൽ കുടുക്കിയതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത നൽകിയത്. കന്നഡ സിനിമാ സീരിയൽ രംഗത്തെ നടീനടൻമാർക്കൊപ്പം ചില പ്രമുഖ ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ നേതാക്കളും ചോദ്യം ചെയ്തവരിൽ പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രമുഖ നടൻ യോഗേഷ്, മുൻ രഞ്ജി ക്രിക്കറ്റ് താരം എൻ.സി.അയ്യപ്പ എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മുന്‍ ജെഡിഎസ് എംപി ശിവരാമ ഗൗഡയുടെ മകന്‍ ചേതന്‍ ഗൗഡ, ബിജെപി എംപിയുടെ മകൻ എന്നിവർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്. ലഹരി പാർട്ടിയുടെ ആസൂത്രകനുമായ ആദിത്യ ആൽവയ്ക്കെതിരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ഒളിവിലായ ആദിത്യ ആൽവ രാജ്യം വിട്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. രാജ്യം വിടാൻ ശ്രമിക്കുമെന്ന നിഗമനത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും വിവരം കൈമാറിയിട്ടുണ്ടെന്ന് അന്വേഷണസംഘത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനും കർണാടക മുൻമന്ത്രി ജീവരാജ് ആൽവയുടെ മകനുമാണ് ആദിത്യ ആൽവ. ഇതുവരെ 67 പേർക്കാണ് കേസിൽ നോട്ടിസ് അയച്ചിട്ടുള്ളത്. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുൾപ്പെടെ 13 പേരെ അറസ്റ്റു ചെയ്തു.











Leave a Reply