ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് . പലപ്പോഴും മലയാളികൾക്ക് യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് വലിയ കീറാമുട്ടിയാണ്. ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ആദ്യ പരീക്ഷ വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

പലപ്പോഴും ട്രെയിനിങ് ഫീസ് മാത്രം നോക്കി അംഗീകാരമില്ലാത്ത ഡ്രൈവിംഗ് പരിശീലകരെ തിരഞ്ഞെടുക്കുന്നതാണ് യുകെയിലെ മലയാളികൾ ചതിക്കുഴിയിൽ വീഴാനുള്ള പ്രധാനകാരണം. യുകെയിൽ ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് നിബന്ധനകൾക്ക് വിധേയമായി വാഹനം ഓടിക്കാം. എന്നാൽ ഈ കാലയളവിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ലൈസൻസ് എടുക്കണം. ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് എഴുത്തു പരീക്ഷ പാസാകുക എന്നതാണ്. തുടർന്ന് പ്രാക്ടിക്കൽ എന്ന കടമ്പ കടന്നാൽ മാത്രമേ യുകെയിൽ വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ.

എഴുത്തു പരീക്ഷയും പ്രാക്ടിക്കലും വിജയകരമായി പൂർത്തിയാക്കാൻ നമ്മൾക്ക് പരിചയസമ്പന്നരായ ഒരു ഡ്രൈവിംഗ് ഇൻസ്ട്രക്ടർ നൽകുന്ന പരിശീലനം ആവശ്യമാണ് . ഡ്രൈവിംഗ് പരിശീലകരെ തിരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി നമ്മൾ തിരഞ്ഞെടുക്കുന്ന പരിശീലകൻ മതിയായ യോഗ്യതയുള്ള വ്യക്തിയാണോ എന്നത് ഉറപ്പാക്കണം. യുകെയിലെ അംഗീകൃത ഡ്രൈവിംഗ് ഇൻസ്ട്രക്ടർ എക്സ്റ്റൻഡഡ് തിയറി ടെസ്റ്റും എക്സ്റ്റൻഡഡ് പ്രാക്ടിക്കൽ ടെസ്റ്റും പാസായിരിക്കണം. അതിനുശേഷം അവർ വിഷമകരമായ ഇൻസ്ട്രക്ടർ എബിലിറ്റി ടെസ്റ്റും വിജയിച്ചിരിക്കണം. ഈ ടെസ്റ്റിൽ തന്നെ മൂന്നു ഘട്ടങ്ങൾ ഉണ്ട് . ഇതിൽ ആദ്യ 2 ഘട്ടങ്ങൾ പാസാകുന്നവർക്ക് ട്രെയിനി ഇൻസ്ട്രക്ടർ ആയി സേവനം അനുഷ്ഠിക്കാനെ പറ്റുകയുള്ളൂ. അതായത് 6 മാസം മാത്രം പഠിപ്പിക്കാനുള്ള അനുമതി മാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനോടകം പാർട്ട് -3 പാസായവർ മാത്രമേ അവർക്ക് ഒരു യഥാർത്ഥ പരിശീലകൻ എന്ന നിലയിൽ അംഗീകാരവും അതുപോലെതന്നെ തുടർന്ന് മറ്റുള്ളവരെ പഠിപ്പിക്കാനും സാധിക്കുകയുള്ളൂ.

എന്നാൽ യുകെയിൽ കണ്ടുവരുന്ന പ്രവണത പാർട്ട് 2 വരെ പാസായ പലരും ഫീസ് കുറച്ച് നിശ്ചിത കാലാവധിക്ക് ശേഷവും പരിശീലനം നൽകിവരുന്നു എന്നതാണ്. മലയാളികളിൽ പലരും ലാഭം മാത്രം നോക്കി ഇത്തരം ആളുകളുടെ ചതിക്കുഴിയിൽ വീഴുകയും വേണ്ട രീതിയിൽ പരിശീലനം നൽകാതെ ക്ലാസുകൾ കൂടുതൽ എടുപ്പിച്ച് നമ്മുടെ പണവും സമയവും നഷ്ടപ്പെടുത്തുന്നു എന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിൽ ഡ്രൈവിംഗ് ലൈസൻസിനായി ശ്രമിക്കുന്നവർക്ക് തങ്ങൾ തിരഞ്ഞെടുക്കുന്ന പരിശീലകൻ മതിയായ യോഗ്യതയുള്ള ആളാണോ എന്നറിയുന്നതിന് യുകെ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ gov.uk യിൽ നിന്ന് അറിയാൻ സാധിക്കും. അതുപോലെതന്നെ അംഗീകാരമുള്ള ഡ്രൈവിംഗ് ഇൻസ്ട്രക്ടസിനെ തിരിച്ചറിയുന്നതിനായി പരിശീലനം നൽകുന്ന വാഹനത്തിന്റെ ഇടതു സൈഡിലായി ബാഡ്ജ് പ്രദർപ്പിച്ചിരിക്കണം എന്ന നിയമവും യുകെയിൽ ഉണ്ട്. അംഗീകൃത ഡ്രൈവിംഗ് ഇൻസ്ട്രക്ടർക്ക് ഗ്രീൻ ബാഡ്ജും പാർട്ട് 2 മാത്രം പാസായവർക്ക് പിങ്ക് ബാഡ്ജും ആണ് നൽകപ്പെടുന്നത്.

അംഗീകാരം ഇല്ലാത്ത ഒരു പരിശീലകൻ 1500 പൗണ്ട് ഫീസായി മേടിച്ച് നാളിതുവരെ ഒരു പ്രധാന നിരത്തിലും വാഹനമോടിക്കാനുള്ള പരിശീലനം നൽകിയില്ലെന്നുള്ള അനുഭവം ഒരു മലയാളി പെൺകുട്ടി മലയാളം യുകെ ന്യൂസിനോട് പങ്കുവെച്ചത് ഒരാളുടെ മാത്രം അനുഭവം അല്ല.

ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയിൽ പാസായാൽ മാത്രമേ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. 2007 – 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.