കോട്ടയം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് അമ്പത് വയസ്സ് തികഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലേയും നവജീവന്‍ ട്രസ്റ്റിലേയും ആളുകള്‍ക്കൊപ്പമായിരുന്നു അഭിവന്ദ്യ പിതാവിന്റെ അമ്പതാം പിറന്നാള്‍ ആഘോഷം നടന്നത്. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള സായാഹ്ന ഭക്ഷണ വിതരണത്തില്‍ പങ്കു ചേര്‍ന്ന് രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മധുര പലഹാരം വിതരണം ചെയ്തുമാണ് മാര്‍ സ്രാമ്പിക്കല്‍ തന്റെ അമ്പതാം പിറന്നാള്‍ ആഘോഷിച്ചത്. ആശുപത്രിയിലെ ഭക്ഷണ വിതരണത്തിനു ശേക്ഷം നവജീവനിലെത്തിയ അഭിവന്ദ്യ പിതാവിനെ നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി. യു. തോമസ് ബൊക്കെ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ പി. യു. തോമസ്, മാത്യൂ കൊല്ലമലക്കരോട്ട്, രാജി മാത്യൂ എന്നിവര്‍ പ്രസംഗിച്ചു. ആയിരക്കണക്കിനാളുകള്‍ക്ക് ദിവസവും ഭക്ഷണം നല്‍കി ആശ്രയമാകുന്ന നവജീവന്‍ ട്രസ്റ്റിനൊപ്പം തന്റെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുവാന്‍ കഴിഞ്ഞത് മറക്കുവാന്‍ കഴിയാത്ത അനുഭവമാണെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.