തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ നാലു ഫ്ലാറ്റ് സമുച്ചയങ്ങൾ നിലംപൊത്താൻ ഇനി മൂന്നു ദിവസം മാത്രം. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ ആകെ വിസ്തൃതി 68,028.68 ചതുരശ്രമീറ്ററാണ്.
11നു രാവിലെ 11ന് എച്ച്2ഒ ഹോളിഫെയ്ത്തിലും 11.05ന് ആൽഫ സെറീന്റെ ഇരട്ട കെട്ടിടസമുച്ചയങ്ങളിലും സ്ഫോടനം നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, രണ്ടാം സ്ഫോടനം 11.30 വരെ നീട്ടിയേക്കുമെന്നു സൂചനയുണ്ട്. ഒരു സ്ഫോടനത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം രണ്ടാമത്തെ സ്ഫോടനത്തിന് അനുമതി നൽകാനാണിത്. 12നു രാവിലെ 11ന് ജെയിൻ കോറൽ കോവും അന്നുച്ചകഴിഞ്ഞു രണ്ടിനു ഗോൾഡൻ കായലോരം ഫ്ലാറ്റും പൊളിക്കും.
നൂറുകണക്കിനു ചെറുസ്ഫോടനങ്ങളിലൂടെയാണ് ഫ്ലാറ്റുകൾ തകർക്കുന്നത്. അതിനാൽ സ്ഫോടനശബ്ദം അത്ര ഭീകരമാകില്ലെങ്കിലും 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ ദൂരത്തുവരെ ശബ്ദം കേൾക്കാനായേക്കും. 90- 110 ഡെസിബെൽ വരെ ശബ്ദമാണു പ്രതീക്ഷിക്കുന്നത്.കുഴൽക്കിണർ കുഴിക്കുന്പോഴുള്ള ശബ്ദം 100 ഡെസിബെൽ ആണ്. കെട്ടിടാവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുന്പോഴും വലിയ ശബ്ദമുണ്ടാകും.
പൊളിക്കുന്ന ഫ്ലാറ്റുകളുടെ 100 മീറ്റർ ചുറ്റളവിൽ മുന്നൂറോളം വീടുകളും മരട് നഗരസഭാ ഓഫീസും തേവര പാലവും ഐഒസി പൈപ്പ് ലൈനും ഭാരത് പെട്രോളിയത്തിന്റെ ഓഫീസും വിദ്യാഭ്യാസ സ്ഥാപനവും വൻകിട ഹോട്ടലുമൊക്കെ സ്ഥിതിചെയ്യുന്നുണ്ട്. കെട്ടിടസമുച്ചയങ്ങൾ പൊളിക്കുന്പോൾ സംഭവിക്കാവുന്ന ആഘാതം എത്രമാത്രമായിരിക്കുമെന്നു വ്യക്തതയില്ലാത്തതിനാൽ പലർക്കും ആശങ്കയുണ്ട്.
Leave a Reply