കൊച്ചി ∙ മരടിൽ ഫ്ലാറ്റുകൾ സ്ഫോടനത്തിൽ തകർക്കാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെ സുരക്ഷാകാര്യത്തിലുള്ള ഉദ്യോഗസ്ഥ അവഗണനയ്ക്കെതിരെ നാട്ടുകാരുടെ പട്ടിണി സമരം തുടങ്ങി. റിട്ട. സബ് ജഡ്ജ് എം.ആർ.ശശി സമരം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളുടെയും നഗരസഭാ പ്രതിനിധികളുടെയും പിന്തുണയോടെ നെട്ടൂർ മേൽപാലം ജംക്‌ഷനിൽനിന്നു നെട്ടൂർ എസ്എൻ – ധന്യ ജംക്‌ഷൻ വഴി വിളംബര ജാഥയായാണു നാട്ടുകാർ സമരപ്പന്തലിലേക്ക് എത്തിയത്. ആൽഫ സരിൻ ഫ്ലാറ്റിനു മുന്നിലാണു സമരപ്പന്തൽ.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ആൽഫ സരിൻ ഫ്ലാറ്റിനു പകരം മറ്റേതെങ്കിലും ആൾവാസം കുറഞ്ഞ പ്രദേശത്തുള്ള ഫ്ലാറ്റുകളിൽ സ്ഫോടനം നടത്തണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് നാട്ടുകാർ രംഗത്തു വന്നെങ്കിലും അംഗീകരിക്കാൻ സ്ഫോടനത്തിന്റെ ചുമതലയുള്ള നഗരസഭാ സെക്രട്ടറിയും സബ്കലക്ടറുമായ സ്നേഹിൽ കുമാർ തയാറായില്ലെന്ന് സമരസമിതി ചെയർമാൻ കെ.ആർ.ഷാജി പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ തുടങ്ങാനിരുന്ന സമരം കലക്ടർ നൽകിയ ഉറപ്പിനെ തുടർന്നാണ് മാറ്റിവച്ചത്. മുഖ്യമന്ത്രിയിൽനിന്നും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണു പട്ടിണി സമരമെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കൽ നടപടി വിശദീകരിക്കാൻ കലക്ടർ വിളിച്ച യോഗത്തിൽനിന്നു വിട്ടുനിൽക്കാനും നാട്ടുകാർ തീരുമാനിച്ചു. അതേസമയം, മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടനം നടത്താൻ പെട്രോളിയം ആൻഡ് എക്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസൊ) അനുമതി ഇന്നു ലഭിച്ചേക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനുള്ള 650 കിലോ സ്ഫോടകവസ്തുക്കൾ ഇതിനകം കേരളത്തിൽ എത്തിച്ചിട്ടുണ്ട്.
അങ്കമാലിയിലും മൂവാറ്റുപുഴയിലുമായി ഇതു സൂക്ഷിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഫോടക വസ്തുക്കളും എത്തിക്കും. സ്ഫോടക വസ്തുക്കളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കേബിളും സ്ഫോടനത്തിനുള്ള ഫ്യൂസും എത്തി. ഫ്ലാറ്റുകളിലേക്ക് മൂന്നാം തീയതിയേ സ്ഫോടകവസ്തുക്കളും മറ്റും എത്തിക്കൂ. എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിലാണ് ആദ്യം സ്ഫോടക വസ്തുക്കൾ നിറയ്ക്കുക. മൂന്നാം തീയതി രാവിലെ എട്ടുമണി മുതൽ തന്നെ ഇതു ചെയ്തു തുടങ്ങും.ഇതുവരെയുള്ള കെട്ടിടാവശിഷ്ടങ്ങൾ ഇതിനകം നീക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം. തുടർന്നു പുറത്തുനിന്നുള്ള വാഹനങ്ങളെയോ ജോലിക്കാരെയോ ഫ്ലാറ്റിലേക്കു പ്രവേശിപ്പിക്കില്ല. തേവര – കുണ്ടന്നൂർ പാലവും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പൈപ് ലൈനും വീടുകളും സമീപത്ത് ഉള്ളതിനാൽ നിയന്ത്രിത സ്ഫോടനം ഏറ്റവും സങ്കീർണമായിരിക്കുക എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിലായിരിക്കും. ഇവിടെ ഫ്ലാറ്റിനു സമീപത്തു കൂടി ക്രൂഡോയിൽ പൈപ്പ് ലൈൻ കടന്നു പോകുന്നതിനാൽ അതിനു മേൽ മണൽ ചാക്കുകൾ വിരിക്കുന്ന ജോലി പുരോഗമിക്കുന്നു.
നൂറു മീറ്ററോളം നീളത്തിൽ രണ്ട് അടുക്കുകളായാണു മണൽ ചാക്ക് വിരിക്കുന്നത്. സ്ഫോടന സമയത്ത് ഇതുവഴി ഇന്ധനം കടത്തി വിടുന്നത് നിയന്ത്രിക്കുകയും പൈപ്പുകളിൽ വെള്ളം നിറയ്ക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ഭാഗത്തേക്ക് 37 ഡിഗ്രി ചെരിച്ച് ഫ്ലാറ്റ് വീഴ്ത്തുന്നതിനാണ് ആലോചിക്കുന്നത്. അതുകൊണ്ടു തന്നെ ഈ പൈപ്പ് ലൈനുകൾക്കു കേടുപാടുണ്ടാകാനുള്ള സാധ്യതകൂടി പരിഗണിച്ചാണ് മണൽ ചാക്ക് വിരിക്കുന്നത്. ആൽഫ സരീൻ ഫ്ലാറ്റിൽ ജനുവരി ആറു മുതലായിരിക്കും സ്ഫോടകവസ്തുക്കൾ നിറച്ചു തുടങ്ങുക. സ്ഫോടനത്തിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുകയാണ്.പില്ലറുകളിൽ ദ്വാരങ്ങളിടുന്നുണ്ട്. ഭിത്തികളിൽ അവശിഷ്ടങ്ങൾ ദൂരേക്കു തെറിച്ചു പോകാതിരിക്കാൻ കമ്പിവലകളും ജിയോ ടെക്സൈൈറ്റലും ഉപയോഗിച്ചു പൊതിയുന്ന പണി പൂർത്തിയാകുന്നു. പൊളിക്കുന്നതിനു മുമ്പ് ഇടഭിത്തികൾ തകർക്കുന്നതിനിടെ ആൽഫ സരിന്റെ പരിസര പ്രദേശത്തെ നിരവധി വീടുകൾക്കാണു വിള്ളലുകളും തകർച്ചയും ഉണ്ടായിരിക്കുന്നത്. ഇതു പരിഹരിക്കുന്നതിനും സുരക്ഷാ കാര്യത്തിൽ വേണ്ടത്ര ഉറപ്പും ലഭിക്കാത്ത പശ്ചാത്തലത്തിലാണു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
Leave a Reply