ഷാനോ എം കുമരൻ

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞുള്ള ഉറക്കത്തിനു ശേഷം ഒരു കപ്പ് ചൂട് ചായയും ഊതി കുടിച്ചു ജിനേഷ് രണ്ടു ഫ്ലാറ്റിനപ്പുറം വസിക്കുന്ന സുഹൃത്ത് ബേസിലിന്റെ മുറിയിലേയ്ക്കു ചെന്നു. വാതിൽ മുട്ടിയപ്പോൾ നിമിഷ ആണ് വാതിൽ തുറന്നത്. നിമിഷ ബേസിലിന്റെ ഭാര്യയാണ്. അവനെവിടെ എന്ന ചോദ്യത്തിന് മറുപടിയായി നിമിഷ അകത്തേക്ക് വിരൽ ചൂണ്ടി അവിടെയുണ്ടെന്ന അർത്ഥത്തിൽ. മൊബൈൽ ഫോണിൽ എന്തോ കാര്യമായി തിരയുകയാണ് ബേസിൽ. ആ ജിനേഷേട്ടാ വാ ഇരിക്ക്. ബേസിൽ അയൽപക്കക്കാരനും സുഹൃത്തുമായ ജിനേഷിനോട് ഉപചാരപൂർവ്വം പറഞ്ഞു. ജിനേഷ് സോഫയിൽ മെല്ലെ ഇരുന്നു. ബേസിൽ ഫോണിൽ തന്നെയാണ് ശ്രദ്ധ. എന്തോ സംഭവിച്ചിട്ടുണ്ട്.

എന്താ ബേസിലെ എന്തോ വള്ളി പിടിച്ചത് പോലെയുണ്ടല്ലോ ഫേസ് കണ്ടിട്ട്. എന്താ കാര്യം?
ജിനേഷ് ചോദിച്ചു.
ഹേ ഒന്നൂല്ല ചേട്ടാ ഇരു കാര്യം സേർച്ച് ചെയ്യുവായിരുന്നു.

അതൊന്നുമല്ല ജിനേഷേട്ടാ കാര്യം. ബേസിലിനു ഒരു പണി കിട്ടിയോ എന്നൊരു ഡൌട്ട്. അവൻ അതിന്റെ ഒരു സ്ട്രെസ്സിൽ ആണ്. അവിടേയ്ക്കു വന്ന നിമിഷ ജിനേഷിനോട് പറഞ്ഞു. ജിനേഷ് നെറ്റി ചുളിച്ചു.
” പണി കിട്ടിയെന്നോ ….? എന്താ എന്താ കാര്യം ബേസിലെ ? ജിനേഷ് ജിജ്ഞാസ അടക്കി മെല്ലെ ചോദിച്ചു.
ബേസിൽ ഒന്ന് ആലോചിച്ചിരുന്നിട്ടു പറഞ്ഞു. ജിനേഷേട്ടാ ഞാൻ പറഞ്ഞില്ലായിരുന്നോ ഒരു കാർ നോക്കുന്നുണ്ടെന്നു ഇന്ന് വെളുപ്പിനെ അവർ ഒരു കാറു ഡെലിവറി ചെയ്തു.
ഇന്ന് വെളുപ്പിനേയോ?
അതെ ജിനേഷേട്ടാ ഇന്ന് വെളുപ്പിനെ ഞാൻ നൈറ്റ് ഷിഫ്റ്റ് ആയിരുന്നു. സൊ അവർ കുറെ കാർ നോക്കിയിരുന്നു. ബട്ട് അതെനിക്കു സെറ്റ് ആകുമായിരുന്നില്ല. ഞാൻ അവരോടു പറഞ്ഞിരുന്നു നോക്കിയിട്ട് എന്റെ ബഡ്ജറ്റിന് ഓക്കേ ആണെങ്കിൽ എടുത്തോയെന്ന്. ദാണ്ടെ ഇന്ന് വെളുപ്പിന് അവർ എന്റെ കമ്പനി ഗേറ്റിൽ കൊണ്ട് വന്നിട്ട് തന്നിട്ട് പോയി.

അതിനിപ്പോൾ പ്രോബ്ലം എന്താ നീ പറഞ്ഞിട്ടല്ലേ നിന്റെ ബഡ്ജറ്റിൽ ഓക്കേ ആവുന്നത് എടുത്തുകൊള്ളാൻ!
ജിനേഷ് ചോദിച്ചു.
എന്റെ പൊന്നു ജിനേഷേട്ടാ സംഭവം ശരി തന്നെ. ഇവൻ പറഞ്ഞിട്ടാണ് ബട്ട് ഉച്ചക്ക് ഉറക്കവും കഴിഞ്ഞു വണ്ടി പരിശോധിച്ചപ്പോൾ അതിൽ നിറയെ തുരുമ്പ്. ഈ മണ്ടൻ ഒന്നും ചെക്ക് ചെയ്തില്ല വണ്ടി കിട്ടിയ തിളപ്പിൽ ഇങ്ങോട്ടു കെട്ടിയെടുത്തു. നിമിഷയുടെ ദേഷ്യം അതൃപ്തി എല്ലാം അവളുടെ വാക്കുകളിൽ പ്രതിധ്വനിച്ചു.
” നീയൊന്നു അടങ്ങു നിമ്മീ , മനുഷ്യൻ ഒന്നാമത് പൊളിഞ്ഞിരിക്കുവാ അതിനെടേൽ കൂടെ നീയും കിടന്നു അലറാതെ. ബേസിൽ കടുപ്പിച്ചു പറഞ്ഞു.
നിമിഷ വീണ്ടും മുരണ്ടു ആഹ് ഇനി ഞാൻ പറയുന്നെതിനു കുഴപ്പം. കണ്ടാൽ മതി സി ഐ ഡി മൂസ സിനിമയിലേതു പോലെ വണ്ടിയിലിരുന്നു കാലിട്ടു സ്വന്തമായി തള്ളേണ്ടി വരുമെന്നാ എനിക്ക് തോന്നണേ
ജിനേഷ് ഇടപെട്ടു. നിമിഷ തത്കാലം സമാധാനിക്കു ഞാൻ ഒന്ന് നോക്കട്ടെ എന്താണെന്നു. ബേസിലെ ഒന്ന് വന്നേ വണ്ടിയൊന്നു നോക്കട്ടെ എന്ന് പറഞ്ഞിട്ട് ജിനേഷ് എഴുന്നേറ്റു പുറത്തേക്കു നടന്നു. വണ്ടിയുടെ താക്കോൽ എടുത്തു കൊണ്ട് ബേസിൽ പിന്നാലെ നടന്നു.
ഇതാരാണെടാ കൊണ്ട് പോയി തന്നത്? സ്റ്റെപ് ഇറങ്ങുന്നതിനിടയിൽ ജിനേഷ് ചോദിച്ചു.
ഒന്നും പറയണ്ട ചേട്ടാ എന്റെ ഒരു കസിന്റെ ഫ്രണ്ട് ആണ്. അവൻമാർ രണ്ടാളും കൂടെ ആണ് വന്നതും കാർ ഡെലിവറി ചെയ്തതും.
എന്നിട്ടു നീ വണ്ടി ചെക്ക് ഒന്നും ചെയ്തില്ലേ?
ജിനേഷ് ചോദിച്ചു.
കസിനും ഫ്രണ്ടും അല്ലെ ചേട്ടാ അടിപൊളി വണ്ടിയെന്നാ പറഞ്ഞെ വിശ്വസിച്ചു പോയി.
ബേസിലിന്റെ മറുപടിയിലെ നിസ്സഹായത ജിനേഷ് തിരിച്ചറിഞ്ഞു. അയാൾ പറഞ്ഞു നീ വറീഡ് ആവണ്ട നോക്കട്ടെ. അപ്പോഴേക്കും അവർ പാർക്കിങ്ങിൽ എത്തിയിരുന്നു. ജിനേഷ് ബേസിലിനോട് വണ്ടി സ്റ്റാർട്ട് ചെയ്യുവാൻ പറഞ്ഞു. ബേസിൽ കാർ സ്റ്റാർട്ട് ചെയ്തു
പ്രത്യേകിച്ച് ശബ്ദ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല നോർമൽ കൂൾ സൗണ്ട് ആണ്. ബോണറ്റ് ഓപ്പൺ ചെയ്തു. ഒരു ഓട്ടോ മൊബൈൽ എഞ്ചിനീയർ ആയിരുന്ന ജിനേഷ് തന്റെ അറിവിന്റെ പുസ്തകം തുറന്നു. പറഞ്ഞ മാതിരി വലിയ തട്ട് കേടുകൾ ഇല്ല. 2004 മോഡൽ വണ്ടി അതിന്റെതായ കാലപ്പഴക്കം.
അയാൾ അടിയിൽ കുനിഞ്ഞു നോക്കി. അത്യാവശ്യം നല്ല തുരുമ്പുണ്ട്. ഒരു അണ്ടർ കോട്ട് ചെയ്താൽ കുറഞ്ഞത് രണ്ടു വർഷം ഓക്കേ ആവണം.

അയാൾ തന്റെ കണ്ടെത്തലുകൾ ബേസിലിനോട് പറഞ്ഞു. അപ്പോഴാണ് ബേസിലിനു അല്പം ആശ്വാസമായത്. ഓഹ് എന്റെ ചേട്ടാ ഇപ്പോഴാ ശ്വാസം നോർമൽ ആയതു. കയ്യിൽനിന്നു പോയോ എന്നൊരാധിയായിരുന്നു. അതിന്റെ കൂടെയാ നിമ്മിയുടെ ചവിട്ടും.
എടാ അവളെ പറഞ്ഞിട്ട് കാര്യമില്ല അന്യ നാട്ടിൽ വന്നിട്ട് ചതി പറ്റിയെന്നറിഞ്ഞാൽ ആരായാലും ചോദിക്കും. പ്രത്യേകിച്ച് പെണ്ണുങ്ങൾ നമ്മുടെ മേൽ പഴി ചാരുകയാവും ചെയ്യുക. ആട്ടെ ഇതിനിപ്പോൾ എത്ര കൊടുത്തു.
ബേസിൽ പറഞ്ഞ വില കേട്ട് ജിനേഷ് തലയിൽ കൈ വച്ച് പോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അയാൾ അല്പം ചൂടായും പരിഹാസത്തോടെയും ബേസിലിനോട് പറഞ്ഞു. മോനെ നിനക്കറിയായിരുന്നല്ലോ ഞാൻ ഇവിടെയുണ്ടെന്ന്? എന്റെ ഫീൽഡ് ഓട്ടോ മൊബൈൽ ആയിരുന്നുന്നൊക്കെ? ഞാൻ കൂടെ വന്നിട്ട് എടുത്താൽ മതിയായിരുന്നല്ലോ. ഉള്ളത് പറയാം ഇത് അടിച്ചേല്പിച്ചതോ കെട്ടി വച്ചതോ ആണ് മോനെ. എന്റെ കണക്കു കൂട്ടലിൽ ഒരു ആയിരത്തി ഇരുന്നൂറു പൗണ്ട് നിന്റെ കൈയിൽ നിന്നവന്മാർ എക്സ്ട്രാ ഊറ്റിയിട്ടുണ്ട് !
ബേസിലിനു തല കറങ്ങിയത് പോലെ തോന്നി അവൻ മെല്ലെ കാറിന്റെ സൈഡിൽ ചന്തി ചായ്ച്ചു. ജിനേഷ് തുടർന്നു. നിന്നെ ടെൻഷൻ ആക്കുവാൻ പറയണതല്ല. നിനക്ക് സ്ക്രൂ കിട്ടിയെന്നു മനസ്സിലായിട്ട് മിണ്ടാതിരിക്കുവാൻ തോന്നിയില്ല ……. നീ ഇത് കണ്ടോ ഇത് റീപ്ലേസ് ചെയ്തതാണ് ഈ ബോണറ്റ് ….”
ബോണാറ്റോ …..? ബേസിൽ ചാടിയെഴുന്നേറ്റു ചെന്ന് പകച്ചു നിന്ന് അവൻ ബോണറ്റിലേക്കു നോക്കി. പക്ഷെ അവനൊന്നും പിടികിട്ടിയില്ല. ” എവിടെയാ ചേട്ടാ റീപ്ലേസ് ചെയ്തേ ? അപ്പോൾ ഇത് ഇടിച്ചതാണോ ?
ബേസിലിന് ആകപ്പാടെ അങ്കലാപ്പായി.

ചെറു ചിരിയോടെ ജിനേഷ് പറഞ്ഞു. നോ നീഡ് റ്റു വറി ബേസിൽ. വണ്ടി ഇടിച്ചാണ്. അവർ ബോണറ്റ് മറ്റും റീപ്ലേസ് ചെയ്തിട്ടുണ്ട്. ഈ ബോണറ്റ് ഒറിജിനൽ അല്ല . എന്തോ ആലോചിച്ചിട്ട് ജിനേഷ് തന്റെ ഫോണെടുത്തു വണ്ടിയുടെ ഡീറ്റെയിൽസ് ഏതോ സൈറ്റിൽ എന്റർ ചെയ്തു. ബേസിൽ ജിനേഷിന്റെ സൈഡിൽ വന്നു നിന്ന് അയാളുടെ ഫോണിലേക്കു ഏന്തി നോക്കി എന്താണ് സംഭവം എന്ന്.
ജിനേഷ് പറഞ്ഞു. മോനെ ബേസിലെ ഇത് നമ്മുടെ നാടല്ല ബ്രിട്ടൻ ആണ്. ഇവിടെ ഇങ്ങനെ കുറെ കാര്യങ്ങളൊക്കെയുണ്ട് ചതി പറ്റാതിരിക്കുവാൻ. അതിനാണ് പറയുന്നത് എന്തേലുമൊക്കെ എടുത്തു ചാടി ചെയ്യുന്നതിന് മുന്നേ അറിവുള്ളവരോടൊക്കെ ഒന്ന് കൺസൾട്ട് ചെയ്യണമെന്ന്. ഇതാ ഇത് കണ്ടോ ഈ സൈറ്റ് പെയ്ഡ് ആണ് ഇതിലൂടെ നോക്കിയാൽ വണ്ടിക്കെന്തെലും പ്രോബ്ലം ഉണ്ടായിട്ടുണ്ടോ എന്നറിയാം. ത്രൂ പ്രോപ്പർ വെയ് ആണ് പ്രശ്നം സോൾവ് ചെയ്തതെങ്കിൽ മാത്രം. എന്തായാലും നോക്കാം.

ജിതേഷ് അൽപനേരം വിശദമായി ആ കാറിന്റെ ഡീറ്റെയിൽസ് വച്ച് വിവിധ സൈറ്റുകളിലും പരിശോധിച്ചു
ഓക്കേ ഓക്കേ കിട്ടി നീ ഇത് കണ്ടോ….? ഈ വണ്ടി ഒന്ന് ഇടിച്ചിട്ടുണ്ട് അത് ക്ലെയിം ചെയ്തിട്ടാണ് റീപ്ലേസ് ചെയ്തേക്കുന്നേ. ഞാൻ വണ്ടി നോക്കിയിട്ടു വണ്ടി ക്ലീൻ ആണ് വിഷമിക്കാനൊന്നുമില്ല. ബട്ട് ഈ റീപ്ലേസ്‌മെന്റ് ക്ലെയിം ചെയ്തപ്പോൾ ഈ വണ്ടി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അതാണ് ഇത്രയും വില ഇല്ല എന്ന് ഞാൻ പറഞ്ഞത്. നീ ഇത് നോക്കൂ ഇവിടുത്തെ ഒരു ട്രസ്റ്റഡ് ആയിട്ടുള്ള കാർ സെല്ലിങ് ആൻഡ് ബയിങ് ആപ് ആണിത്. ഇതിൽ ഞാൻ നിന്റെ വണ്ടി ഇൻക്ലൂഡിങ് കാറ്റഗറി കൊടുത്തപ്പോൾ കണ്ട എക്സ്പെക്ടഡ് വാല്യൂ കണ്ടോ നീ കൊടുത്തതിലും തൗസൻഡ് പൗണ്ട് കുറവ്.
ബേസിൽ ആകെ വിഷണ്ണനായി. ഇനിയിപ്പോൾ എന്താ ചെയ്ക ചേട്ടാ”?

“ഒന്നും ചെയ്യാനില്ല നിന്റെ കസിനെ വിളിച്ചു കാര്യം പറഞ്ഞു നോക്ക് ചിലപ്പോൾ കാഷ് കുറച്ചു തിരികെ കിട്ടിയാലോ. ”
ജിതേഷിന്റെ ഉപദേശ പ്രകാരം ബേസിൽ അവനു വണ്ടി ഏർപ്പാടാക്കി കൊടുത്ത കസിന്റെ നമ്പറിൽ വിളിച്ചു അല്പം ചൂടായി തന്നെ സംസാരിച്ചു. പക്ഷെ കസിൻ കയ്യൊഴിയുന്ന മട്ടാണ് ബേസിലിന്റെ അവസ്ഥ കണ്ടിട്ട് ജിതേഷ് ഫോൺ വാങ്ങി അയാളോട് സംസാരിച്ചു.
സുഹൃത്തേ ഈ വണ്ടി കാറ്റഗറിയാണല്ലോ ?
കസിൻ അല്പം തട്ടിക്കയറി. യുകെ യിൽ ഈ ക്യാഷിനു കാറ്റഗറിയില്ലാത്ത വണ്ടി ചേട്ടന് വാങ്ങിത്തരാമോ എന്നായി അയാൾ.
അത് കേട്ടപ്പോൾ ജിതേഷിന് നന്നായി ദേഷ്യം വന്നു എന്ന് വേണം കരുതുവാൻ. അയാൾ അല്പം ഉച്ചത്തിലും ദേഷ്യത്തിലും സംസാരിച്ചു ” എഡോ ഇയാൾ രണ്ടു വർഷം മുന്നേ സ്റ്റുഡന്റ് വിസയിൽ വന്നിട്ട് ഇവനെപോലെയുള്ള പാവപെട്ടവൻമാരുടെ തലയിൽ ഇമ്മാതിരി വണ്ടി കെട്ടി വച്ച് കൊടുക്കുന്നത് കച്ചവടം ഉണ്ടാക്കുന്ന പോലെയല്ല ഞാൻ. ഇത് വരെ പലർക്കും വണ്ടി വാങ്ങി കൊടുത്തിട്ടുണ്ട്. ഞാൻ നോക്കിയെടുത്ത വണ്ടികളെല്ലാം ഒരു കുഴപ്പവുമില്ലാതെ ഇപ്പോഴുമോടുന്നുണ്ട് അതിൽ കാറ്റഗറി വണ്ടിയുമുണ്ട് പക്ഷെ അതിനു അതിന്റെതായ വിലയുണ്ട് അതെ വാങ്ങാവൂ. ക്യാഷ് വേണമെങ്കിൽ കടം ചോദിച്ചു വാങ്ങാം അല്ലാതെ സ്വന്തക്കാരനാണെന്നു പറഞ്ഞു പറ്റിക്കരുത് ദഹിക്കത്തില്ല.
അത്രയും പറഞ്ഞയാൾ ഫോൺ ബേസിലിനു തിരികെ കൊടുത്തു. ബേസിൽ വീണ്ടും അയാളോടെന്തൊക്കെയോ ആർഗ്യു ചെയ്തിട്ട് ഫോൺ കട്ട് ആക്കി.
ഇനി എന്ത് ചെയ്യും ജിതേഷേട്ടാ “?
എന്ത് ചെയ്യാൻ അല്പം വില കൂടുതൽ വാങ്ങിയെന്നേയുള്ളു വണ്ടിക്കു കുഴപ്പൊന്നുല്ല. നീ ബേജാറാകാതെയിരിക്കു പറ്റുമെങ്കിൽ അവനോടു കുറച്ചു ക്യാഷ് റിട്ടേൺ ചെയ്യാൻ പറ കിട്ടിയാൽ നല്ലത്. എവിടുന്നു കിട്ടിയെടാ നിനക്ക് ഇങ്ങനെയുള്ള കസിനെയൊക്കെ ….? ഒരു ലോഡ് പുച്ഛം. സഹിക്കുക തന്നെ.
നീയിതൊന്നും പോയി നിന്റെ പെണ്ണിനോട് എഴുന്നള്ളിക്കാൻ നിക്കണ്ട. വണ്ടിക്കു കുഴപ്പമില്ലാന്നു ഞാൻ പറഞ്ഞോളാം. ജിതേഷ് അവനെ ഉപദേശിച്ചു.
ഹേയ് പറയാതിരുന്നാലെങ്ങനെ ചേട്ടാ ഇവൻ നിമ്മീടെ കസിനാ. എന്റെ ആരുമല്ല അപ്പൊ ആ തലവേദന അങ്ങോട്ട് കൊടുക്കാം. പിന്നെ അവള് നോക്കിക്കൊള്ളും. അവനു സമാധാനം കിട്ടണമെങ്കിൽ അവനു ക്യാഷ് അവൾക്കു കൊടുത്തേ പറ്റൂ. ഇല്ലേൽ അവള് അവരുടെ കുടുംബത്തിലെല്ലാം അവനെ നാറ്റിക്കും!
അപ്പൊ ക്യാഷിന്റെ കാര്യം സെറ്റ് അല്ലെ ” ഒരു കുസൃതി ചിരിയോടെ ജിതേഷ് ഒരു സിഗരറ്റിനു തീ കൊളുത്തി.
ഇനിയെങ്കിലും പൊന്നു മോനെ ബേസിലെ ചെന്ന് കേറികൊടുക്കും മുന്നേ ആരോടെങ്കിലുമൊക്കെ ഒന്ന് ചോദിക്കുക. നമ്മളൊക്കെയില്ലേ ഇവിടെ?
നിമ്മിയുടെ നാക്കിനൊരു കടിഞ്ഞാൺ കിട്ടിയെന്ന വിചാരത്തോടെയും അവൾ വഴി അവന്റെ കയ്യിൽ നിന്നും കുറച്ചു ക്യാഷ് തിരികെ വാങ്ങിക്കാം എന്ന ആശ്വാസത്തോടെ ബേസിലും ബേസിലിന്റെ പ്രശ്നം പരിഹരിച്ച സന്തോഷത്തോടെ അതിലേറെ ഒരുത്തനെ നാലു ചീത്ത വിളിച്ച നിർവൃതിയോടെ ജിതേഷും അവരവരുടെ ഫ്ളാറ്റുകളിലേക്കു മടങ്ങി. ഫിറ്റ്നസ് ടെസ്റ്റ് പാസാകുവാൻ ബേസിൽ വണ്ടി വാങ്ങിയതിന്റെ പകുതി തുക കൂടി ചിലവാക്കിയെന്നാണ് കഥ.

(കഥാസാരം വെറും ഭാവന മാത്രം )

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.