ഷാനോ എം കുമരൻ

ലിറ്റിൽ ഫ്ലവർ നഴ്സിംഗ് ഹോമിലെ മുപ്പത്തിരണ്ടാം നമ്പർ മുറിയിലെ അന്തേവാസി പീറ്റർ വിനോദിന്റെ വിളി കേട്ട് മെല്ലെ തല ചെരിച്ചു നോക്കി. ഓഹോ നീയോ എന്നൊരു ചോദ്യവും. സൂര്യൻ വൈകി അസ്തമിക്കുന്ന ദിവസങ്ങളിൽ ഒന്ന്. പീറ്റർ എന്തിനാണാവോ അകലേക്ക് നോക്കി നിന്നത്? ഒരു കാര്യവുമില്ലെങ്കിലും വിനോദ് വെറുതെ ആലോചിച്ചു.
പീറ്റർ നീ കേട്ടോ ഞാൻ വിളിച്ചത്. എന്താണ് നീ ചിന്തിക്കുന്നത്.
ഞാൻ ചിന്തയിലാണെന്നു നിനക്കെങ്ങനെ മനസ്സിലായി? പരുക്കനെങ്കിലും ഒട്ടും ബലമില്ലാത്ത ശബ്ദത്തിൽ പീറ്റർ തിരിച്ചു ചോദിച്ചു.
അത് നിന്റെ മുഖം കണ്ടാൽ അറിയില്ലേ പീറ്റർ നീ കാര്യമായെന്തോ ചിന്തയിലാണെന്ന്.
വിനോദിന്റെ മറുപടി പീറ്ററിനെ ചെറുതായൊന്നു ചിരിപ്പിച്ചു. പീറ്റർ പറഞ്ഞു. അല്ലെങ്കിലും നിങ്ങൾ ഇന്ത്യൻസിനു ഒരു പ്രത്യേക സിദ്ധിയാണ് മുഖം നോക്കി ഉള്ളിലിരുപ്പ് കണ്ടു പിടിക്കുക എന്നത്. ഞാൻ ഓർക്കുന്നു നിന്റെ നാട്ടിൽ കൈ വെള്ള നോക്കി ഭാവി പ്രവചിച്ചിരുന്നു ദൈവ ദൂതന്മാരെപോലെ ചിലർ. ഞങ്ങൾ നിങ്ങളുടെ നാട്ടിൽ നിങ്ങളെ നിരന്തരം കൊള്ളയടിച്ചിരുന്ന ആ മുഷിഞ്ഞ കാലഘട്ടം അന്ന് ഞാൻ എന്റെ ഡാഡിന്റെ കൂടെ അവിടെയുണ്ട് ഞാൻ ജനിച്ചത് നിന്റെ നാട്ടിലാണ് നിനക്കറിയാമോ അത് ?
തെല്ലൊരു അത്ഭുതത്തോടെ വിനോദ് ചോദിച്ചു. ശെരിയാണോ പീറ്റർ നീ ഇപ്പറഞ്ഞത് നീ ജനിച്ചത് എന്റെ നാട്ടിലെന്നോ? എവിടെയാണ് ശെരിയായ സ്ഥലം ഓർമ്മയുണ്ടോ നിനക്കവിടം.

ഓർമയോ! നല്ല കാര്യമായി. നീയെല്ലാം പറഞ്ഞു വച്ചിരിക്കുന്നത് എനിക്ക് അൽഷിമേഴ്‌സ് ആണെന്നല്ലേ പിന്നെ എങ്ങനെയാണ് എനിക്ക് ഓർമ്മയുണ്ടാകുക. എന്തായാലും ഒരു മറവി രോഗിയോടു ‘ഓർമ്മയുണ്ടോ’ എന്നുള്ള ചോദ്യമായിരിക്കും ഏറ്റവും വലിയ തമാശ. പീറ്റർ ബലമില്ലാതെ നിറുത്താതെ ചിരിച്ചു.
പീറ്ററിന്റെ മാനസികാവസ്ഥയെപ്പറ്റി സന്ദേഹം തോന്നിയെങ്കിലും നിയമാവലികളും നിർദേശിത നിബന്ധനകളും അനുസരിച്ചു മാത്രമേ ജോലി ചെയ്യുവാൻ പാടുള്ളു എന്ന കർശന നിർദേശം വിനോദെന്ന വയോജന പാലകനെ കൂടുതലൊന്നും ചിന്തിക്കുവാൻ പ്രേരിപ്പിച്ചില്ല. അവൻ പറഞ്ഞു. വെറുതെ ഇരു ഭംഗിക്ക് വേണ്ടി അല്ലെങ്കിൽ ആ വയസ്സന്റെ സന്തോഷം കാണുന്നതിന് വേണ്ടി. എനിക്കറിയാം പീറ്റർ നിന്റെ ഓർമ്മകൾക്ക് കുഴപ്പമൊന്നുമില്ലെന്നു. പറയൂ പ്രിയ സുഹൃത്തേ ഇന്ത്യയിൽ എവിടെയാണ് നീ ജനിച്ചത്. എന്റെ നാട്ടിലാണോ കേരളത്തിൽ ?

ഏതാനും നിമിഷങ്ങൾ ആലോചിച്ചു നിന്നതിനു ശേഷം പീറ്റർ പറഞ്ഞു. അറിയില്ല ശെരിയായ സ്ഥലം ഏതാണെന്ന്. ബട്ട് ഒന്നറിയാം, അവിടെ ഞാൻ ജനിച്ച വീടിനടുത്തു ഒരു വലിയ പള്ളിയുണ്ടായിരുന്നു. ഇരുണ്ട ചായം പൂശിയ വലിയ ചുറ്റു വേലികളുള്ള പള്ളി മുന്നിൽ വലിയ കൽവിളക്കുകൾ ഉണ്ടായിരുന്നു.
ആവൊ ആർക്കറിയാമതു വിനോദ് ഉള്ളിൽ പറഞ്ഞു. എത്രയെത്ര പള്ളികൾ അമ്പലങ്ങൾ. സായിപ്പിന് ചിലപ്പോൾ പള്ളിയോ അമ്പലമോ മാറിപ്പോയേക്കാം ഏയ് അങ്ങനെ വരുമോ ? പുള്ളിക്ക് പക്ഷെ കൽവിളക്കു ഓർമയുണ്ട്.

നിങ്ങൾ ഞങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ അല്ല നിങ്ങൾ ഞങ്ങളെ അവിടെ നിന്നോടിച്ചപ്പോൾ അന്ന് പോന്നതാ അവിടുന്ന് പിന്നെ പോയിട്ടേയില്ല.
അതൊക്കെ പോട്ടെ പീറ്റർ നീ എന്നോട് പറയുവാൻ ആഗ്രഹിക്കുന്നോ ഞാൻ ഈ മുറിയിലേക്ക് കടന്നു വന്നപ്പോൾ നീയെന്തിനെകുറിച്ചായിരുന്നു ചിന്തിച്ചു കൊണ്ടിരുന്നതെന്നു, ആരെക്കുറിച്ചായിരുന്നു എന്ന് ?. നിനക്ക് പറയുവാൻ കഴിയുമെങ്കിൽ ഞാൻ നിന്നെ കേൾക്കാം പീറ്റർ. ആ വൃദ്ധന്റെ കൈയിൽ പിടിച്ചു കൊണ്ട് വിനോദ് പറഞ്ഞു.

ഒന്ന് നെടുവീർപ്പിട്ടതിനു ശേഷം പീറ്റർ ഇടതു കരം മെല്ലെയുയർത്തി ദൂരെ അസ്തമസൂര്യനിലേക്കു ചൂണ്ടി. നീ കാണുന്നുണ്ടോ ആ ഇളം ചുവപ്പു രാശി എന്ത് ഭംഗിയാണ്. ആ നിറത്തിന് എന്തൊരു ആകർഷണമാണ്. ആ വെള്ള കലർന്ന ഇളം ചുവപ്പു നിറം അതുപോലെ തന്നെ ആകർഷണവും വശ്യവും ആയിരുന്നു. എന്റെ കാത്തലീൻ എന്റെ പ്രിയപ്പെട്ടവൾ. വല്ലാത്തൊരു സൗന്ദര്യമായിരുന്നു അവൾക്ക്.
ആഹാ വരട്ടെ ഇങ്ങോട്ടു കള്ള കിഴവാ. നിന്റെ ചൂടുകാലത്തെ ചുറ്റികളികൾ എനിക്കറിയാം നീയൊരു കാളകൂറ്റനായിരുന്നു അല്ലെ! വിനോദ് അയാളെ ഒന്ന് ചൊറിഞ്ഞു.
അല്ല നിനക്ക് തെറ്റി. ഞാനൊരു മെഴുത്ത കാട്ടുകുതിരയായിരുന്നു. നിന്റെ പ്രായത്തിൽ ഞാൻ എല്ലായിടത്തും മദിച്ചു നടന്നിരുന്നു. നിനക്കറിയുമോ എനിക്ക് എട്ടു കാമുകിമാരുണ്ടായിരുന്നു. എന്റെ രേതസ്സ് മുഴുവനും ഊറ്റികുടിച്ച ആ എട്ടു ഹെയ്നകൾ. അവരാരും പക്ഷെ എന്റെ കിടപ്പറ കണ്ടിരുന്നില്ല. അത് എന്റെ കാത്തലീൻ മാത്രമായിരുന്നു കണ്ടത്. എന്റെ നാലു മക്കളെ പെറ്റു വളർത്തിയവൾ. വെള്ളയിൽ അലിഞ്ഞു ചേർന്ന ചെമ്മാനത്തിന്റെ നിറമുള്ളവൾ. ലാവണ്ടർ പൂക്കളുടെ വശ്യ സുഗന്ധമുള്ളവൾ. അവൾ മാത്രമായിരുന്നു എന്നെ തോല്പിച്ചത് സ്നേഹം കൊണ്ട്. . ആ എന്റെ പ്രിയപ്പെട്ടവൾ …പീറ്ററിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
പക്ഷെ പീറ്റർ, നിന്റെ ഫയലുകളിൽ നിന്റെ അവകാശിയായി നിന്റെ വൈഫ് ഒരു റോസ് മേരിയുടെ പേരാണല്ലോ ഉള്ളത്. കാത്തലിനു റോസ്‌മേരി എന്നൊരു അപരനാമമുണ്ടായിരുന്നോ. വിനോദ് ചോദിച്ചു.
ഓ റോസ്‌മേരി പിശാചിന്റെ സന്തതി . അവളാണെന്റെ ജീവിതം തുലച്ചു കളഞ്ഞത്. പീറ്ററിന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു. എന്റെ കാത്ത് എന്റെ കാത്ത്. അവളെ എനിക്ക് നഷ്ടമാക്കിയവളാണ് റോസ്‌മേരി. കാത്തലിന്റെ സഹോദരി. എന്റെ കാത്ത് മരിച്ചു പോയി! അല്ല, അവൾ.. അവൾ ആ ചെകുത്താന്റെ സന്തതി അവളെന്റെ പ്രിയപ്പെട്ടവളെ കൊന്നു കളഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അരിശം വഴിമാറി പീറ്റർ വിതുമ്പി തുടങ്ങി.
എന്ത് ? ഏതെങ്കിലും സഹോദരിക്ക് അങ്ങനെ ചെയ്യുവാൻ കഴിയുമോ.? എല്ലാം നിന്റെ തോന്നലാണ് പീറ്റർ വരൂ ഞാൻ നിനക്കൊരു മനോഹരമായ ചായയുണ്ടാക്കാം. ഒരു കടുപ്പമേറിയ സുന്ദരമായ ചായ നിനക്കൊരുണർവ്വ് നൽകുമെന്ന് തീർച്ചയാണ്.
വിനോദ് പീറ്ററിനെ അല്പം ശാന്തമാക്കുവാൻ ശ്രമിച്ചു.
എന്റെ പ്രിയപെട്ടവളുടെ ഓർമ്മ മതി എനിക്ക് ശാന്തമാവാൻ അവളുടെ ഓർമയോളം വരില്ല ഒരു ചായയും . നീ പറഞ്ഞത് ശരിയാണ് ഒരു സഹോദരിക്ക് അങ്ങനെ കഴിയില്ലായിരിക്കാം. പക്ഷെ റോസ്മേരി എന്ന പിശാചിന് കഴിയും എന്റെ കാത്തലിന്റെ അമ്മയുടെ ജാര സന്തതിക്ക് എന്റെ ഭാരിച്ച സമ്പത്ത്, അതിൽ ഒട്ടും അനുരക്തയായിരുന്നില്ല എന്റെ കാത്ത്. വിദ്യാസമ്പന്നയായ അവളുടെ ടീച്ചറുദ്യോഗം മതിയായിരുന്നു അവൾക്കു സന്തോഷത്തോടെ കഴിയുവാൻ. പക്ഷെ ഒരു കഴിവുമില്ലാതെ തോന്ന്യാസം ജീവിച്ച റോസ്‌മേരി കണക്കു കൂട്ടിയത് സംഭവിച്ചു. എന്റെ സ്വത്തു വഹകളുടെ അവകാശിയാവുക. അതിനവൾ വിരിച്ച വലയിൽ ഞാൻ വീണു. ഏങ്ങി കരയുന്നുണ്ടായിരുന്നു ആ കിഴവൻ. ഞാൻ, ഞാൻ കാരണമാണ് എന്റെ കാത്ത് എന്റെ നശിച്ച അഭിനിവേശം അവളുടെ തുടുത്ത മേനിയഴക് അതെന്നെ ഒരു രാത്രി ചതിച്ചു കളഞ്ഞു. അവളെ ഭോഗിച്ച അന്ന് മുതൽ അവളെന്നെ ബ്ലാക്‌മെയ്ൽ ചെയ്തു തുടങ്ങി. മെല്ലെ അവൾ എന്നെ രോഗിയാക്കി. മറവികാരനാക്കി മരുന്നുകൾക്കടിമയാക്കി. എന്നിലുള്ള വിശ്വാസം എന്റെ കാത്തലീന് നഷ്ടമായി. വിശ്വാസവഞ്ചന അവളെ പാടെ തകർത്തു. വിഷാദരോഗിയായ അവൾ കാലത്തിനു കീഴടങ്ങി. ഹോ എത്ര മുടിഞ്ഞതാണീ പെൺ ശരീരത്തിന്റെ നിമ്ന്നോന്നതങ്ങൾ. അതിൽ വിരാജിക്കുന്നവർ എത്രയോ വിഡ്ഢികൾ. ത്ഫൂ… അവൻ, അവനു അത് തന്നെ വരണം. അല്ലെങ്കിൽ അവനു ഈ ദുഷ്ടയെ തന്നെ എനിക്കെതിരെ നിൽക്കുവാൻ തെരെഞ്ഞെടുക്കണമായിരുന്നുവോ “?

പീറ്റർ മെല്ല കസേരയുടെ കൈയിൽ തന്റെ ഭാരം ചേർത്ത് വച്ച് അല്ലെങ്കിൽ വിവശനായി അയാൾ നിലത്തു വീഴുമായിരുന്നു. എന്ത് പറയണം എന്നറിയാതെ വിനോദ് പകച്ചു നിന്ന് പോയി. നാളിതു വരെ മറവി രോഗിയെന്ന് താൻ വിശ്വസിച്ച അല്ലെങ്കിൽ അങ്ങനെ എഴുതി വയ്പ്പിച്ചു തന്നെയടക്കം വിശ്വസിപ്പിച്ച ചതിയുടെ വംശപരമ്പര. ഈ കിഴവൻ എത്ര തെളിവായിട്ടാണ് തന്റെ ജീവിത കഥകൾ ഓർത്തു പറഞ്ഞത് അതും കാലങ്ങൾക്കു മുന്നെയുള്ളവ. ആരുടെ കാര്യമാണ് പീറ്റർ നീ പറയുന്നത് ആരാണ് ഈ ‘അവൻ ‘ ? വിരോധമില്ലെങ്കിൽ പറയൂ. എനിക്കതറിയുവാൻ ആഗ്രഹമുണ്ട്.
ഹാ ഒന്നാന്തരം പ്രയോഗം വിരോധമില്ലെങ്കിൽ എന്ന്. അങ്ങനെ പറഞ്ഞാൽ ഞാൻ എല്ലാം തുറന്നു പറഞ്ഞേക്കും എന്ന് നീ കരുതി. അല്ലേടാ ചെറുപ്പക്കാരൻ വിഡ്ഢി. എങ്കിൽ നീ കേട്ടോ നീ എന്നെ കേൾക്കുവാൻ തയ്യാറല്ലെങ്കിൽ കൂടെ ഞാൻ നിന്നെ പിടിച്ചു നിറുത്തി എല്ലാം പറയും. ആരെങ്കിലും……ആരെങ്കിലുമൊക്കെ … ചുരുങ്ങിയ പക്ഷം നീയെങ്കിലും അറിയണം. ഞാൻ.. എനിക്ക് ….എന്റെ ബോധം മറഞ്ഞിട്ടില്ല എന്ന പരമാർത്ഥം. ആ കിഴവൻ നിന്ന് കിതച്ചു.
വിനോദ് ജഗ്ഗിൽ നിന്നും അല്പം വെള്ളം ഒരു ഗ്ലാസ്സിലേക്കു പകർന്നു പീറ്ററിന്‌ നേർക്ക് നീട്ടി. അയാൾ അത് വാങ്ങി. ഓഹ് താങ്ക് യു യങ് ജെന്റിൽമാൻ . നിനക്കറിയാം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുവാൻ എന്ന് പറഞ്ഞിട്ട് മെല്ലെ രണ്ടിറക്കു വെള്ളം അകത്താക്കി.
അവൻ റോസ്‌മേരിയുടെ കാമുകൻ റയാൻ ജോൺ ലീ
മികച്ച കലാകാരനാണവൻ. സാക്‌സൊഫോണിൽ അവന്റെ വിരലുകൾ മന്ത്രികവലയം തീർക്കുമ്പോൾ എത്രയെത്ര കമിതാക്കളാണ് ആ വലയത്തിനുള്ളിൽ പെട്ട് നിൽക്കുന്നത് എന്ന് നിനക്കറിയാമോ.? ഞാനും ഹൃദയഹാരിയായ ആ പ്രകടനം ആസ്വദിച്ച് നിന്നിട്ടുണ്ട്. നീലക്കണ്ണുകളുള്ള പിച്ചക്കാരനാണവൻ ദരിദ്രവാസിയായ നാറി. പീറ്റർ വീണ്ടും അല്പം വെള്ളം നുണഞ്ഞു. ഒരു പൊതി കന്നാബിസ്സിനോ ഒരു പാക്കറ്റ് സിഗാറിനോ വകയില്ലാത്ത തെണ്ടിയായ കലാകാരൻ വിയർക്കാതെ പണക്കാരനാവാൻ കണ്ട മാർഗ്ഗം. എന്റെ ഭാരിച്ച സ്വത്തു വകകൾ അവളെ വച്ച് കൈക്കലാക്കുക . അവൻ ജയിച്ചു അവളും. എന്നെയീ വൃദ്ധസദനത്തിലാക്കി എന്റെ സമ്പത്തെല്ലാം എഴുതി വാങ്ങി അവൾ. ദുഷ്ട. ഇനിയും മിച്ചമുള്ളതു കൈക്കലാക്കാൻ അവൾ കണ്ട ഉപായം എന്റെ ഭാര്യയുടെ സ്ഥാനം ഞാൻ ചത്താൽ അവൾക്ക്. പീറ്റർ വെള്ളത്തിന്റെ ഗ്ലാസ് ചുണ്ടോടു ചേർത്തു അയാളുടെ അധരങ്ങൾ വിറച്ചു കൈകളും. വിനോദ് അയാൾക്കു സൗകര്യമായി കുടിക്കുവാൻ ഗ്ലാസിൽ മെല്ലെ താങ്ങി കൊടുത്തു. ഒപ്പം ആരാഞ്ഞു. അയാൾ ഇപ്പോഴും റോസ്‌മേരിയുടെ കൂടെയുണ്ടോ ??

ആ ചോദ്യം കേട്ട് ബലമില്ലാതെ പീറ്റർ പൊട്ടിച്ചിരിച്ചു. ഉണ്ടാകും തീർച്ചയായും ഉണ്ടാകും. അല്ലാതെ എവിടെ പോകുവാനാണ് ആ തെണ്ടി. അവനു പണം വേണം. പക്ഷെ നിനക്ക് അറിയുമോ അവനു അഞ്ചിന്റെ കാശ് കിട്ടില്ല. വീണ്ടും പീറ്റർ ഒരു നിർവൃതിയെന്ന വണ്ണം ചിരിച്ചു. എന്റെ കാശും അവന്റെ ദാരിദ്ര്യവും മാത്രമേ അവൻ കണ്ടു കാണുകയുള്ളു. റോസ്‌മേരിയെന്ന മഹാ വഞ്ചകിയുടെ വെളുത്ത തൊലിയ്ക്കുള്ളിലെ ക്രൂരതയുടെ നിറമവൻ കണ്ടിട്ടുണ്ടാവില്ല. ഇല്ല തീർച്ചയായും അവനതു തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ഉണ്ടായിരുന്നെങ്കിൽ അവൻ ഈ ക്രൂരതയ്ക്ക് ചുക്കാൻ പിടിക്കുകയില്ലായിരുന്നു. അവൾ അവനെ അടിമയാക്കി വച്ചിട്ടുണ്ടാകാം. എന്റെ സമ്പത്തു കൊണ്ട് വേറെയേതെങ്കിലും പണ കുറ്റികളുടെ രേതസ്സ് ഊറ്റികുടിക്കുകയായിരിക്കുമവൾ . അവനോ അവന്റെ ഉദാത്തമായ സാക്‌സൊഫോൺ വായിൽ വച്ച് കൈകൾ കൊണ്ട് ഞെക്കി പൊട്ടിക്കുന്നുണ്ടാവും അവളുടെ പിച്ചയും വാങ്ങി. ….ഹ…ഹ…ഹാ ഇത്തവണ പീറ്റർ ചിരിച്ചത് അല്പം ഉച്ചത്തിലും കടുപ്പത്തിലുമായിരുന്നു. ആ ചിരിയിലൊരു പകയും പകവീട്ടലുമെല്ലാം ഒളിഞ്ഞു കിടക്കുന്നില്ലേ എന്ന് വിനോദ് സംശയിക്കാതിരുന്നില്ല.

എവിടെ നീ ഓഫർ ചെയ്ത മനോഹരമായ ചായ?
പീറ്ററിന്റെ ചോദ്യം വിനോദിനെ ചിന്തയിൽ നിന്നുണർത്തി

ഒരു ചായയ്‌ക്കായി കിച്ചനിലേക്കു നടക്കുമ്പോൾ വിനോദ് ഓർത്തു ഒരു പക്ഷെ ഭാവനയാകാം നല്ലവണ്ണം വട്ടു മൂക്കുമ്പോൾ ചിലപ്പോൾ കഥാകാരന്മ്മാരും കവികളുമെല്ലാം ജന്മമെടുത്തു കൂടെന്നില്ല. ആവോ ആർക്കറിയാം അല്ലെങ്കിലും അറിഞ്ഞിട്ടെന്തിന് ? ഒരാവേശത്തിനു പറയുകേം ചെയ്തു. ചായ എങ്ങനെയാണാവോ മനോഹരമാക്കുക.

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.