ഷാനോ എം കുമരൻ

ഓൺലൈൻ ചെക്ക് ഇൻ നിരയിൽ ക്യുവിൽ നിൽകുമ്പോൾ പാസ്സ്പോർട്ടിലെ ബയോ പേജ് അവൾ വെറുതെ തുറന്നു നോക്കി. സ്വന്തം പേരിലൂടെ അവൾ ഭൂതകാലത്തിലേക്ക് ഒന്നെത്തി നോക്കി. അല്ല അവളുടെ മനോരാജ്യം അവളെ അവിടേയ്ക്ക് കൂട്ടികൊണ്ടു പോയി എന്ന് വേണം പറയുവാൻ.

പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു ട്രെയിനിയായി ജോലിക്ക് കയറിയ നാൾ. ഡ്യൂട്ടി കഴിഞ്ഞു ടൈം ഔട്ട് ചെയ്തു ധിറുതിയിൽ സ്കൂട്ടർ പാർക്കിങ്ങിലേക്കു നടക്കുമ്പോൾ മനോരഞ്ജിനിയ്ക്കു തോന്നി ആരോ തന്നെ നോക്കി നിൽക്കുന്ന പോലെ. സംശയത്തോടെ തിരിഞ്ഞു നോക്കി. ചുറ്റിനും നിരവധിയായ ആളുകൾ ഉണ്ടായിരുന്നെങ്കിലും തന്നെ ശ്രദ്ധിക്കുന്നതായി ഒരു മുഖവും കണ്ടില്ല.
പല സായാഹ്നങ്ങളിലും അവൾക്കു അങ്ങനെ തോന്നിയിരുന്നു. ചിലപ്പോൾ രാവിലെ ഓഫീസിലേക്ക് പോകുമ്പോഴും അവൾക്കെങ്ങനെ അനുഭവപ്പെട്ടിരുന്നു. ആരെയും തന്നെത്തന്നെ നോക്കുന്നതായി കാണുവാൻ കഴിഞ്ഞില്ല. ഓഫീസിൽ കംപ്യൂട്ടറിനു മുന്നിലിരുന്നു ഡാറ്റകളുമായി സംഘർഷം നടക്കുമ്പോഴും മനോരഞ്ജിനിയുടെ തോന്നലുകൾ തികട്ടി വന്നു. അത് ഒരു ഉദ്വേഗമായി വഴി മാറിത്തുടങ്ങിയപ്പോൾ സഹ പ്രവർത്തകയും സുഹൃത്തുമായ ജെന്നിഫറിനോട് അവൾ തന്നെ ആരോ നോക്കി നിൽക്കുന്ന പോലെ തോന്നാറുള്ളതായി പറഞ്ഞു.

ആരാണ് നിനക്ക് ഈ പേരിട്ടത് ? ചെറു ചിരിയോടു കൂടെ ജെന്നിഫർ അവളോട് ചോദിച്ചു.
ചോദ്യത്തിന്റെ ഉള്ളു മനസ്സിലായില്ലെങ്കിലും അവൾ പറഞ്ഞു. പേരിട്ടത് മുത്തശ്ച്ഛനാണെങ്കിലും എന്റെ പേര് സജെസ്റ്റ് ചെയ്തത് അപ്പച്ചി ആണ്‌. എന്തെ അങ്ങനെ ചോദിക്കുവാൻ “?
അതോ, നിന്റെ അപ്പച്ചിയെ കണ്ടെങ്കിൽ ഒരു അവാർഡ് കൊടുക്കാമായിരുന്നു. നീ സർവഥാ മനോരാജ്യത്തിൽ ആയിരിക്കുമെന്നവർക്കു ദീർഘ ജ്ഞാനം ഉണ്ടായിരുന്നു. അതാ അവര് മനോരഞ്ജിനി എന്നു നിനക്ക് പേരിട്ടത്. എടീ ബുദ്ധുസേ ഈ ബാംഗ്ലൂർ നഗരത്തിൽ ഈ തിരക്കിനിടയിൽ നിന്നെയാര് നോക്കി നിൽക്കാനാണ്? ആർക്കാണ്‌ അത്രയും ദാരിദ്ര്യം? നീയും നിന്റെയൊരു ഫോളോവറും. ബിഫോർ 5 പ്രൊജക്റ്റ് ഫിനിഷ് ചെയ്തു ടി എൽ നു ഫോർവേഡ് ചെയ്യൂ പെണ്ണെ. ഇല്ലെങ്കിൽ ട്രെയിനിങ് പീരീഡ് കഴിയുമ്പോഴേക്കും വീട്ടിൽ തന്നെയിരിക്കേണ്ടി വരും. അപ്പൊ കൂടുതൽ മനോരാജ്യം കണ്ടാസ്വദിക്കാം.
അങ്ങനെ ഒരു കമെന്റ് പറഞ്ഞു ഉച്ചത്തിൽ ചിരിച്ചു കൊണ്ട് ജെന്നിഫർ നടന്നകന്നു. ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞുവെങ്കിലും തന്നെ തന്നെ നോക്കി നിൽക്കുന്ന ആരോ ഒരാൾ എന്ന അവ്യക്തമായ രൂപത്തിലായിരുന്നു. ആ എന്തേലുമാകട്ടെ. അവൾ സ്വന്തം ക്യാബിനിലേക്കു നടന്നു.

തിരക്ക് പിടിച്ച ജോലി ഭാരങ്ങൾ ഓഹ് തലയ്ക്കു ഭ്രാന്തെടുത്തപോലെയുള്ള തിരക്ക് ..ട്രെയിനിങ്ങു കഴിഞ്ഞു പെർമനന്റ് സ്റ്റാഫ് ആയിട്ട് ന്യൂ ഐഡി ടാഗ് അത് ഷർട്ടിൽ അറ്റാച്ച് ചെയ്തു നടക്കുവാൻ ഒരു ഗരിമയൊക്കെ ഉണ്ട്. പക്ഷെ ഫയലുകൾ ഇന്റർനാഷണൽ ക്ലയന്റ് മീറ്റിങ്ങുകൾ ക്രൂ ലീഡേഴ്സിന്റെ

ചവിട്ടലുകൾ മേധാവികളുടെ ആക്രോശങ്ങൾ എല്ലാം കഴിഞ്ഞു മാസം അവസാനം അക്കൗണ്ടിൽ ക്രെഡിറ്റ് ആവുന്ന അഞ്ചക്ക സംഖ്യ. കൂട്ടുകാരുമൊത്തുള്ള വീക്കെൻഡ് ഔട്ടിങ്ങ് അത് മാത്രമാണ് ഏക ആശ്വാസം. പുറത്തു പോകുമ്പോൾ കോഫി ഷോപ്പിൽ എല്ലാവരും തന്നെയുണ്ടാകും അവിടെ സീനിയർ ജൂനിയർ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല എല്ലാവരും ഒരുപോലെ.
ഒരു സായാഹ്നം. ജോലി ഭാരങ്ങളഴിച്ചു വച്ച് വീട്ടിലേക്കു നടക്കുമ്പോൾ അവളൊരു വിളി കേട്ടു
‘കർണ്ണികാ ‘ !
തിരിഞ്ഞു നോക്കി അവൾ. അവിടെ സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ചാരി കൈകൾ പിണച്ചു കെട്ടി ഒരു ചെറുപ്പക്കാരൻ തന്നെ നോക്കി മന്ദഹാസം പൊഴിക്കുന്നു.

സുമുഖനാണ്‌ അല്പം നീളമുള്ള കേശഭാരം പറ്റെ വെട്ടി നിറുത്തിയ പൗരുഷം മുഖത്തുണ്ട്.
കൗതുകത്തോടെ അവൾഅയാളെ ഒരു നിമിഷം നോക്കി നിന്നെങ്കിലും അടുത്ത നിമിഷം അവൾ ഉഗ്ര രൂപിണിയായി അയാൾക്കു നേർക്ക് അതി ഭയങ്കരമായ ആക്രോശം അഴിച്ചു വിട്ടു. അവളുടെ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു.
ഹേ മിസ്റ്റർ ആരാണ് നിങ്ങൾ. നിങ്ങളെന്തിനാണെന്നെ നോക്കി നില്കുന്നത്. ആരാണ് നിങ്ങൾക്കു എന്നെ നോക്കി നില്കുവാനുള്ള അധികാരം തന്നത്. ദിവസങ്ങളായി ഞാനിത് അനുഭവിക്കുന്നു. എന്നും എന്നെ ഫോളോ ചെയ്യുക! ആരാണ് ഹേ നിങ്ങൾ ?
അവളുടെ ആക്രോശമാരി കണ്ടു കൊണ്ടും കേട്ടുകൊണ്ട് കുറച്ചാളുകൾ അവർക്കു ചുറ്റിനും വട്ടം കൂടി. ചിലർ കാര്യമന്വേഷിച്ചു. ആരോടും അവൾ മറുപടി പറഞ്ഞില്ല. പകരമവൾ ആ ചെറുപ്പക്കാരനെ നോക്കി ചീത്ത വിളിച്ചു കൊണ്ടിരുന്നു. ചിലർ അയാളോട് കയർത്തു. അപ്പോഴേക്കും ജെന്നിഫറും മറ്റു ചില സുഹൃത്തുക്കളും രംഗത്തെത്തി അവളെ അനുനയിപ്പിച്ചു. എടീ വാ. ഇങ്ങോട്ടു ആളുകൾ കൂടുന്നു. എന്താ പ്രശ്നം? ആരാണയാൾ ? നിനക്കറിയുമോ ഇയാളെ ?
ജെന്നിഫർ ചോദിച്ചു

ഇയാൾ, ഇയാളാണെന്നേ എന്നും ഞാനറിയാതെ നോക്കി നില്കുന്നത്.
ഓ നിന്റെയൊരു വട്ട് ആളെ കൊല്ലാനായിട്ട്. വാ കൂടെ. അങ്ങനെ പറഞ്ഞു കൊണ്ട് ജെന്നിഫർ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് നടന്നകന്നു. നടന്നകലുമ്പോൾ മനോരഞ്ജിനി അയാളെ തിരിഞ്ഞു നോക്കി. ഇപ്പോഴും ആളുകളുടെ ചീത്ത വിളികളുടെ നടുവിലും ഒരു ഭാവ ഭേദവുമില്ലാതെ കൈകൾ പിണച്ചു ആ ലൈറ്റ് പോസ്റ്റിൽ ചാരി മൃദു ഹസം തൂകി കൊണ്ട് ആ ചെറുപ്പക്കാരൻ അങ്ങനെ തന്നെ നില്പുണ്ടായിരുന്നു.

വീട്ടിലെത്തിയിട്ടും അവളുടെ അരിശം അടങ്ങിയിരുന്നില്ല. ആരോടെന്നില്ലാതെ എന്തൊക്കെയോ അവൾ പുലമ്പിക്കൊണ്ടിരുന്നു. മനോരഞ്ജിനിയുടെ അച്ഛനും അമ്മയ്ക്കും മുത്തച്ഛിയ്ക്കുമൊന്നും യാതൊന്നും മനസ്സിലായില്ല. കാര്യമറിയാതെ അവർ വേവലാതിപെട്ടു എത്രമേൽ ചോദിച്ചിട്ടും വാശിക്കാരിയായ പ്രിയ പുത്രിയിൽ നിന്നും ഒന്ന് പോകാമോ ശല്യം ചെയ്യാതെ എന്ന ചീറ്റൽ മാത്രമേ അവർക്കു ലഭിച്ചുള്ളൂ. മക്കളുടെ ഭാവിയെ കുറിച്ച് ഏറെ ശ്രദ്ധാലുക്കളായിരുന്ന ആ ബാംഗ്ലൂർ മലയാളി കുടുംബത്തിന് ആശങ്കൾ മാത്രം ബാക്കിയായി. ജെന്നിഫറിൽ നിന്നും അവർ കാര്യാ കാരണത്തെ ഇതിനോടകം ഗ്രഹിച്ചിരുന്നു. ഇളം പ്രായത്തിലുള്ള മനോരഞ്ജിനിയുടെ അനുജൻ പുറപ്പെടാനൊരുങ്ങി. ചോരത്തിളപ്പ് ചെറുപ്പത്തിന്റെ എടുത്തു ചാട്ടം. മാതാപിതാക്കൾ വിലക്കി. ഇത് ബാംഗ്ലൂർ ആണ്.

ഒരു വാശിക്ക് ആരോടും പോയി വഴക്കുണ്ടാക്കാം. പക്ഷെ അതിലൂടെ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങൾ അതി ഭീകരമായിരിക്കും അത് കൊണ്ട് വീട്ടിൽ തന്നെയിരിക്കുക. അച്ഛൻ ഇളയ മകന് താക്കീത് നൽകി. അടുത്ത അവധി ദിവസങ്ങളിൽ അവൾ പുറത്തേക്കൊന്നും പോയില്ല. കർണ്ണിക എന്ന സംബോധനയെയും അവളെ തന്നെ നോക്കി നിന്ന സുമുഖനായ ആ ചെറുപ്പക്കാരനും അവളുടെ മനസ്സിനെ ഉലച്ചു കൊണ്ടിരുന്നു. ജെന്നിഫറും മറ്റു സുഹൃത്തുക്കളും അവളെ ഫോണിൽ ബന്ധപെട്ടു പുറത്തേക്കു പോകുവാൻ പക്ഷെ അവൾ കൂട്ടാക്കിയില്ല.

അടുത്ത പ്രവർത്തി ദിനം ഉച്ചതിരിഞ്ഞുള്ള ബ്രേക്കിനിടയിൽ കൂട്ടുകാരി ജെന്നിഫർ അവളോട് പറഞ്ഞു. ഡീ, ഒരു കാര്യം പറയുന്നത് കൊണ്ട് നീ അപ്സെറ്റ് ആകരുത്. മനോരഞ്ജിനി മുഖം തെല്ലുയർത്തി ചോദ്യഭാവത്തിൽ അവളെ നോക്കി. ജെന്നിഫർ തുടർന്നു. അതായത് നീ കഴിഞ്ഞ ദിവസം അയാൾക്കു നേരെ അത്രയും ഷൗട്ട് ചെയ്തില്ലേ! ബട്ട് അയാളാകട്ടെ തിരിച്ചു ഒന്നും പറഞ്ഞില്ല. അയാളെ അടിക്കുവാൻ സദാചാര അമ്മാവന്മാർ കൂട്ടം കൂടി എന്നിട്ടും അയാൾ തെല്ലു പോലും പരിഭ്രമിക്കുകയോ ആ നില്പിൽ നിന്നും അനങ്ങുകയോ ചെയ്തിട്ടില്ല.
സൊ വാട്ട്? മനോരഞ്ജിനി ഇടയിൽ കയറി ചോദിച്ചു.

അയാൾ നിന്നെയാണോ വിളിച്ചതെന്ന് നിനക്കെന്താണുറപ്പ് ? എന്തോ കർണ്ണൻ എന്നോ ഭീമനെന്നോ മറ്റോ വിളിച്ചുവെന്നല്ലേ നീ പറഞ്ഞത്. നിന്റെ പേര് അങ്ങനെയല്ലല്ലോ പിന്നെയെന്തിന് നീ അപ്സെറ്റ് ആകണം?
കർണ്ണിക അവൾ ആ പേര് മന്ത്രിച്ചു. ഇത്രയധികം തിരക്കുള്ള അവിടെ വച്ച് അത്യാവശ്യം അകലത്തിലായിരുന്നിട്ടും ഞാൻ വളരെ വ്യക്തമായി ആ പേര് കേൾകുകയുണ്ടായി. അവൾ കൂട്ടുകാരിയോട് ചോദിച്ചു.
അപ്പോൾ ഞാനയാളോട് അങ്ങനെ ബിഹേവ് ചെയ്തത് മോശമായി എന്നാണോ ? അവളുടെ ചോദ്യത്തിൽ ഒരു കുറ്റബോധത്തിന്റെ ലാഞ്ചന ഉണ്ടായിരുന്നു. മുഖത്തെ ദൈന്യത പ്രകടമായിരുന്നു താനും. അതെ അത് തന്നെയാണ് നീ അപ്പോൾ അങ്ങനെ ചെയ്തത്. ഒട്ടും ശെരിയായില്ല. അയാൾ ആരെന്നോ എന്തെന്നോ അറിയില്ല. മാത്രവുമല്ല അയാൾ നിന്നെയാണ് വിളിച്ചതെന്നും ഉറപ്പില്ല. പിന്നെ ഒരു പെൺകുട്ടി നേരെ നിന്ന് ചീത്ത പറഞ്ഞപ്പോൾ അയാൾ നിന്നെ അല്ലാതെ പിന്നെ വേറെ എങ്ങോട്ടു നോക്കണമായിരുന്നു ? ജെന്നിഫറിന്റെ ചോദ്യങ്ങൾക്കു ഉത്തരമുണ്ടായിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് ഏതാനും ദിനങ്ങൾ അങ്ങനെ കടന്നു പോയി പ്രത്യേകിച്ചൊന്നും തന്നെ സംഭവിക്കാതെ. പക്ഷെ, മനോരഞ്ജിനിയുടെ മനവും കണ്ണും എപ്പോഴും ആരെയോ തേടുന്നതുപോലെ ചുറ്റിനും പരതി കൊണ്ടിരുന്നു.
അന്നൊരു അവധി ദിവസം അവൾ ഷോപ്പിങ്ങിനു പോയവഴി വെറുതെ കോഫി ഷോപ്പിലേക്ക് നോക്കി. അതാ അയാൾ. ആ ചെറുപ്പക്കാരൻ അവിടെയിരിക്കുന്നു. ആ കഫെയിൽ അങ്ങേയറ്റത്തെ കോർണർ ടേബിളിൽ ഒറ്റയ്ക്കിരുന്നു കോഫീ കപ്പ് ചുണ്ടോടടുപ്പിക്കുന്നു. അവളുടെ കാലുകൾ അവിടേയ്ക്കു ചലിച്ചു. അയാളെ അവഗണിച്ചു തിരിഞ്ഞു നടക്കുവാൻ അവളുടെ മനസ്സ് അനുവദിച്ചില്ല. നേരെ ചെന്ന് അയാൾക്കു മുന്നിലുള്ള കസേരയിൽ അവൾ ഇരുന്നു എന്നിട്ടു ചുറ്റിനും നോക്കി ആ കഫെയിൽ ആ ഒരു ടേബിൾ മാത്രമേ ഒഴിവുണ്ടായിരുന്നുള്ളു. മുൻ‌കൂർ ബുക്ക് ചെയ്തിട്ടപോലെ മറ്റെല്ലാ ടേബിളും നിരവധി ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.

അവൾ അയാൾക്കു മുന്നിലിരുന്നു ഒന്ന് പരുങ്ങി എന്ത് പറയണം. എവിടെ തുടങ്ങണം എന്ന് അവൾക്കു നിശ്ചയമില്ലായിരുന്നു. അയാളാകട്ടെ തെല്ലു പോലും അമ്പരപ്പില്ലാതെ അവളെ അവളുടെ പരിഭ്രമിച്ച മുഖ ഭാവങ്ങളെ സാകൂതം വീക്ഷിച്ചു
കൊണ്ടിരുന്നു. ഇടയ്ക്കു അല്പാല്പമായി കാപ്പി രുചിച്ചു കൊണ്ടേയിരുന്നു.
ഞാൻ മനോരഞ്ജിനി. അതാണെന്റെ പേര്. എന്തിനാണ് നിങ്ങൾ എന്നെ കർണ്ണിക എന്ന് വിളിച്ചത് ? അതിയായ പരിഭ്രമത്തോട് കൂടെ അവൾ അയാളോട് ചോദിച്ചു. അവൾ പക്ഷെ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ചോദ്യത്തിന് മറുപടി പറയാതെ അയാൾ നേരെ മുന്നിൽ ഇരുന്ന വെള്ളത്തിന്റെ കുപ്പി അടപ്പു അല്പം തുറന്നു അവൾക്കു അരികിലേക്ക് നീക്കി വച്ചു. ആഗ്രഹിച്ചിരുന്ന പോലെ അവൾ കുപ്പിയെടുത്തു വായിലേക്ക് കമിഴ്ത്തി.

അവൾ വെള്ളം കുടിക്കുന്നതിനിടയിൽ അവൾ കേട്ടു. അയാൾ പറഞ്ഞു തുടങ്ങി. ഞാൻ സുഹാസ്. സുഹാസ് ജി മേനോൻ. ഇവിടെ ഒരു
എം എൻ സി യിൽ ഓപ്പറേഷൻസ് മാനേജർ ആയി ജോലി ചെയ്യുന്നു.
നിങ്ങൾ എന്തിനാണ് കുറച്ചു നാളുകളായി എന്നെ ഫോളോ ചെയ്യുന്നത് ? അവൾ ഇടയിൽ കയറി ചോദിച്ചു.
ഒന്ന് മന്ദഹസിച്ചതിനു ശേഷം സുഹാസ് തുടർന്നു. അങ്ങനെ ഇയാൾക്ക് തോന്നിയോ ഞാൻ തന്നെ പിന്തുടരുന്നതായിട്ടു?
ദാറ്റ്സ് ട്രൂ അതെങ്ങനെ തോന്നലാവും.
അവൾ ചോദിച്ചു.

ഇയാൾക്കെന്താ കുടിക്കുവാൻ ഓർഡർ ചെയ്യേണ്ടത്? ടി , കോഫി ഓർ എനി കോൾഡ് ഡ്രിങ്ക്സ് ? സുഹാസ് തന്റെ മര്യാദ കാണിച്ചു.
നോ താങ്ക്സ് ഐ ആം ആൾറൈറ്. അവൾ തിരിച്ചും. പക്ഷെ സുഹാസ് അവൾക്കു വേണ്ടി ഒരു കാരമൽ ടീ ഓർഡർ ചെയ്തു.
ശരിയാണ് എനിക്ക് ഇയാളുടെ പേര് എന്തെന്നറിയില്ല ബട്ട് ഇയാളെ ഞാൻ ആദ്യമായി നേരിൽ കാണുന്നത് ഏതാനും ദിവസങ്ങൾക്കു മുന്നേ മാത്രമാണ്. ബട്ട് തന്നെ ഞാൻ അതിലും മുന്നേ കണ്ടിട്ടുണ്ട്. ഒന്നല്ല പലവട്ടം.
ഒന്നും മനസ്സിലാവാത്ത പോലെ മനോരഞ്ജിനി അയാളെ തന്നെ നോക്കിയിരുന്നു.

ആലോചിച്ചു ബുദ്ധി മുട്ടേണ്ട ഞാൻ പറയാം എവിടെ വച്ചെന്ന് ഞാൻ ഒരു വർഷമേ ആയിട്ടുള്ളു ഈ നഗരത്തിൽ വന്നിട്ട്. ഞാൻ ജനിച്ചത് കേരളത്തിലാണെങ്കിലും വളർന്നതെല്ലാം ഹൈദെരാബാദിലായിരുന്നു. എന്റെ മിക്ക രാത്രികളിലും സ്വപ്നങ്ങളിൽ തന്നെ ഞാൻ കാണുവാറുണ്ടായിരുന്നു. ഇതേ മുഖം ഇതേയാൾ ഒരു മാറ്റവുമില്ലാതെ ഒരു പാട് തവണ താനെന്റെ സ്വപ്നങ്ങളിൽ വന്നു പോയിട്ടുണ്ട് സ്വപ്നത്തിലെ തന്റെ പേരാണ് ഞാൻ വിളിച്ചത് ‘കർണ്ണിക ‘ എന്ന്. സുഹാസ് പറഞ്ഞു നിർത്തി. ഒരു പൈങ്കിളി കഥ കേൾക്കുന്ന ലാഘവത്തിൽ അവളതു കേട്ട് കൊണ്ടിരുന്നു എങ്കിലും അവളിൽ ആദ്യമുണ്ടായിരുന്ന ദേഷ്യഭാവം പാടെ അകന്നുപോയിരുന്നു എന്നു മുഖത്ത് നിന്നും വളരെ എളുപ്പത്തിൽ ഗ്രഹിക്കാമായിരുന്നു. അതിന്റെ ഒരു ആശ്വാസം സുഹാസിന്റെ മുഖത്തും കാണുവാനുണ്ടായിരുന്നു.
കൊള്ളാമല്ലോ ഈ തമാശ കേൾക്കാൻ രസമുണ്ട് ….. ആ എന്നിട്ട്”? കൗതുകത്തോടൊപ്പം അല്പം കുസൃതിയും നിറഞ്ഞ സ്വരത്തോടെ അവൾ ചോദിച്ചു.

സുഹാസ് മെല്ലെ ചിരിച്ചു. തനിക്ക് ഒരു പക്ഷെ ഇത് തമാശയായിരിക്കാം. കഴിഞ്ഞ ഏതാനും വർഷങ്ങളായിട്ട് തുടർച്ചയായി സ്വപ്നത്തിൽ മാത്രം കണ്ടിരുന്ന പെൺകുട്ടി ദാ ഇങ്ങനെ ഒരു രൂപ മാറ്റവുമില്ലാതെ ഇങ്ങനെ മുന്നിൽ വന്നിരുന്നാൽ അത് എന്റെ ഉള്ളിലുണ്ടാക്കുന്ന ഉന്മാദം ആ ഒരു എക്സൈറ്റ്മെന്റ് തനിക്കു പറഞ്ഞാൽ മനസ്സിലാകുമോ. ? അല്ലെങ്കിൽ വേണ്ട മനോരഞ്ജിനി എന്ന പെൺകുട്ടി തന്നെ ഏറെ ഇൻഫ്ളുവൻസ് ചെയ്ത വ്യക്തി. ദി ഫേമസ് ഓതർ അഗതാ ക്രിസ്റ്റി കണ്മുന്നിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടാൽ താൻ എക്സ്റ്റെഡ് ആവുമോ ?
പെട്ടെന്ന് മനോരഞ്ജിനി അതിശയപൂർവ്വം അയാളോട് ചോദിച്ചു എന്റെ ഫേമസ് റൈറ്റർ അഗതാ ക്രിസ്റ്റി ആണെന്ന് നിങ്ങൾക്കെങ്ങനെ അറിയാം?
ഒരു ചെറു പുഞ്ചിരി ആയിരുന്നു അതിനു മറുപടി.
അങ്ങനെ അന്നത്തെ ആ ഒരു സംസാരത്തോടു കൂടി അവർ സുഹൃത്തുക്കളായി. ഒരു രാത്രി കുടുംബത്തോടപ്പമിരുന്നുള്ള അത്താഴ വേളയിൽ അവൾ പൊടുന്നനെ ഒരു മുന്നറിയിപ്പുമില്ലാതെ അച്ഛനെ നോക്കി പറഞ്ഞു. അച്ഛാ, എനിക്ക് ഒരാളെ കല്യാണം കഴിക്കണം.
ആ ഡൈനിങ്ങ് റൂം നിശബ്ദമായി. അമ്മയുടെ മുഖത്തു ദേഷ്യം ഇരമ്പി നിറഞ്ഞിരുന്നു. അവരുടെ മുഖം ദേഷ്യത്താൽ ചുവന്നു. അമ്മ ഒന്നും തന്നെ മിണ്ടാതെ കഴിച്ചു കൊണ്ടിരുന്ന പത്രമെടുത്തു കിച്ചണിലേക്കു പോയി ധൃതിയിൽ പ്ലേറ്റുകൾ കഴുകി വച്ചിട്ട് തിരികെ വന്നു. രംഗം നിശ്ചലമാണ് അവർ ഭർത്താവിന് നേരെ നോക്കി. അയാളിൽ പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നുമില്ല ചപ്പാത്തി മെല്ലെ കഴിച്ചു കൊണ്ടിരുന്നു.
അച്ഛാ ഞാൻ!
ആരാണ് കക്ഷി”? അവളെ മുഴുവനും പറയുവാൻ അനുവദിക്കാതെ അച്ഛൻ തിരിച്ചു ചോദിച്ചു.
അത്…..അത്. …… ഇവിടെ ബാംഗ്ലൂരിൽ തന്നെയുള്ള ഒരു മലയാളി ആണ് സുഹാസ് …….”
ഓഹോ അത് ശെരി അപ്പൊ നീയാള് കൊള്ളാമല്ലോ! ആരോ ഒരുത്തൻ നിന്നെ നോക്കി കമന്റ് അടിച്ചുവെന്നു പറഞ്ഞു പ്രശ്നമുണ്ടാക്കിയ ആളല്ലേ നീ എന്നിട്ടിപ്പോ പ്രേമമോ ….? നല്ല കോമഡി! അനിയൻ അവളെ പരിഹസിച്ചു.
കോമഡിയല്ല. സീരിയസ് ആണ്. അവൾ അല്പം ക്രുദ്ധയായി അവനു നേരെ നോക്കി. അപ്പു ഇവിടെയിരുന്ന് എല്ലാവർക്കും മുന്നിൽ ഇരുന്നു ഇങ്ങനെ കോമഡി പറയുവാൻ നിന്റെ ചേച്ചിക്ക് പ്രായം പത്തല്ല.
അച്ഛൻ സംസാരിച്ചു തുടങ്ങി. ആട്ടെ മോളെ, ആരാണ് ഈ പയ്യൻ. എന്താണ് അയാളുടെ വെയർഎബൗട്സ്?
ഓഹോ മകളുടെ തോന്ന്യാസത്തിനു അച്ഛനും കൂട്ട് നില്കുവാണോ? കൊള്ളാം നന്നായിരിക്കണു. അമ്മ നീരസത്തോടു കൂടെ അഭിപ്രായപ്പെട്ടു.

നീയൊന്നു അടങ്ങു രേണുക. കുട്ടികളുടെ അഭിപ്രായം അതിനെ മാനിക്കണ്ടേ? നമ്മുടെ മകൾക്ക് ഒരു ആഗ്രഹമുണ്ടായപ്പോൾ അത് അവൾ ആദ്യം പറഞ്ഞത് അവളുടെ അച്ഛനോടും അമ്മയോടുമാണ്. ന്യൂ ജനറേഷന്റെ പേയ്കുത്തുകൾ കുടുംബങ്ങൾ ശിഥിലമാക്കുന്ന ഈ കാലത്തു ഒരു കുട്ടി തന്റെ വിവാഹത്തെ കുറിച്ചുള്ള ആഗ്രഹം അവളുടെ അച്ഛനോടുമമ്മയോടും ഓപ്പൺ ആയി ഡിസ്‌കസ് ചെയ്യുക അത് ഒരു ചെറിയ കാര്യമല്ല. നമുക്ക് നോക്കാം. നല്ലതാണെങ്കിൽ അവൾ അവിടെ സേഫ് ആൻഡ് ഓക്കേ ആണെങ്കിൽ പിന്നെയെന്താ പ്രശ്നം ? താൻ ആദ്യം ഒന്ന് സമാധാനിക്കൂ. ഞാൻ ചോദിക്കട്ടെ കാര്യങ്ങൾ.
കൈ കഴുകുവാൻ വാഷ് ഏരിയയിലേക്ക് നീങ്ങുമ്പോൾ പ്രേംദാസ് എന്ന മനോരഞ്ജിനിയുടെ പിതാവ് തന്റെ ഭാര്യയുടെ ചെവിയിലായി അടക്കം പറഞ്ഞു.
ശെരി മോളെ പറയു ആരാണ് സുഹാസ് എന്താണ് അയാൾ ?

അവൾ സുഹാസിന്റെ ഓൺലൈൻ പ്രൊഫൈൽ തന്റെ ഫോണിൽ ഓപ്പൺ ചെയ്തു അച്ഛന് കൊടുത്തു. ടേബിളിൽ ഇരുന്ന കണ്ണട എടുത്തു മൂക്കിന് മുകളിൽ വച്ച് അയാൾ ആ ഫോണിലെ വിശദാംശങ്ങളിൽ പരതി.
ഒപ്പം അനിയനും. ആകാംഷ അടക്കാനാവാതെ അമ്മ രേണുകയും അച്ഛന് പിന്നിൽ നിന്ന് ഫോണിലേക്കു എത്തി വലിഞ്ഞു നോക്കി. അച്ഛൻ സുഹാസിന്റെ ഫോട്ടോ എൻലാർജ് ചെയ്തു നോക്കിയപ്പോൾ അമ്മ ഫോൺ തന്റെ കയ്യിലേക്ക് വാങ്ങി സൂക്ഷിച്ചു നോക്കിയിട്ട് തിരികെ കൊടുത്തു. എന്തേ മകൾക്കു ചേരുന്ന സൗന്ദര്യം ഇല്ല എന്നുണ്ടോ ഇയാൾക്ക് ? അല്പം പരിഹാസത്തോടെ കൂടെ എന്നാൽ ഒരു ചെറു ചിരിയോടു കൂടെയും ചോദിച്ചു. രേണുക ഒന്നും മറുപടി പറഞ്ഞില്ല.
മനോരഞ്ജിനിയുടെ മുഖത്ത് നല്ല ആശ്വാസം കണ്ടിരിക്കുന്നവർക്കു മനസ്സിലാക്കാമായിരുന്നു.
എങ്ങിനെയാണ് സുഹാസ് നിനക്കു എന്റെ ഫേവറിട്ട് ഓതർ അഗതാ ക്രിസ്റ്റി ആണെന്നറിഞ്ഞത്. ”
കസ്തുർബ റോഡിലെ കുബ്ബൺ പാർക്കിൽ സിൽവർ ഓക്ക് മരങ്ങൾക്കിടയിലൂടെ വിരൽ കോർത്ത് പിടിച്ചു നടക്കുന്നതിനിടയിൽ കർണ്ണിക എന്ന മനോരഞ്ജിനി സുഹാസ് ജി മേനോനോട് ചോദിച്ചു.

അല്പം ഉച്ചത്തിൽ ചിരിച്ചു കൊണ്ട് സുഹാസ് പറഞ്ഞു. സിംപിൾ, ഇഷ്ടപെട്ട പെണ്ണിന്റെ ഓൺലൈൻ പ്രൊഫൈൽ സേർച്ച് ചെയ്തു ലൈക്സ് ആൻഡ് ഡിസ്‌ലൈക്ക് ചെക്ക് ചെയ്യുക ത്രൂ ഔട്ട് ഫോളോ ചെയ്യുമ്പോൾ നാഷണൽ ലൈബ്രറി വിസിറ്റ് ഉണ്ടെന്നറിയുക. അതെ ലൈബ്രറി മെമ്പർഷിപ് എടുക്കുക. സിമ്പിൾ മാറ്റർ . മനോരഞ്ജിനിയുടെ അക്കൗണ്ടിൽ അഗതാ ക്രിസ്റ്റിയുടെ ബുക്കുകൾ കൂടുതൽ. ഓൺലൈൻ പ്രൊഫൈലിൽ ഫേവറിറ്റ് റൈറ്റർ സെയിം പേഴ്സൺ.
എന്തിനാ ഇത്രയും ചെക്കിങ്സ് ഒക്കെ?
അതോ, അങ്ങനെയൊക്കെ ചെയ്തത് കൊണ്ടാണ് ആ താലിമാല തന്റെ കഴുത്തിൽ കിടന്നു ഇങ്ങനെ എന്നെ നോക്കി ചിരിക്കുന്നത്.
എമിറേറ്റ്സ് വിമാനത്തിൽ ഇരുന്നു ദുബൈയിലേക്ക് പറക്കുമ്പോൾ അവൾ തന്റെ വിവാഹ മോതിരത്തിലേക്കു നോക്കി മന്ദഹാസം പൊഴിച്ചു സുഹാസ് എന്ന് പേര് ആലേഖനം ചെയ്ത ആ മോതിരത്തിൽ മെല്ലെയൊന്നു ചുംബിക്കാതിരിക്കുവാൻ അവൾക്കു കഴിഞ്ഞില്ല. സുഹാസിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മറ്റെന്നാൾ നടക്കുവാൻ പോകുന്നത് ദുബായിൽ ഒരു സ്റ്റാർട്ട് അപ്പ്. യു എ ഇ യിൽ ബിസിനസ് ചെയ്യുന്ന അച്ഛന്റെ കൂടെ ജോയിൻ ചെയ്യാൻ പല ആവർത്തി അച്ഛൻ പറഞ്ഞുവെങ്കിലും സ്വന്തം അധ്വാനത്തിൽ ഒരു സ്റ്റാർട്ട് അപ്പ് ചെയ്യുവാൻ ഉള്ള മകന്റെ മനസ്സിനെ ആ അച്ഛന്റെ മനസ്സിൽ വലിയ അഭിമാനം മകനെ കുറിച്ച് ഉണ്ടാകുവാൻ ധാരാളമായിരുന്നു. ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് ചെയ്യാം എന്ന അച്ഛന്റെ ഓഫർ പോലും അയാൾ നിരസിച്ചു പകരം അച്ഛന്റെ കമ്പനിയുടെ കെയർ ഓഫിൽ ഒരു ലോൺ ഫെസിലിറ്റി അത് മാത്രമാണ് സുഹാസ് ആവശ്യപ്പെട്ടത്. ഒപ്പം മനോരഞ്ജിനിയെ ഇനിയുള്ള ജീവിതത്തിൽ ഒപ്പം കൂട്ടാനൊരു അനുവാദവും.

മനോരഞ്ജിനിയുടെ ഫാമിലി സ്റ്റാറ്റസ് അവരെക്കാൾ കുറച്ചു താഴെയായിരുന്നെങ്കിലും പെണ്ണ് കാണൽ ചടങ്ങിൽ അവൾ സുഹാസിന്റെ ഫാമിലിയെ തെല്ലൊന്നുമല്ല ഇമ്പ്രെസ്സ് ചെയ്തത്. മനോരഞ്ജിനിയുടെ വീട്ടിൽ നിന്നും തിരികെ മടങ്ങുമ്പോൾ സുഹാസിന്റെ അച്ഛൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു ” ഷി ഈസ് വെരി ഇന്റലിജന്റ് ”
എമിറേറ്റ്സ് ബിസിനസ് പാർക്കിൽ പുതിയതായി മലയാളി യുവ സംരംഭകൻ സുഹാസ് ജി മേനോൻ തുടങ്ങുന്ന പുതിയ സ്റ്റാർട്ട് അപ്പ് ‘ദ ക്രിയേറ്റഴ്‌സ് ‘ ‘ ന്റെ ഉദ്‌ഘാടന വേളയിൽ ജി കെ മേനോൻ എന്ന ജി കൃഷ്ണ മേനോൻ അവിടെ ക്ഷണിക്കപ്പെട്ടു സന്നിഹിതരായ വിശിഷ്ട അതിഥികളോടായി പറഞ്ഞു. ” ദ ക്രിയേറ്റേഴ്സ് ഉദ്‌ഘാടനം ചെയ്യുവാൻ എന്റെ മകൻ ആഗ്രഹിച്ചത് എന്റെ കൈ കൊണ്ടാണെങ്കിലും അതിനു ഏറ്റവും യോഗ്യൻ അവൻ തന്നെയാണ്. അവൻ തുടങ്ങുന്ന ഈ പുതിയ ബിസിനസ് അവൻ തന്നെ ഉദ്‌ഘാടനം ചെയ്തു പ്രവർത്തനം ആരംഭിക്കട്ടെ എന്നാണ് എന്റെ തീരുമാനം. അതിനായി എന്റെ മകൻ സുഹാസിനെയും മരുമകൾ മിസ്സിസ് സുഹാസിനെയും ക്ഷണിക്കുന്നു.

ജി കെ മേനോന്റെ പ്രസംഗം കേട്ട് നിറഞ്ഞ ചിരിയോടെ അതിഥികൾ ഒന്നടങ്കം കൈയടിച്ചു. മനോരഞ്ജിരിയെന്ന കർണ്ണിക വീൽ ചെയർ മെല്ലെ തള്ളിക്കൊണ്ട് പവലിയനിലേക്ക് വന്നു. ആ വീൽ ചെയറിൽ വലതു ഭാഗത്തു കൃത്രിമ കാല് ഘടിപ്പിച്ച ശരീരവുമായി സുഹാസ് സുസ്മേരവദനനായി ഇരുന്നു. അച്ചന്റെ ആശീർവാദത്തോടെ അമ്മയുടെയും മറ്റുള്ളവരുടെയും പ്രാര്ഥനയോടു കൂടി സുഹാസും ഭാര്യയും ചേർന്ന് സ്വിച്ച് ഓൺ ചെയ്തു.
വേദിയിൽ ഇരുന്ന അഥിതികളിൽ ഒരാൾ അടുത്തിരുന്ന ആളോട് തിരക്കി. അല്ല, മിസ്റ്റർ ജി കെ യുടെ മകന്റെ കലിനെന്തു പറ്റി? ലാസ്‌റ്റ് ഇയർ അയാളെ കണ്ടപ്പോൾ വീൽ ചെയറിൽ അല്ലായിരുന്നല്ലോ!
അത് കേട്ട് കൊണ്ടിരുന്ന സുഹാസിന്റെ അങ്കിൾ പറഞ്ഞു.
രണ്ടു മാസം മുൻപ് ഉണ്ടായ ഒരു കാർ ആക്സിഡന്റ് അതിൽ അയാളുടെ ഒരു കാൽ നഷ്ടപ്പെട്ടു.
അതെ സമയം മറ്റു കുറച്ചു പേരുടെ ചർച്ച ഇങ്ങനെ പോയി. ആക്‌സിഡന്റ് ആണെന്നാണ് ഇവിടെയൊക്കെ പറഞ്ഞത്. സംഭവം കാൽ വെട്ടിയതാ. ബാംഗ്ളൂർ അല്ലെ സ്ഥലം! പ്രഫഷണൽ റിവഞ്ജ് ആണെന്നാണ് എന്റെ അറിവ്. ഈ ചെറുക്കൻ എപ്പോഴും സി ഇ ഓ യുടെ ബെസ്റ് അവാർഡ് നേടും അതിലുള്ള കലിപ് തീർത്തതെന്നാ പറഞ്ഞു കേട്ടത്.
ജി കെ യുടെ അല്ലെ വിത്ത്! അപ്പോൾ ഉശിരു കൂടും.
മറ്റൊരാളുടെ അഭിപ്രായം.
ജി കെ മേനോൻ മക്കളോട് പറഞ്ഞു
എന്റെ മകനോടും മരുമകളോടും ഒരേയൊരു ഉപദേശമേ എനിക്ക് തരാനുള്ളൂ. അതായതു ബിസിനെസ്സിൽ സ്വന്തം അച്ഛനെ പോലും വിശ്വസിക്കരുത് എന്നാൽ ബിസിനെസ്സിൽ ശത്രുക്കൾ ഉണ്ടായിരിക്കുകയുമരുത്.
അച്ഛന്റെ ഉപദേശത്തെ ഗൗരവമായി കൊണ്ട് ആ യുവ ദമ്പദികൾ അവർക്കായി ക്രമീകരിച്ച ക്യാബിനിലേക്കു നീങ്ങി. അതിൽ അടുത്തടുത്ത രണ്ടു ടേബിളുകളിൽ ഇങ്ങനെ നെയിം ബോർഡ് വച്ചിരുന്നു. സുഹാസ് ജി മേനോൻ സി ഇ ഓ
കർണ്ണിക എസ്‌ മേനോൻ. മാനേജിങ് ഡയറക്ടർ.
സുഹാസിന്റെ വീൽ ചെയറിനു പിന്നിൽ അഭിമാനത്തോടെ ആ ചെയറിന്റെ ഹാന്ഡിലിൽ ദൃഡതയോടെ പിടിച്ചു കൊണ്ട് മനോരഞ്ജിനി എന്ന കർണ്ണിക എസ്സ് മേനോൻ അഭിമാനത്തോടെ നിലകൊണ്ടു.

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.