അന്തർ സംസ്ഥാന കുറ്റവാളിയായ കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. തമിഴ്നാട്ടില്‍ `മരിയാർ ഭൂതം’ എന്നറിയപ്പെടുന്ന ഗോപി ലോറൻസ് ഡേവിഡിനെയാണ് പാലാരിവട്ടം പോലീസ് സാഹസികമായി പിടികൂടിയത്. നാനൂറിലധികം മോഷണക്കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി ഇയാള്‍ക്കെതിരെയുളളത്.

കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗോപി ലോറൻസ് ഡേവിഡ് മോഷണം നടത്തിവന്നത്. 40 വർഷത്തിനിടെ 67കാരനായ ലോറന്‍സിനെതിരെ ചെന്നൈയില്‍ മാത്രം നാനൂറിലധികം മോഷണക്കേസുകളുണ്ട്. രാത്രികാലങ്ങളില്‍ വീടുകളും ,കടകളും കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് രീതി. തമിഴ്നാട് ,പോണ്ടിച്ചേരി, എന്നിവിടങ്ങളിലായി വിവിധ കുറ്റകൃത്യങ്ങളിൽ ഇരുപതു വർഷത്തെ തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ക‍ഴിഞ്ഞ ഒരു മാസം മുന്പ് കൊച്ചിയിലെത്തിയ പ്രതി സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത ശേഷം ന്യൂ ജനറേഷൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തിവരികയായിരുന്നു.

പട്രോളിങ്ങിനിടെ പാലാരിവട്ടം പൊലീസാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും മോഷ്ടിച്ച 25 പവനിലധികം സ്വർണ്ണവും 5 ലക്ഷം രൂപയുടെ ഡയമണ്ടും പിടിച്ചെടുത്തതായി എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ പി എസ് സുരേഷ് പറഞ്ഞു.
മൂര്‍ച്ചയുളള ഇരുന്പുകന്പി, ടോര്‍ച്ച്, സ്ക്രൂ ഡ്രൈവര്‍ എന്നിവയാണ് ഇയാളുടെ പ്രധാന ആയുധം. മോഷണത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് അസാന്മാർഗിക ജീവിതം നയിച്ചു വരികയായിരുന്നു ഇയാൾ.