ഇന്ന് വിവാഹം നടക്കാനിരിക്കെ നവ വരൻ തീവണ്ടിക്ക് മുന്നിൽച്ചാടി ജീവനൊടുക്കി. ചാലപ്പറമ്പ് പീടികചിറയിൽ പരേതനായ ദാസന്റെ മകൻ സുധീഷാണ് (35) മരിച്ചത്. ടി.വി പുരം സ്വദേശിനിയുമായിട്ടായിരുന്നു ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവീട്ടുകാരും വിവാഹച്ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ആമ്പല്ലൂർ റെയിൽവേ ക്രോസിന് സമീപത്തെ ട്രാക്കിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്ക് പോവുകയായിരുന്ന ജനശതാബ്ദിക്ക് മുന്നിലാണ് ഇയാൾ ചാടിയത്. ഇന്നലെ രാവിലെ എട്ടോടെ ഇവിടെയെത്തിയ സുധീഷ് സമീപത്തെ കടയിൽ നിന്ന് നാരാങ്ങാവെള്ളം കുടിച്ച ശേഷം ലോട്ടറി ടിക്കറ്റും എടുത്തിരുന്നു. ഈ സമയം ഇതു വഴി രണ്ട് തീവണ്ടികൾ കടന്നുപോയിരുന്നു.

ഒരുപാട് സമയം ഇയാൾ ഇവിടെ നിന്നു. സംശയം തോന്നിയ പരിസരവാസികൾ തിരക്കിയപ്പോൾ സുഹൃത്തിനെ കാത്തു നിൽക്കുകയാണെന്നാണ് പറഞ്ഞത്. 10.10 ന് ജനശതാബ്ദി വരുന്നത് കണ്ട സുധീഷ് പാളത്തിലേയ്ക്ക് ഇറങ്ങി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ശരീരം  ചിതറിപ്പോയി.മുളന്തുരുത്തി എസ്.ഐ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടി സ്വീകരിച്ചു. തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു