കൊച്ചി: ചമ്പക്കര മഹിളാമന്ദിരത്തിന് ബുധനാ‍ഴ്ച ഉത്സവ ദിനമായിരുന്നു. മന്ദിരത്തിലെ മൂന്ന് യുവതികളാണ് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. അമൃത, മഹേശ്വരി, സംഗീത എന്നിവരുടെ വിവാഹമാണ് ഒറ്റപ്പന്തലില്‍ നടന്നത്. അനില്‍കുമാര്‍, ഷനോജ്, രാജ് നാരായണന്‍ എന്നിവരാണ് വരന്മാര്‍. ബുധനാ‍ഴ്ച രാവിലെ 10.45നും 11.15നും ഇടയില്‍ ചമ്പക്കര ഗന്ധര്‍വ്വസ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. കൊവിഡ്‌ പ്രോട്ടോക്കോള്‍ പ്രകാരം വിവാഹ ചടങ്ങുകളില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍, നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി മാര്‍ട്ടിന്‍, കൗണ്‍സിലര്‍ വി.പി ചന്ദ്രന്‍, മഹിളാ മന്ദിരം സൂപ്രണ്ട് ബീന എസ് ആര്‍, വനിതാശിശു വികസനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

യുവതികളുടെ വിവാഹത്തിനായി വനിതാശിശു വികസന വകുപ്പില്‍ നിന്നും ഒരു ലക്ഷംരൂപ വീതം അനുവദിച്ചിരുന്നു. സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും മംഗള കര്‍മ്മത്തിനായി സഹായ സഹകരണങ്ങളും ലഭിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ് മന്ദിരത്തിലെ എല്ലാ അംഗങ്ങള്‍ക്കും പുതു വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ആശംസകള്‍ നേരുകയും ചെയ്തിരുന്നു.

18 വയസ് കഴിഞ്ഞ വിധവകള്‍, അഗതികള്‍, അശരണരായ സ്ത്രീകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് സംരക്ഷണവും തൊഴില്‍ പരിശീലനവും നല്‍കുകയാണ് വനിതാശിശു വികസന വകുപ്പിന് കീ‍ഴിലുളള ഈ സര്‍ക്കാര്‍ മഹിളാ മന്ദിരം, അനാഥാലയങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 18 വയസ് പൂര്‍ത്തിയായവരെയും ഇവിടെയാണ് സംരക്ഷിക്കുന്നത്. ഇത്തരത്തിലുള്ള 23 പേരാണ് മഹിളാ മന്ദിരത്തിലുള്ളത്. വിവാഹ പ്രായമാകുന്നവര്‍ക്ക് ആലോചന വരുന്നതനുസരിച്ച് വിശദാംശങ്ങള്‍ വനിതാ ശിശു വികസന വകുപ്പിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വരന്‍റെ ജില്ലയിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിവാഹം ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്.