വലിപ്പത്തില്‍ ഭീമന്‍മാരായ എക്സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ കാലം കഴിഞ്ഞു. കൂടുതല്‍ സ്റ്റോറേജ് കപ്പാസിറ്റിയുള്ള കുഞ്ഞു ഫ്‌ളാഷ് ഡ്രൈവുകളാണ് ഇനി മാര്‍ക്കറ്റിലെ താരം. വലിയ ഹാര്‍ഡ് ഡിസ്‌കുകളെ റിപ്ലേസ് ചെയ്യുന്ന കുഞ്ഞു ഫ്‌ളാഷ് ഡ്രൈവുകളെ അവതരിപ്പിച്ചിരിക്കുന്നത് സാന്‍ഡിസ്‌ക്കാണ്. ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയ്ക്കാണ് പുതിയ ഫ്‌ളാഷ് ഡ്രൈവുകള്‍ സാര്‍ഡിസ്‌ക്ക് അവതരിപ്പിച്ചിരിക്കുന്നത്.

1ടിബി യുഎസ്ബി ടൈപ്-സി ഫ്‌ളാഷ് ഡ്രൈവാണ് ഇനി വിപണി കീഴടക്കാന്‍ പോകുന്നതെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശ വാദം. ഇതിന്റെ നിര്‍മ്മാണം മുഴുവനായും പൂര്‍ത്തിയായിട്ടില്ല. ഇത്രയധികം സംഭരണ ശേഷിയുള്ള കുഞ്ഞു ഫ്‌ളാഷ് ഡ്രൈവുകള്‍ ആദ്യമായി പരിചയപ്പെടുത്തുന്നതും സാന്‍ഡിസ്‌ക് തന്നെയാണ്. ഇതോടൊപ്പം ലോകത്തെ ഏറ്റവും ചെറിയ 256 ജിബി അള്‍ട്രാ ഫിറ്റ് യുഎസ്ബി 3.1 ഫ്‌ളാഷ് ഡ്രൈവ് (Ultra Fit USB 3.1 Flash Drive) സാന്‍ഡിസ്‌ക്ക് അവതരിപ്പിച്ചിട്ടുണ്ട്.

യുഎസ്ബി ടൈപ്-സി പോര്‍ട്ടുകള്‍ സാധാരണ ഡാറ്റ ട്രാന്‍സ്ഫറിനേക്കാളും വേഗത്തില്‍ ഡാറ്റ കൈമാറാന്‍ സഹായിക്കുന്ന പോര്‍ട്ടുകളാണ്. ഇത്തരം പോര്‍ട്ടുകളുമായി കുഞ്ഞു ഹാര്‍ഡ് ഡിസ്‌കുമായി കണക്ട് ചെയ്യുമ്പോള്‍ ഡാറ്റ കൈമാറ്റം അതിവേഗത്തിലാകും. മാക്ബുക്കുകളിലും പുതിയ ചില പിസികളിലും ഇത്തരം പോര്‍ട്ടുകളുണ്ട്. 1 ടിബി ഡ്രൈവിന്റെ നിര്‍മ്മാണം പൂര്‍ത്തായായിട്ടില്ലാത്തതു കാരണം കൂടുതല്‍ ടെക്‌നിക്കല്‍ ഇന്‍ഫര്‍മേഷനുകള്‍ കമ്പനി പുറത്ത് അറിയിച്ചിട്ടില്ല. നിര്‍മ്മാണച്ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തറിയാത്തത് കാരണം ഇതിന്റെ വില സംബന്ധിച്ച വിവരങ്ങളും ഇപ്പോള്‍ ഊഹിക്കാന്‍ കഴിയില്ല.