2024-ലെ സെര്‍ച്ച് ട്രെന്‍ഡ് വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വിഭവമാണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി. ഭക്ഷണ വിഭവ രുചിക്കൂട്ടുകള്‍ക്കായുള്ള (റെസിപ്പി) അന്വേഷണങ്ങളുടെ കൂട്ടത്തിലാണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി ഇന്ത്യയില്‍ ഒന്നാം സ്ഥാനം നേടിയത്. സെര്‍ച്ചില്‍ ഒന്നാമതാണെങ്കിലും പലര്‍ക്കും അറിയില്ല, എന്താണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി എന്ന്.
എന്താണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി എന്ന് നോക്കാം. ലളിതമായി പറഞ്ഞാല്‍ പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കോക്ക്‌ടെയിലാണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി. പാഷന്‍ ഫ്രൂട്ട് ജ്യൂസിനും ലൈം ജ്യൂസിനുമൊപ്പം വോഡ്ക, പാഷന്‍ ഫ്രൂട്ടില്‍ നിന്ന് നിര്‍മ്മിക്കുന്ന മദ്യമായ പസ്സോവ എന്നിവ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന കോക്ക്‌ടെയിലാണ് ഇത്. അതേസമയം, ജിന്നും വെര്‍മൗത്തും ഉള്‍പ്പെടെ യോജിപ്പിച്ച് നിര്‍മ്മിക്കുന്ന മാര്‍ട്ടിനി എന്ന കോക്ക്‌ടെയിലുമായി ഇതിന് വലിയ ബന്ധമൊന്നുമില്ല.
ലണ്ടനിലെ ലാബ് ലണ്ടന്‍ ബാര്‍ ഉടമയായ ഡൗഗ്ലസ് അങ്ക്രയാണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനിയുടെ സ്രഷ്ടാവ്. 2002-ലാണ് ഡൗഗ്ലസ് പുതിയ കോക്ക്‌ടെയില്‍ രൂപപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലുള്ള ന്യൂഡ് സ്ട്രിപ് ബാറായ മാവെറിക്‌സ് റെവ്യൂ ബാറിലെ ജെന്റില്‍മെന്‍സ് ക്ലബ്ബ് സന്ദര്‍ശനമാണ് പുതിയ കോക്ക്‌ടെയിന് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2021-ലാണ് ഡൗഗ്ലസ് അന്തരിച്ചത്.
പോണ്‍സിനിമാ വ്യവസായവുമായോ പോണ്‍സ്റ്റാറുകളുമായോ യാതൊരു ബന്ധവും പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനിക്കില്ല. താന്‍ മനഃപൂര്‍വമാണ് കോക്ക്‌ടെയിലിന് ഇത്തരമൊരു പ്രകോപനപരമായ പേര് നല്‍കിയതെന്ന് ഡൗഗ്ലസ് പറഞ്ഞിട്ടുണ്ട്. കലര്‍പ്പില്ലാത്ത ആഹ്‌ളാദവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന ‘സെക്‌സി’യും സ്റ്റൈലിഷുമായ പാനീയം എന്ന നിലയിലാണ് ഈ പേര് നല്‍കിയതെന്ന് പറഞ്ഞ ഡൗഗ്ലസ്, താന്‍ പോണിന്റേയോ ഏതെങ്കിലും പോണ്‍ സ്റ്റാറിന്റേയോ ആരാധകനല്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
2019-ല്‍ ബ്രിട്ടീഷ് ചെറുകിട വില്‍പ്പന ശൃംഖലയായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനിയുടെ പേര് പാഷന്‍ സ്റ്റാര്‍ മാര്‍ട്ടിനി എന്നാക്കി മാറ്റിയിരുന്നു. പോണോഗ്രാഫിയെ സാധാരണവത്കരിക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഈ പേരുമാറ്റം.
Leave a Reply