ഈ ലോകകപ്പിൽ ആദ്യമായി 400 കടക്കുന്ന ടീമെന്ന റെക്കോർഡിലേക്കു കണ്ണുംനട്ടിറങ്ങിയ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനെതിരെ അപ്രതീക്ഷിത ബാറ്റിങ് തകർച്ച. ഒരു ടീമിനെയും കുറച്ചുകാണാനില്ലെന്ന പ്രഖ്യാപനത്തോടെ സമ്പൂർണ ടീമുമായി കളത്തിലിറങ്ങിയിട്ടും താരതമ്യേന ദുർബലരായ അഫ്ഗാനിസ്ഥാനെതിരെ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്കു നേടാനായത് 224 റൺസ് മാത്രം! ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

2015 ഏപ്രിലിനു ശേഷം ആദ്യം ബാറ്റു ചെയ്ത് 50 ഓവറും ക്രീസിൽ ചെലവഴിച്ച് ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ സ്കോറാണ് ഇന്നത്തേത്. 2015ൽ ഇൻഡോറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയ 247 റൺസാണ് ഇതിനു മുൻപുള്ള ചെറിയ സ്കോർ. അന്ന് ഇന്ത്യ 22 റൺസിനു ജയിച്ചു. 63 പന്തിൽ അ‍ഞ്ചു ബൗണ്ടറി സഹിതം 67 റൺസെടുത്ത കോലി തന്നെ ഇന്ത്യയുടെ ടോപ് സ്കോറർ. ഏകദിനത്തിൽ കോലിയുടെ 52–ാം അർധസെഞ്ചുറിയാണിത്. കൂട്ടത്തകർച്ചയ്ക്കിടയിലും ആറാം ഏകദിന അർധസെഞ്ചുറി കണ്ടെത്തിയ കേദാർ ജാദവാണ് ഇന്ത്യയെ 200 കടത്തിയത്. ജാദവ് 68 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്തു.

തകർച്ചയോടെ തുടക്കം, ഒടുക്കം

സ്കോർ ബോർഡിൽ ഏഴു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ രോഹിത് ശർമയെ നഷ്ടമാക്കിയ ഇന്ത്യയ്ക്ക് പിന്നീടൊരിക്കലും സമ്പൂർണ മികവിലേക്ക് ഉയരാനായില്ല. ഓരോ 10 ഓവറിലും ഇന്ത്യൻ താരങ്ങൾ നേടിയ റൺസിന്റെ കണക്കിലുണ്ട്, ഇന്ത്യൻ േനരിട്ട തകർച്ചയുടെ ആഴം.
അർധസെഞ്ചുറി നേടിയ വിരാട് കോലിയും കേദാർ ജാദവും പങ്കാളികളായ മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകൾ മാത്രമുണ്ട് ഇന്ത്യയ്ക്ക് അഭിമാനിക്കാൻ. രണ്ടാം വിക്കറ്റിൽ കോലി–ലോകേഷ് രാഹുൽ സഖ്യവും (57), നാലാം വിക്കറ്റിൽ കോലി – വിജയ് ശങ്കർ സഖ്യവും (58), അഞ്ചാം വിക്കറ്റിൽ ജാദവ് – ധോണി സഖ്യവുമാണ് (57) അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയെ താങ്ങിനിർത്തിയത്.

രോഹിത് ശർമ (ഒന്ന്), ലോകേഷ് രാഹുൽ (53 പന്തിൽ 30), വിജയ് ശങ്കർ (41 പന്തിൽ 29), മഹേന്ദ്രസിങ് ധോണി (52 പന്തിൽ 28), ഹാർദിക് പാണ്ഡ്യ (ഒൻപതു പന്തിൽ ഏഴ്), മുഹമ്മദ് ഷമി (ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. കുൽദീപ് യാദവ് (ഒന്ന്), ജസ്പ്രീത് ബുമ്ര (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു. അഫ്ഗാൻ നായകൻ ഗുൽബാദിൻ നായിബ് എറിഞ്ഞ അവസാന ഓവറിലും ഇന്ത്യയ്ക്കു രണ്ടു വിക്കറ്റ് നഷ്ടമായി.

അഫ്ഗാൻ നിരയിൽ പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് ലഭിച്ചു. കൂട്ടത്തിൽ കൂടുതൽ വിക്കറ്റുകൾ പങ്കിട്ടത് ക്യാപ്റ്റൻ ഗുൽബാദിൻ നായിബും മുഹമ്മദ് നബിയും. നായിബ് 9 ഓവറിൽ 51 റൺസ് വഴങ്ങിയും നബി 9 ഓവറിൽ 33 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുജീബുർ റഹ്മാൻ, അഫ്താബ് ആലം, റാഷിദ് ഖാൻ, റഹ്മത്ത് ഷാ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ മൽസരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒൻപത് ഓവറിൽ 110 റൺസ് വഴങ്ങി നാണക്കേടിന്റെ റെക്കോർഡിലേക്കു പന്തെറിഞ്ഞ റാഷിദ് ഖാൻ ഇന്ത്യയ്ക്കെതിരെ 10 ഓവറിൽ വിട്ടുകൊടുത്തത് 38 റൺസ് മാത്രം.