സ്പിരിച്വല്‍ ടീം. മലയാളം യുകെ.
യഹൂദ പാരമ്പര്യമനുസരിച്ച് ഒരു സ്ത്രീ വിവാഹിതയാകാതിരിക്കുക അപമാന പരമായിട്ടാണ് കരുതുക. അതു കൊണ്ട് പരിശുദ്ധ കന്യകയും യഹൂദാചാരപ്രകാരം വിവാഹിതയായി എന്നതുമാനിക്കുന്നതില്‍ തെറ്റില്ല. കൂടാതെ പരിശുദ്ധ കന്യക പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ദൈവസുതന്റെ മാതാവായും, അവളുടെ അഭിമാനം സംരക്ഷിക്കുന്നതിനും വിവാഹം ആവശ്യമായിരുന്നു. ഇക്കാരണത്താലാണ് പരിശുദ്ധ കന്യകയും വിശുദ്ധ യൗസേപ്പും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ കര്‍മ്മത്തെ സംബഡിച്ച് അനുകരണഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളത് ഇതിഹാസ രൂപേണയാണ്. എന്നാല്‍ വിശുദ്ധ ഗ്രന്ഥം വിവേകപൂര്‍ണ്ണമായ മാനം അലങ്കരിച്ചിരുന്നു.
വിവാഹാനന്തരം വി. യൗസേപ്പും പരി. കന്യകയും യഹൂദാചാര വിധികള്‍ക്കനുസരണമായി വിവാഹധര്‍മ്മാനുഷ്ഠാനമൊഴിച്ച് ഒരു മാതൃകാ കുടുംബ ജീവിതമാണ് നയിച്ചിരുന്നത്. എല്ലാ ക്രിസ്തീയ കുടുംബങ്ങളുടെയും പ്രതീകമാണ് നസ്രത്തിലെ തിരുകുടുംബം. രണ്ട് ക്രിസ്ത്യാനികള്‍ വിവാഹിതരാകുന്നത് വിശുദ്ധി പ്രാപിക്കുവാനായിട്ടാണല്ലോ! നമ്മുടെ കുടുംബങ്ങളെ ക്രൈസ്തവമാക്കി തീര്‍ക്കുവാന്‍ പരിശുദ്ധ കന്യകയുടെയും വിശുദ്ധ യൗസേപ്പിന്റെയും മാതൃക പ്രചോദനമരുളണം.
പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയെ, അവിടുന്ന് വിശുദ്ധ യൗസേപ്പുമായിട്ട് വിവാഹിതയായി കൊണ്ട് കുടുംബ ജീവിതത്തിന്റെ മാഹാത്മ്യവും അതിന്റെ പരിശുദ്ധിയും ഞങ്ങളെ മനസ്സിലാക്കി. ഞങ്ങളുടെ ക്രിസ്തീയ കുടുംബങ്ങള്‍ നസ്രത്തിലെ തിരുകുടുംബത്തിന്റെ പ്രതീകരണങ്ങളായി തീരുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. വിവാഹ ജീവിതം വിശുദ്ധിക്കുള്ള ഒരാഹ്വാനമാണെന്ന് മനസ്സിലാക്കി ഇന്നത്തെ ദമ്പതികള്‍ അവരവരുടെ വൈവാഹിക ജീവിതത്തെ പവിത്രീകരിക്കട്ടെ. കുടുംബങ്ങളില്‍ സമാധാനവും സേവന സന്നദ്ധതയും പുലര്‍ത്തട്ടെ. ഞങ്ങളുടെ ഭാമികമായ ജീവിതം സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമാക്കി തീര്‍ക്കുവാന്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് പ്രാപിച്ച് തരണമേ.. അങ്ങു തന്നെ ക്രിസ്തീയ കുടുംബങ്ങളില്‍ രാജ്ഞിയായി ഭരണം നടത്തണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സുകൃതജപം.
അറിവിന്റെ ദര്‍പ്പണമായ മറിയമേ..
ദൈവിക കാര്യങ്ങളില്‍ ഞങ്ങളെ അറിവുള്ളവരാക്കേണമേ..
Leave a Reply