ജോജി തോമസ്

ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം അടിമത്തം അനുഭവിച്ച ഒരു ജനതയെ ഭയപ്പെടുത്താനും പരിഭ്രാന്തരാക്കാനുമുള്ള ഏറ്റവും മികച്ച ഉപാധിയാണ് വൈദേശികാധിനിവേശത്തിന്റെയും കടന്നുകയറ്റത്തിന്റെയും ദുഃസൂചനകൾ നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ കാലാകാലങ്ങളിലായി ഇത്തരത്തിലുള്ള ഭീതി ജനിപ്പിക്കുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയേയും സാധാരണക്കാരന്റെ ജീവിതം അഭിവൃദ്ധിപെടുത്താവുന്ന വികസന മുന്നേറ്റങ്ങളെയുമെല്ലാം  വിദേശ കൈകടത്തൽ ആരോപണത്തിലൂടെ ഒരു പുകമറയ്ക്കുള്ളിൽ നിർത്തുന്ന പതിവ് കേരളത്തിൽ സർവ്വസാധാരണമായി കഴിഞ്ഞു .ഇതിൻറെ ഒരു അനന്തരഫലമെന്ന് പറയുന്നത് വികസന മുന്നേറ്റങ്ങളുടെ വേഗം കുറയ്ക്കുകയും കൊറോണ പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ അതിനെ നേരിടാൻ നേതൃത്വം കൊടുക്കുന്നവർക്ക് ആത്മവീര്യം കുറയ്ക്കാൻ കാരണമാവുകയും ചെയ്യും എന്നുള്ളതാണ്. ഏതാണ്ട് ഇരുപതോളം വർഷങ്ങൾക്ക് മുമ്പ് ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ചില സ്ഥലങ്ങളിൽ ഹാൻഡ് വാഷിനുള്ള സോപ്പുകൾ ലഭ്യമാക്കിയപ്പോൾ, ബഹുരാഷ്ട്ര കുത്തക കമ്പനികൾ സോപ്പിനുള്ളിൽ ചിപ്പുകൾ വച്ചിട്ടുണ്ടെന്നും, അതുവഴി മലയാളി എത്ര തവണ ദിവസത്തിൽ സോപ്പ് ഉപയോഗിക്കുന്നു എന്ന വിവരശേഖരണത്തിനുള്ള ശ്രമമാണ് ഇതെന്നും ആരോപിച്ചവരാണ് നമ്മൾ. ഗൂഗിൾ മാപ്പ് ഉപയോഗിച്ചാൽ ലോകം ഇടിഞ്ഞു വീഴുമെന്നും, രാജ്യസുരക്ഷ അപ്പാടെ തകരാറിലാകുമെന്നും ആരോപിക്കാനും അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും നമുക്ക് ഒരു പ്രയാസവും നേരിട്ടില്ല. പല വികസിത രാജ്യങ്ങളിലെയും ജനത ഗൂഗിൾ മാപ്പിന്റെ പ്രയോജനം എത്ര ഫലപ്രദമായാണ് ഉപയോഗിക്കുന്നത് എന്നറിയാൻ നമ്മൾ വളരെ കാലമെടുത്തു. ഇന്ന് കേരളത്തിൽ വാഹനമോടിക്കുന്നവരിൽ ഭൂരിഭാഗവും തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രധാനമായും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനേയാണ്.

അടുത്ത ദിവസങ്ങളായി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സ്പ്രിൻക്ലർ വിവാദത്തിലെ ആരോപണങ്ങളിലും കാണാം വിദേശ ഇടപെടലും, വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയും മറ്റും. പക്ഷേ ആരോപണമുന്നയിക്കുന്നവർ മറന്നുപോകുന്നൊരു വസ്തുത വിദേശരാജ്യങ്ങൾക്കാണെങ്കിലും ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കണെങ്കിലും വ്യാപകമായി വിവരങ്ങൾ ശേഖരിക്കാതെ തെരഞ്ഞെടുക്കപ്പെട്ട സാമ്പിളുകളിൽ നിന്ന് മൊത്തം ജനതയുടെ ജീവിത ശൈലിയെ കുറിച്ച് വ്യക്തമായ അനുമാനത്തിലെത്താൻ സാധിക്കുമെന്നത്. ഇന്നത്തെ തുറന്ന ലോകത്ത് ഏതെങ്കിലും കമ്പനികൾ ഇത്തരത്തിലുള്ള സാമ്പിളുകൾ ശേഖരിക്കാൻ തുനിഞ്ഞിറങ്ങിയാൽ തടയാൻ പരിമിതികളുണ്ട്. അല്ലെങ്കിൽ നമ്മുടെ രാജ്യം ഉത്തരകൊറിയേപ്പോലെ ബാഹ്യബന്ധങ്ങളില്ലാത്ത ഒറ്റപ്പെട്ട ദ്വീപു പോലെയാവണം.

സ്പ്രിക്ലർ കമ്പനിയുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളുടെ പിന്നിൽ അടുത്തകാലത്ത് കേരളസംസ്ഥാനം നേരിട്ട പല ദുരിതങ്ങളിലും ദുർഘട സന്ധികളിലും കേരള ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ സജീവ ഇടപെടലും, മാതൃകാപരമായ നേതൃത്വ പാടവത്തിലും വിറളി പൂണ്ട ചില മാധ്യമ രാഷ്ട്രീയ ശക്തികളാണുള്ളത് . സംസ്ഥാന ഗവൺമെന്റിന്റെ ഭരണനേട്ടങ്ങൾ ഒരു വർഷത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന് ഭയന്നു ചില മാധ്യമങ്ങളുടെ പിന്തുണയോടെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷപാർട്ടികൾ ശ്രമിക്കുന്നത്. കൊറോണാ വൈറസുമായി ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റിന്റെ നടപടികളെ കണ്ണടച്ച് എതിർക്കുകയും അതിലൂടെ പ്രതിപക്ഷം സമൂഹമധ്യത്തിൽ അപഹാസ്യരാകുന്നതും ഇതിനു മുമ്പ് പലതവണ നമ്മൾ കണ്ടതാണ്. പക്ഷേ പ്രതിപക്ഷ പാർട്ടികളും മാധ്യമ സുഹൃത്തുക്കളും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പോര് മുറുക്കേണ്ടത് മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കോവിഡ് – 19 നെ നേരിടാനുള്ള ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയിലാവരുത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.