ജോജി തോമസ്
വളരെ അപ്രതീക്ഷിതവും സമർത്ഥവുമായ ഒരു നീക്കത്തിലൂടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ജൂണ്‍ ആറിന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തുവാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അടുത്തകാലം വരെ പൊതുതെരഞ്ഞെടുപ്പിനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞിരുന്ന തെരേസാ മേയ് പ്രതിപക്ഷം ദുര്‍ബലമായ സാഹചര്യത്തെ മുതലെടുത്ത് വീണ്ടുമൊരു ടേം കൂടി അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ്. ബ്രെക്‌സിറ്റും സ്വതന്ത്ര സ്‌കോട്ലന്‍ഡ് വാദവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ ഉയരുന്നതിനിടയിലാണ് ബ്രിട്ടന്‍ വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നത്. രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ സുസ്ഥിരമായ ഒരു ഗവണ്‍മെന്റിന്റെ അനിവാര്യതയാണ് പൊതുതെരഞ്ഞെടുപ്പിനുള്ള കാരണമായി തെരേസാ മേയ് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ അനിവാര്യതയിലുപരിയായി ദുര്‍ബലമായ പ്രതിപക്ഷം നല്‍കുന്ന അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയെ മുതലെടുക്കുവാനുള്ള രാഷ്ട്രീയ കൗശലമാണ് ബ്രിട്ടനെ അനവസരത്തിലുള്ള ഒരു പൊതുതെരഞ്ഞെടുപ്പിലേയ്ക്കും അതുവഴിയുള്ള അനാവശ്യ ചിലവുകളിലേയ്ക്കും തള്ളിവിട്ടത്. കാരണം ഗവണ്‍മെന്റിന്റെ സുസ്ഥിതരക്കോ തീരുമാനങ്ങള്‍ എടുക്കുവാനുള്ള ശേഷിക്കോ യാതൊരുവിധ ഭീഷണിയും ഇല്ലാതിരുന്ന ഒരു സാഹചര്യത്തിലാണ് ബ്രിട്ടന്‍ വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ബ്രിട്ടനില്‍ മൊത്തം 650 പാര്‍ലമെന്റ് മണ്ഡലങ്ങളും നാലരക്കോടി വോട്ടര്‍മാരുമാണ് ഉള്ളത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി ഹൗസ് ഓഫ് കോമണ്‍സിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് 1802ലാണ്. ജനാധിപത്യ ലോകത്തില്‍ സ്ത്രീ പുരുഷ സമത്വത്തോടെ വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള അവകാശം ലഭിച്ചതിനു ശേഷമുള്ള ആദ്യ ഇലക്ഷന്‍ ബ്രിട്ടനില്‍ നടക്കുന്നത് 1929-ലാണ്. 1918ന് മുമ്പ് പൊതു തെരഞ്ഞെടുപ്പ് ഒരു ദിവസം കൊണ്ട് തീരുമായിരുന്നില്ല. മറിച്ച് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പ്രക്രിയ ആയിരുന്നു. 2015ല്‍ ആണ് ഇതിനുമുമ്പ് ബ്രിട്ടണില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലുള്ള പാര്‍ലമെന്റിന് അടുത്ത മൂന്ന് വര്‍ഷം കൂടി കാലാവധി ഉണ്ടായിരുന്നു.
സാമ്പത്തിക വളര്‍ച്ചയ്ക്ക് കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തില്‍ വരുന്നതാണ് നല്ലതെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ബ്രിട്ടണിലെ സാമാന്യ ജനത്തിന് പ്രത്യേകിച്ച് മധ്യവര്‍ഗത്തിനും കുറഞ്ഞ വരുമാനക്കാര്‍ക്കും നേട്ടം ലേബര്‍ ഗവണ്‍മെന്റാണ്. കണ്‍സര്‍വേറ്റീവുകളുടെ പല നയങ്ങളും സാധാരണ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്നതും സമ്പന്ന വര്‍ഗ്ഗത്തിന് അനുകൂലവുമാണ്. ബ്രെക്സിറ്റിനോടനുബന്ധിച്ചുണ്ടാകുന്ന സാമ്പത്തിക ബാധ്യത സാധാരണക്കാരന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതു മൂലമുണ്ടാകുന്ന ജനരോഷം 2010-ല്‍ നേരിടുന്നതിനേക്കാള്‍ നല്ലത് രണ്ട് വര്‍ഷം കൂടി കഴിഞ്ഞതിനുശേഷം 2022-ല്‍ അഭിമുഖീകരിക്കുന്നതാണെന്ന കണക്കു കൂട്ടലാണ് രണ്ടുവര്‍ഷം മാത്രം കഴിഞ്ഞ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ തെരേസാ മേയെ പ്രേരിപ്പിച്ചത്. പക്ഷേ ഒരു അനാവശ്യ തെരഞ്ഞെടുപ്പ് തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതിനോട് ബ്രിട്ടീഷ് വോട്ടര്‍മാര്‍ പ്രതികരിക്കാന്‍ സാധ്യതയുള്ളത് കണ്‍സര്‍വേറ്റീവുകള്‍ക്ക് ഭീഷണിയാണ്.
രാഷ്ട്രീയ കാലാവസ്ഥ മൊത്തത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലേബര്‍ പാര്‍ട്ടിയുടെ മേല്‍ വലിയൊരു ആധിപത്യം സ്ഥാപിക്കാന്‍ ഇപ്പോള്‍ ഉള്ളതില്‍ കൂടുതല്‍ അവസരങ്ങള്‍ ഭാവിയില്‍ ലഭിക്കുകയില്ലെന്നാണ് തെരേസാ മേയുടെയും കണ്‍സര്‍വേറ്റീവ് ക്യാമ്പുകളുടെയും ധാരണ.
ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റെ നേതൃത്വം ദുര്‍ബലമാണെന്നും 2020-ല്‍ ഈ സാഹചര്യം ആയിരിക്കുകയില്ലെന്നുമുള്ള ഭീതിയും കണ്‍സര്‍വേറ്റീവുകളെ അനവസരത്തിലുള്ള ഒരു പൊതുതെരഞ്ഞെടുപ്പിന് പ്രേരിപ്പിച്ചു. ലിബറല്‍ ഡെമോക്രാറ്റുകള്‍ കഴിഞ്ഞ ലോക്കല്‍ ഇലക്ഷനോടുകൂടി തങ്ങളുടെ നില മെച്ചപ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട്. അവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമുമ്പ് ഒരു തെരഞ്ഞെടുപ്പാണ് നല്ലതെന്ന് തെരേസ മേയ് കരുതുന്നു. ബ്രെക്സിറ്റിന്റെ വക്താവാകുകയും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങണമെന്ന് വാദിക്കുന്നവരുടെ നേതൃത്വം തെരേസ മേയ് ഏറ്റെടുക്കുകയും ചെയ്തതോടെ തീവ്രചിന്താഗതിക്കാരായ യു.കെ.ഐ.പി. പാര്‍ട്ടിക്ക് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ സ്ഥാനമില്ലാതായി. ഒരു പാര്‍ലമെന്റ് അംഗത്തെ മാത്രം വിജയിപ്പിക്കാനായ സ്‌കോട്ലന്‍ഡിലും സ്ഥിതി മെച്ചപ്പെടുത്താനാവുമെന്ന് കണ്‍സര്‍വേറ്റീവുകള്‍ കരുതുന്നു.
അടിച്ചേല്‍പിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പാണെങ്കിലും പൊതുതെരഞ്ഞെടുപ്പിന് പ്രമുഖ പാര്‍ട്ടികളെല്ലാം സ്വാഗതം ചെയ്യുകയാണ്. കാരണം പൊതുതെരഞ്ഞെടുപ്പിനെ എതിര്‍ത്താല്‍ അത് പരാജയഭീതി കൊണ്ടാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നു. എന്തായാലും ബ്രിട്ടനിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പു വിഷയങ്ങള്‍ കടന്നുവരുകയാണെങ്കില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി അധികാരത്തിലിരിക്കുന്ന കണ്‍സര്‍വേറ്റീവുകള്‍ പലതിനും ഉത്തരം കണ്ടെത്താന്‍ വിഷമിക്കും.
വേക്ക് ഫീൽഡിൽ താമസിക്കുന്ന ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
Leave a Reply