ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലാസ്ഗോ : ഗ്ലാസ്ഗോയിൽ നടക്കാനിരിക്കുന്ന COP26 എന്നറിയപ്പെടുന്ന പ്രധാന കാലാവസ്ഥാ ഉച്ചകോടിക്ക് ഭീഷണിയായി ശുചീകരണ തൊഴിലാളികളുടെ സമരം. 1500ഓളം ശുചീകരണ തൊഴിലാളികൾ നവംബർ 1 മുതൽ ഒരാഴ്ചത്തെ പണിമുടക്ക് ആസൂത്രണം ചെയ്യുകയാണ്. തൊഴിലാളികൾ സമരത്തിൽ പോകുന്നതോടെ മാലിന്യ വീപ്പ എടുക്കാൻ ആളില്ലാതാകും. ഇത് നഗരത്തെ ഒരു മാലിന്യകൂമ്പാരമാക്കുമെന്ന് അധികൃതർ ഭയപ്പെടുന്നു. റെഫ്യൂസ് ആൻഡ് ക്ലീനിംഗ് ജീവനക്കാരുടെ തീരുമാനം സർക്കാരിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ശമ്പളവർധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരത്തിന് തയ്യാറെടുക്കുന്നത്. ജിഎംബി യൂണിയൻ പ്രതിവർഷം 2,000 പൗണ്ടിന്റെ വർദ്ധനവ് ആവശ്യപ്പെടുന്നുണ്ട്. റെയിൽവേ ജീവനക്കാരും സ്കോട്ട് റെയ് ലുമായുള്ള ശമ്പള തർക്കവും നിലനിൽക്കുന്നുണ്ട്.

ആഗോള ശ്രദ്ധാകേന്ദ്രമാകുന്ന സമയത്ത് ഗ്ലാസ്ഗോ നഗരം ഗതാഗതക്കുരുക്കിൽ സ്തംഭിക്കുകയും മാലിന്യ കൂമ്പാരമാകുകയും ചെയ്യുമെന്ന വസ്തുത അധികാരികളെ അലട്ടുകയാണ്. സമരം ഒഴിവാക്കണമെങ്കിൽ, തങ്ങളുടെ പ്രധാന തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് ഉറപ്പാക്കണമെന്ന് സീനിയർ ഓർഗനൈസർ ഡ്രൂ ഡഫി പറഞ്ഞു. അതേസമയം തീരുമാനങ്ങൾ പുനഃപരിശോധിക്കാനാണ് ഗ്ലാസ്ഗോ സിറ്റി കൗൺസിൽ യൂണിയനോട്‌ ആവശ്യപ്പെട്ടത്. തിരക്കേറിയ സമയം വരുമ്പോൾ ഇത്തരത്തിലുള്ള വലിയ പ്രതിസന്ധികൾ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കും.

അതേസമയം ഗ്ലാസ്‌ഗോയിൽ നടക്കുന്ന COP26 കാലാവസ്ഥാ ഉച്ചകോടി ലോകത്തിന്റെ തന്നെ വലിയ പ്രതീക്ഷയാണെന്ന് അമേരിക്കൻ കാലാവസ്ഥാ പ്രതിനിധിയായ ജോൺ കെറി പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മുന്നിൽകണ്ട് ലോകത്തിന് ഒന്നിച്ച് പ്രവർത്തിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഈ ഉച്ചക്കോടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.