പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നത് സര്‍ക്കാരോ? സ്വച്ഛ് ഭാരതത്തിനായി കൈകോര്‍ക്കാം; ജോജി തോമസ്‌ എഴുതുന്ന മാസാന്ത്യാവലോകനം

പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നത് സര്‍ക്കാരോ? സ്വച്ഛ് ഭാരതത്തിനായി കൈകോര്‍ക്കാം; ജോജി തോമസ്‌ എഴുതുന്ന മാസാന്ത്യാവലോകനം
January 01 06:11 2018 Print This Article

ജോജി തോമസ്

അടുത്തകാലത്ത് വളരെയധികം വിമര്‍ശന വിധേയമായ ഇന്ത്യാ ഗവണ്‍മെന്റിന്റെ പദ്ധതിയാണ് സ്വച്ഛ് ഭാരത് മിഷന്‍ (Clean India Mission). പെട്രോളിയം ഉത്പന്നങ്ങളുടെ വില ഓരോ തവണ ഉയരുമ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടത് സ്വച്ഛ് ഭാരത് മിഷനാണ്. പക്ഷെ ഗവണ്‍മെന്റും ജനങ്ങളും ഭരണ പ്രതിപക്ഷ കക്ഷികളും കൂടി കൈകോര്‍ക്കുകയാണെങ്കില്‍ രണ്ട് ലക്ഷം കോടി രൂപ ചെലവിടുന്ന സ്വച്ഛ് ഭാരത് മിഷന്‍ ഇന്ത്യയുടെ മുഖഛായ മാറ്റാന്‍ പര്യാപ്തമാണെന്നുള്ളതാണ് വസ്തുത. സമ്പദ്ഘടനയില്‍ ടൂറിസം പോലുള്ള വ്യവസായങ്ങള്‍ക്ക് മുന്‍തൂക്കമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സ്വച്ഛ് ഭാരത് മിഷന്റെ പ്രധാന്യം വലുതാണ്. പക്ഷെ് സ്വച്ഛ് ഭാരത് മിഷന്റെ പ്രയോജനങ്ങളും പ്രാധാന്യവും ജനങ്ങളില്‍ എത്തിക്കുന്നതിനുപകരം രാഷ്ട്രീയമായ വിവാദങ്ങളിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പര്യം. വികസനത്തിനും രാജ്യനന്മയ്ക്കുമായി ഭരണ പ്രതിപക്ഷ ഭേദമന്യേ കൈകോര്‍ക്കുക എന്ന സങ്കല്പം ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്നും അന്യമാണ്.

ഇന്ത്യയിലെ നഗരങ്ങളും റോഡുകളും ഗ്രാമങ്ങളും ശുചിയാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത് മിഷന്‍. പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായും നിര്‍ത്തുക എന്നത് സ്വച്ഛ് ഭാരത് മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് ജനങ്ങളാണ് മലമൂത്ര വിസര്‍ജ്ജനത്തിന് ആവശ്യമായ സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുന്നത്. വ്യക്തികളുടെ ആവശ്യത്തിന് വീടുകളിലും സാമൂഹ്യകാവശ്യത്തിനായി പൊതു സ്ഥലങ്ങളിലും ശൗചാലയങ്ങള്‍ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു. 196000 കോടി രൂപയാണ് സ്വച്ഛ് ഭാരത് മിഷന്റെ പൂര്‍ത്തീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

12 മില്യണ്‍ ടോയ്‌ലറ്റുകള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെടും. 2014 ഒക്ടോബര്‍ രണ്ടിന് രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷന്‍ 2019 ഒക്ടോബര്‍ രണ്ടിന് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിക്കുന്ന അവസരത്തില്‍ ഔപചാരികമായി പൂര്‍ത്തീകരിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കേരളമുള്‍പ്പെടെ പല ഇന്ത്യന്‍ സംസ്ഥാനങ്ങളേയും പിടിച്ചുകുലുക്കിയ ഓഖി ചുഴലിക്കാറ്റ് നമ്മുടെ ഏവരുടെയും കണ്ണു തുറപ്പിക്കുന്നതാണ്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിന്റെ കടല്‍ത്തീരങ്ങളിലും തീരക്കടലിന്റെ അടിത്തട്ടിലുമായി അടിഞ്ഞുകൂടിയത് നൂറുകണക്കിന് ടണ്‍ മാലിന്യമാണ്. മുംബൈ തീരങ്ങളില്‍ മാത്രം എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ആഴക്കടലില്‍ നിന്ന് ഓഖി തിരികെ തീരങ്ങളില്‍ എത്തിച്ചത്. ഭാരതീയര്‍ തങ്ങളുടെ മണ്ണും ജലവും പ്രകൃതിയും എത്രമാത്രം ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരങ്ങളില്‍ അടിഞ്ഞ മാലിന്യ കൂമ്പാരം.

മലയാളികള്‍ വ്യക്തി ശുചിത്വത്തില്‍ ലോകത്തെ ഏത് ആധുനിക സമൂഹത്തെക്കാളും മുന്നിലാണ്. പക്ഷെ വ്യക്തി ശുചിത്വത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന ജാഗ്രത നമ്മള്‍ പരിസര ശുചിത്വത്തിന്റെ കാര്യത്തില്‍ കാട്ടാറില്ല. ഒഴിഞ്ഞ സ്ഥലങ്ങളും തെരുവുകളും വഴിയോരങ്ങളിലുമാണ് നമ്മള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഡെങ്കിപ്പനി പോലുള്ള മാരകമായ പകര്‍ച്ചവ്യാധികള്‍ ഓരോ വര്‍ഷവും പെരുകുന്നതിന്റെ പ്രധാന കാരണം പരിസര ശുചിത്വത്തില്‍ നമുക്കുള്ള താല്‍പര്യക്കുറവാണ്. നമ്മുടെ നാടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വളരെ ഗുരുതരമായ അലംഭാവമാണ് ഉണ്ടാകുന്നത്. നമ്മുടെ നാടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് മാലിന്യം നിക്ഷേപിക്കുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഉണ്ടായിരുന്ന സൗകര്യങ്ങള്‍ അടുത്ത കാലത്ത് മാറ്റിയിരുന്നു. പൊതുജനങ്ങള്‍ അവരുടേതായ രീതിയില്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് രണ്ടോ മൂന്നോ സെന്റില്‍ വീടുപണിതിരിക്കുന്നവര്‍ അതിനുള്ളില്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുക എന്നത് അപ്രായോഗികമായ കാര്യമാണ്. ചുരുക്കി പറഞ്ഞാല്‍ തെരുവുകളിലും വഴിയോരങ്ങളിലും മാലിന്യം നിക്ഷേപിക്കാന്‍ സര്‍ക്കാരുകള്‍ തന്നെയാണ് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ സിസിടിവികള്‍ സ്ഥാപിക്കുന്ന സമയവും പണവും ഉപയോഗിച്ച് സര്‍ക്കാര്‍ ചെയ്യേണ്ടത് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയുമാണ്.

രണ്ട് ലക്ഷം കോടി രൂപയോളം വകയിരുത്തിയിരിക്കുന്ന സ്വച്ഛ് ഭാരത് മിഷനില്‍ നിന്ന് പരമാവധി പ്രയോജനങ്ങള്‍ നേടിയെടുക്കാന്‍ കേരളം ശ്രമിക്കേണ്ടിയിരിക്കുന്നു. നാടിന്റെ മുഖഛായ മാറ്റുന്ന ഇത്തരം പദ്ധതികള്‍ വിജയിപ്പിക്കുന്നതിനായി ജനനന്മയെ കരുതി ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കേണ്ടിയിരിക്കുന്നു.

യുവാവും ആധുനിക ചിന്താഗതിയുടെ വക്താവുമായ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യത്തില്‍ ഒരു പുത്തന്‍ മാതൃക സൃഷ്ടിക്കാന്‍ സാധിക്കും. അതുവഴി രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വലിയൊരു സ്വപ്‌നമാണ് 2019, ഒക്ടോബര്‍ രണ്ടിന് സാക്ഷാത്കരിക്കപ്പെടുക.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles