ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രൈന് പിന്തുണയുമായി ഹോളിവുഡ് സൂപ്പർ താരം ലിയോനാർഡോ ഡികാപ്രിയോ. യുക്രൈന് 7.6 മില്യൺ പൗണ്ടാണ് ധനസഹായമായി താരം പ്രഖ്യാപിച്ചത്. ഡികാപ്രിയോയുടെ മുത്തശ്ശി ഹെലെനെ ഇൻഡൻബിർക്കൻ ഒഡെസയിലാണ് ജനിച്ചത്. 1917-ൽ മാതാപിതാക്കളോടൊപ്പം ജർമ്മനിയിലേക്ക് കുടിയേറുകയായിരുന്നു. ഈയൊരു വൈകാരിക ബന്ധം കൂടി താരത്തിന്‍റെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

2008ൽ, തന്റെ 93 -മത്തെ വയസ്സിലാണ് ഹെലനെ അന്തരിച്ചത്. ചെറുപ്പം മുതലേ മുത്തശ്ശിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഡികാപ്രിയോയ്ക്ക് , ഈ സംഭാവനയിലൂടെ അവരോടുള്ള സ്നേഹം വെളിപ്പെടുകയാണെന്ന് പോളിഷ് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തു. കിഴക്കൻ യൂറോപ്പിലെ വികസനങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ വിസെഗ്രാഡ് ഫണ്ടാണ് സംഭാവനയുടെ വിവരം പുറത്തുവിട്ടത്.

ഡികാപ്രിയോയ്ക്ക് പുറമെ നിരവധി ഹോളിവുഡ് താരങ്ങളും സംവിധായകരും യുക്രൈന് സാമ്പത്തിക പിന്തുണയുമായി രംഗത്തെത്തി. റയാൻ റെയ്നോൾഡ്സും ബ്ലെയ്ക്ക് ലൈവ്ലിയും യുക്രൈനായുള്ള ഒരു ധനസമാഹരണത്തിൽ പങ്കെടുക്കുകയും സമാഹരിച്ച തുകയുടെ ഇരട്ടി തുക സംഭാവന നൽകുകയും ചെയ്തു.