ജോജി തോമസ്
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യതയില്‍ കരിനിഴല്‍ വീഴ്ത്തുന്ന തരത്തിലുള്ള ചില ദൗര്‍ഭാഗ്യകരമായ ആരോപണങ്ങളാണ് അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയര്‍ന്നുവന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി ജനവിധി അട്ടിമറിച്ചുവെന്ന ഗുരുതരമായ ആരോപണത്തെ നിസാരവത്കരിച്ച് കാണാന്‍ സാധിക്കില്ല. ലോകത്ത് ജനാധിപത്യം വെല്ലുവിളി നേരിടുന്ന പല രാജ്യങ്ങളില്‍ നിന്നും സമാനരീതിയിലുള്ള പരാതികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത്തരത്തിലൊരു ആരോപണം വ്യാപകമായ ഉയരുന്നത് ആദ്യമായാണ്. ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതാവായ കെജ്രിവാളും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവായ മായാവതിയുമാണ് പ്രധാനമായും സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ത്തിയിരിക്കുന്നത്. ആരോപണങ്ങളെ സാധൂകരിക്കത്തക്കവിധത്തിലുള്ള തെളിവുകളും നിരത്താന്‍ ഇവര്‍ക്കാവുന്നുണ്ട്. മായാവതി ഒരു പടി കൂടി കടന്ന് പരമോന്നത നീതിപീഠമായ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

ജനവിധി അട്ടിമറിക്കപ്പെട്ടുവെന്ന തരത്തിലുള്ള ആരോപണങ്ങളിലെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഇലക്ഷന്‍ കമ്മീഷനും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കുമുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുഗമമായ നിലനില്‍പിന് ജനാധിപത്യ പ്രക്രിയയിലുള്ള ജനവിശ്വാസം വളരെ പ്രധാനപ്പെട്ടതാണ്. വളരെ ഗുരുതരമായ ഒരാരോപണമാണ് ഉന്നയിക്കപ്പെട്ടതെങ്കിലും അത് ഫലപ്രദമായി ഉയര്‍ത്തിക്കൊണ്ടുവരാനും, നിഷ്പക്ഷമായ ഒരു അന്വേഷണത്തിലേയ്ക്ക് നയിക്കാനും പൊതുവെ ദുര്‍ബലമായ പ്രതിപക്ഷത്തിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഈ ഒരു സ്ഥിതി വിശേഷം ഒട്ടും തന്നെ ആശാവഹമല്ല. ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കള്‍ എത്രമാത്രം ഉത്തരവാദിത്വത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് തെളിയിക്കാനും ഫലപ്രദമായ ഒരു അന്വേഷണം ആവശ്യമാണ്. കാരണം വിജയിച്ച പാര്‍ട്ടിയെ അധിക്ഷേപിക്കാനും വിജയത്തിന്റെ തിളക്കം കുറയ്ക്കാനുമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെങ്കില്‍ തീര്‍ച്ചയായും അത് അതീവ ഗുരുതരമാണ്. കാരണം ജനങ്ങള്‍ വിശ്വസിക്കുകയും നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്ന നേതാക്കളുടെ വാക്കുകള്‍ ജനങ്ങള്‍ക്ക് ജനാധിപത്യ വ്യവസ്ഥിതിയിലുള്ള വിശ്വാസ തകര്‍ച്ചയ്ക്ക് കാരണമാകാന്‍ പാടില്ല.

ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. കേന്ദ്രഭരണം കയ്യാളുന്ന ബിജെപി ഗവര്‍ണറുടെ സഹായത്തോടെയോ ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തിയോ ഏറ്റവും കൂടുതല്‍ അംഗബലമുള്ള കക്ഷിയെ നോക്കുകുത്തിയാക്കി ഗവണ്‍മെന്റ് രൂപീകരിച്ചത് ജനാധിപത്യ പ്രക്രിയയിലുള്ള അവരുടെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാക്കി. ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കറിനെപ്പോലും വിജയിപ്പിക്കാനാവാത്ത ബിജെപിക്ക് ജനവിധി തികച്ചും എതിരായിരുന്നു. 40 അംഗ നിയമസഭയില്‍ 13 അംഗങ്ങളെ മാത്രം വിജയിപ്പിക്കാനായ ബിജെപി ജനതാല്‍ര്യത്തിന് ഒരു പരിഗണനയും നല്‍കാതെ രാഷ്ട്രീയത്തിലെ പിന്നാമ്പുറ കളികളിലെ പ്രാഗത്ഭ്യം മുതലാക്കി അധികാരം പിടിക്കുന്നത് മറ്റ് കക്ഷികള്‍ക്ക് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. മണിപ്പൂരിലും ഏറ്റവും വലിയ കക്ഷിയാകാന്‍ ബിജെപിക്ക് സാധിച്ചില്ലെങ്കിലും ഗവണ്‍മെന്റ് രൂപീകരിക്കാന്‍ സാധിച്ചു.

പുതിയതായി അധികാരത്തിലെത്തിയ ഗവണ്‍മെന്റുകളാവട്ടെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം ജനങ്ങളുടെ തീന്‍മേശയിലും അടുക്കളയിലും ഒളിഞ്ഞുനോക്കാനും, കൈകടത്താനുമുള്ള വെമ്പലിലാണ്. ജനങ്ങളുടെ ദാരിദ്ര്യമകറ്റാനും ജീവിത നിലവാരമുയര്‍ത്താനുമുള്ള എന്തെങ്കിലും നടപടികള്‍ എടുത്തതിനുശേഷമാണ് ഈ ഒളിഞ്ഞുനോട്ടം നടത്തുന്നതെങ്കില്‍ ന്യായീകരണങ്ങള്‍ കണ്ടെത്താമായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദ്യനാഥന്‍ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ മാംസനിരോധനമേര്‍പ്പെടുത്തി. മത്സ്യവും നിരോധിത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ഗോ മാംസം ഉപയോഗിക്കുന്നതിനെ എതിര്‍ത്തിരുന്നവര്‍ മത്സ്യമാംസാദികള്‍ എല്ലാം നിരോധിച്ചതിലൂടെ ഇഷ്ടമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിലാണ് കൈ കടത്തുന്നത്. മത്സ്യമാംസാദികള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാവുന്ന തരത്തില്‍ ഗോരഖ്പൂരിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരാത്തതുകൊണ്ട് ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യമായ എതിര്‍ശബ്ദങ്ങളൊന്നും കേള്‍ക്കുന്നില്ല.

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മണിപവറും മസില്‍പവറും ഉപയോഗിച്ച് ജനഹിതം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി മുന്‍പും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പല പ്രമുഖ പാര്‍ട്ടികളും ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ പ്രതിസ്ഥാനത്ത് നിന്നിട്ടുമുണ്ട്. പക്ഷേ ജനഹിതം അട്ടിമറിക്കാന്‍ ഇത്തരത്തിലുള്ള സംഘടിതവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങള്‍ നടന്നതായി മുന്‍കാലങ്ങളില്‍ പരാതി ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പരാതികളിലുംആരോപണങ്ങളിലും സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണം ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.

jojyവേക്ക്ഫീല്‍ഡില്‍ താമസിക്കുന്ന ജോജി തോമസ്‌ മലയാളം യുകെ ന്യൂസ് ടീം മെമ്പറും, ആനുകാലിക സംഭവങ്ങള്‍ നിരീക്ഷിച്ച് പൊതു ജനങ്ങളുടെ മുന്‍പിലേക്ക് എത്തിക്കുന്ന സാമൂഹ്യ നിരീക്ഷകനുമാണ്. ജോജി തോമസ് എല്ലാ മാസാന്ത്യങ്ങളിലും മലയാളം യുകെയില്‍ മാസാന്ത്യാവലോകനം എന്ന പംക്തി കൈകാര്യം ചെയ്തു വരുന്നു.