ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

2022-ൽ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തിയത് 45,728 പേർ. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് 60 ശതമാനം കൂടുതലാണ്. ഫ്രാൻസിനെയും ബ്രിട്ടനേയും വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനലിൽ ഉണ്ടാകുന്ന ഒട്ടനവധി അപകടങ്ങളിൽ ഇരയായത് അനിധികൃത കുടിയേറ്റക്കാരായിരുന്നു. ഇതിലേറ്റം ഒടുവിലത്തേത് ഡിസംബറിൽ തണുത്തുറഞ്ഞ വെള്ളത്തിൽ ബോട്ട് മറിഞ്ഞ് നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതാണ്. രാജ്യത്തോട്ടുള്ള ജനങ്ങളുടെ അനധികൃത കുടിയേറ്റം തടയുന്നതിനും മനുഷ്യ കടത്തുകൾ തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ രാജ്യത്ത് കുടിയേറിയവരുടെ എണ്ണം കാണിക്കലാകുമ്പോൾ മറ്റൊരു ചിത്രമാണ് നമുക്ക് കാണാൻ സാധിക്കുക.

ഗവൺമെന്റ് പലപ്പോഴായി പുറത്ത് വിട്ട കണക്കുകളിൽ കഴിഞ്ഞ ഒരു വർഷം മാത്രം രാജ്യത്തേക്ക് കുടിയേറിയ ജനങ്ങളുടെ ഉയർന്ന കണക്കുകൾ കാണാൻ സാധിക്കും. 2021-ൽ യുകെയിലേക്ക് ചാനൽ കടന്ന് 28,526 പേരാണ് വന്നതെങ്കിൽ 2022 -ലെ കണക്കുകൾ 45,728 ആണ്. 2021-ൽ 1,034 ബോട്ടുകൾ മാത്രം രാജ്യത്ത് വിജയകരമായി എത്തിയപ്പോൾ 2022 -ൽ ഈ കണക്കുകളിലും വർദ്ധനവ് ഉണ്ടായി. ഇത് കള്ളക്കടത്തുകാർ ആളുകളെ കടത്തുന്നതിൻെറ ഉയർന്ന കണക്കുകളെ കൂടിയാണ് സൂചിപ്പിക്കുക. 2020 -ൽ ശരാശരി 13 പേരെ ഓരോ ഡിങ്കിയിൽ വച്ച് കടത്തിയപ്പോൾ 2022 അവസാനം 45 പേരായി ഉയർന്നു.

പകർച്ചവ്യാധിയുടെ കാലയളവിൽ ആളുകൾ കടത്തുവളങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞു. പിന്നീട് ആളുകൾ രാജ്യത്തോട്ട് കടക്കാൻ ഡിങ്കികളെ കൂടുതൽ ആശ്രയിക്കാനായി തുടങ്ങി. 2018 നെ അപേക്ഷിച്ച് 15,000 വർദ്ധനവാണ് കഴിഞ്ഞ വർഷം ഉണ്ടായതെങ്കിലും വെറും 299 പേർ മാത്രമാണ് കടത്ത് വളം ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിച്ചത്. ജീവന് അപകടകരവും നിയമവിരുദ്ധമായി വഴികളിലൂടെ രാജ്യത്ത് പ്രവേശിക്കരുതെന്നും. അനധികൃതമായി ജനങ്ങളെ കടത്തുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ എടുക്കുമെന്നും സർക്കാർ വക്താവ് പറഞ്ഞു.