ജോലി ഒഴിവുകൾ ധാരാളം. ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നവരും ധാരാളം. പക്ഷേ, ജീവനക്കാരില്ലാതെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു, ഫാക്ടറികളിൽ ഉൽപാദനം നിലയ്ക്കുന്നു. നാട്ടിൽ ക്ഷാമം അനുഭവപ്പെടുന്നു. അത്യപൂർവമായ ഈ സ്ഥിതിവിശേഷം അമേരിക്കയിലാണ് കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്. മെല്ലെ യൂറോപ്പിലേക്കും പടരുന്നു. സൂക്ഷ്മമായ അന്വേഷണങ്ങൾക്കൊടുവിൽ സാമ്പത്തിക വിദഗ്ധർ ഈ പ്രതിഭാസത്തിന്റെ കാരണങ്ങൾ കണ്ടെത്തി. അത് ഇവയാണ്.

1. തൊഴിലുടമകൾ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും നിലവിലുള്ള സേവന–വേതന വ്യവസ്ഥകളിൽ തൊഴിലെടുക്കുന്നതിലും ഭേദം വെറുതെ വീട്ടിലിരിക്കുകയാണെന്നും തൊഴിലാളികൾ ചിന്തിക്കുന്നു.

2. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നൽകിയ അനുകൂല്യങ്ങളും ഇളവുകളും മൂലം (ആശ്വാസധനം, മോറട്ടോറിയം തുടങ്ങിയവ) പണിയെടുക്കാതെയും ജീവിക്കാം എന്നത് കഴിഞ്ഞ ഒന്നര വർഷംകൊണ്ട് തൊഴിലാളികൾ തിരിച്ചറിഞ്ഞു.

3. കോവിഡ് ലോക്ഡൗണും വർക് ഫ്രം ഹോം സംവിധാനത്തിലുള്ള തുടർജോലിയും തൊഴിലാളികൾ വീട്ടിൽ ചെലവഴിക്കുന്ന സമയത്തിന്റെ മൂല്യം വർധിപ്പിച്ചു. 8 മണിക്കൂർ ജോലിക്കു വേണ്ടി നാലും അഞ്ചും മണിക്കൂർ യാത്ര ചെയ്യുന്നതുപോലെയുള്ള ഏർപ്പാടുകൾക്ക് ഇനിയില്ല എന്നു തൊഴിലാളികൾ നിലപാടെടുത്തു. നാടകീയമെന്നു തോന്നുന്ന ഈ സ്ഥിതിവിശേഷം ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ടുണ്ടായതല്ല. അതിനു കോവിഡ് ആരംഭത്തിലെ ആദ്യ ലോക്ഡൗൺ മുതലുളള സ്വാധീനമുണ്ട്.

പണി പോയി, പണി പാളി

2020 ഫെബ്രുവരി–മാർച്ച് മാസങ്ങളിലാണ് ലോകരാജ്യങ്ങൾ കോവിഡ് ലോക്ഡൗണിലേക്ക് പ്രവേശിച്ചത്. രാജ്യങ്ങൾ കൂട്ടത്തോടെ ലോക്ഡൗണിലായപ്പോൾ ഫാക്ടറികളും സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഉൽപാദനം നിലച്ചു. അതേസമയം, അവശ്യവസ്തുക്കളുടെ ആവശ്യം വർധിച്ചു, പലതിനും ക്ഷാമമുണ്ടായി. ഇവയുടെ ഉൽപാദനവും വർധിപ്പിക്കേണ്ടതായി വന്നു. മുൻനിരപ്പോരാളികൾ, അവശ്യസേവന വിഭാഗം എന്നൊക്കെയുള്ള പേരുകളിട്ട് വിളിച്ച് ഒരു വിഭാഗം ജീവനക്കാരെ കോവിഡിനിടയിലും ജോലിക്കായി നിയോഗിച്ചു.

എന്നാൽ, ഇവരുടെ ശമ്പളം വർധിച്ചില്ലെന്നു മാത്രമല്ല, കോവിഡ് സാഹചര്യം ഇവരുടെ ജോലിഭാരം വർധിപ്പിക്കുകയും ചെയ്തു. പലരും കോവിഡ് ബാധിതരായി, ചിലർ മരിച്ചു. ഇൻഷുറൻസ് ആനുകൂല്യമോ ചികിത്സാ ചെലവുകളോ ലഭിക്കാതെ വന്നതോടെ ഇവരിൽ പലരും ജോലി ഉപേക്ഷിച്ചു. പലരും എന്നു പറയുമ്പോൾ ലക്ഷക്കണക്കിനാളുകളുടെ കാര്യമാണ്. റസ്റ്ററന്റ് ജീവനക്കാർ, ഫുഡ് ഡെലിവറി ജീവനക്കാർ തുടങ്ങി കോൺട്രാക്ട് അടിസ്ഥാനത്തിലുള്ള ‘ഗിഗ്’ മേഖലയിലെ ജീവനക്കാരാണ് കോവിഡിന്റെ മറവിൽ തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന തിരിച്ചറിവിൽ ജോലി ഉപേക്ഷിച്ചവരിലേറെയും.

ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ ജോലി നഷ്ടപ്പെട്ടവർ സൃഷ്ടിച്ച വിടവ് നിലനിൽക്കെയാണ് അവശ്യമേഖലകളിൽനിന്ന് ലക്ഷക്കണക്കിനാളുകൾ കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുൻപ് ജോലി ഉപേക്ഷിച്ചു തുടങ്ങിയത്. ഇതേ സമയം, വലിയൊരു വിഭാഗം ജീവനക്കാർ വർക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്തിരുന്നു. ഇവർക്ക് പുതിയ ജോലി സംവിധാനം ശീലമായി. നഗരകേന്ദ്രങ്ങളിലെ ഓഫിസുകൾക്കു സമീപം താമസിക്കുന്നതിന്റെ ചെലവ് കുറഞ്ഞതോടെ ശമ്പളത്തിൽനിന്നും ജോലിക്കായി ചെലവാകുന്ന തുക ഗണ്യമായി കുറഞ്ഞു.

ജോലിസ്ഥലത്ത് എത്താൻ ദിവസവും മണിക്കൂറുകൾ യാത്ര ചെയ്തിരുന്നവർക്ക് സമയവും ലാഭം. ഇതിനെല്ലാം പുറമേയാണ് വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാനായതിന്റെ ഗുണങ്ങളും. ലോക്ഡൗണിനു ശേഷം സ്ഥാപനങ്ങൾ തുറക്കുകയും ജീവനക്കാരെ ഓഫിസുകളിലേക്കു തിരികെ വിളിച്ചു തുടങ്ങുകയും ചെയ്തപ്പോൾ വർക് ഫ്രം ഹോം സംവിധാനത്തിൽ വീട്ടിലിരുന്നവരിൽ പലരും ജോലി ഉപേക്ഷിക്കുന്നതാണ് ലാഭകരം എന്നു തിരിച്ചറിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ, സമ്പദ്‌വ്യവസ്ഥ ഉണരുകയും തൊഴിലാളികളെ ആവശ്യമായി വരികയും ചെയ്ത സമയത്ത് ജോലികളിൽ തിരികെ പ്രവേശിക്കുകയും ചെയ്യുന്നതിനു പകരം തൊഴിലാളികൾ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ചു തുടങ്ങി.