സുധാകരന്‍ പാലാ, സുജിത് തിരുവല്ല

ടോണ്ടന്‍ (സോമര്‍സെറ്റ്): മലയാള ഭാഷ പഠിക്കുവാനും പ്രചരിപ്പിക്കുവാനും അതുവഴി മലയാളത്തനിമയുള്ള കൂട്ടായ്മയും സാംസ്‌കാരിക പൈതൃകവും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും ലക്ഷ്യമിട്ട് രൂപീകൃതമായ മലയാളം സാംസ്‌കാരിക സമിതിയുടെ (MASS) പ്രഥമ യൂണിറ്റ് മാസ് ടോണ്ടന്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് പുകള്‍പെറ്റ യുകെയില്‍ സൗത്ത് വെസ്റ്റിന്റെ പൂന്തോട്ട നഗരിയെന്ന് വിശേഷിപ്പിക്കുന്ന ടോണ്ടനില്‍ ചരിത്രത്തില്‍ ഇടം നേടുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുകൊണ്ട് റംസാന്‍ ആഘോഷരാവിന് തിരിതെളിക്കുന്നു.

ഓണം, ക്രിസ്മസ്, ന്യൂഇയര്‍, വിഷു, ഈസ്റ്റര്‍ എന്നീ ആഘോഷങ്ങള്‍ മലയാളിക്ക് അന്യമല്ല. എന്നാല്‍ സ്വാതന്ത്ര്യദിനം, കേരളപ്പിറവി എന്നിവ ഗംഭീരമായി ആഘോഷിച്ചത് തികച്ചും വ്യത്യസ്തവും മലയാളികള്‍ക്ക് ഏറെ അഭിമാനം പകരുന്നതുമായിരുന്നു. ചരിത്രപ്രസിദ്ധമായ ടോണ്ടന്‍ കാര്‍ണിവലില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ചരിത്രത്തില്‍ അതൊരു പുതിയ അധ്യായമായി. സ്വന്തം ക്രിക്കറ്റ് ടീം, മാസ്‌കെയര്‍ മൊമന്റ്‌സ് (നഴ്‌സിംഗ് ഏജന്‍സി), ഷോര്‍ട്ട് ഫിലിം, IELTS പരിശീലനം, മലയാളം ക്ലാസ്, സംഗീത-സാഹിത്യ ചര്‍ച്ചാക്ലാസുകള്‍ എന്നിങ്ങനെ ഒരുപിടി കാര്യങ്ങള്‍ക്ക് തുടക്കമിടാനും വന്‍ വിജയത്തിലെത്തിക്കാനും കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാനവ സംസ്‌കാരത്തിന്റെ ആത്മാവ് മതമൈത്രിയിലാണെന്ന് കണ്ടറിഞ്ഞ മാസ് ടോണ്ടന്‍ ത്യാഗോജ്ജ്വലമായ നോമ്പിന്റെ പുണ്യദിനം റംസാന്‍ ആഘോഷിക്കുമ്പോള്‍ യുകെ മലയാളി സമൂഹത്തിനാകെ ഉള്‍പ്പുളകം നല്കുന്ന ചരിത്ര നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല. ജൂണ്‍ 28 ബുധനാഴ്ച വൈകിട്ട് 4 മുതല്‍ രാത്രി 10 വരെ നടക്കുന്ന ആഘോഷ പരിപാടികള്‍ മാസ് യുകെ രക്ഷാധികാരിയും ഗായകനുമായ രജഗോപാല്‍ കോങ്ങാട് ഉദ്ഘാടനം ചെയ്യും.

മാസ് ടോണ്ടന്‍ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. അബ്ദുള്‍ റൗഫ് ലൈമാന്‍ റംസാന്‍ ദിന സന്ദേശം നല്കും. വൈസ് പ്രസിഡന്റ് ജിജോ വര്‍ഗീസ്, ട്രഷറര്‍ സെബാസ്റ്റിയന്‍ കുര്യാടന്‍, പിആര്‍ഒ സുജിത് സോമരാജന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. എച്ച്ആര്‍ മാനേജര്‍ നിസാര്‍ മന്‍സില്‍ സ്വാഗതവും ഐടി സെക്രട്ടറി ദ്വിതീഷ് ടി. പിള്ള കൃതജ്ഞതയും പറയും.

ആഘോഷത്തിന് മാറ്റ് കൂട്ടുവാന്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങിലെത്തും. മാപ്പിളപ്പാട്ട്, ഒപ്പന, ഡാന്‍സ്, സ്‌കിറ്റ്, ഗാനമേള എന്നിവ പരിപാടികള്‍ക്ക് പുതുമ പകരും. ആഘോഷ പരിപാടികള്‍ക്കെത്തുന്ന മുഴുവന്‍ പേര്‍ക്കും ഇഫ്താര്‍ വിരുന്ന് ഒരുക്കിയിട്ടുണ്ട്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാസിന്റെ ആഘോഷം -വിനോദം കോഓര്‍ഡിനേറ്റര്‍ ജെഫിന്‍ ജേക്കബ് പറഞ്ഞു. ഇഫ്താര്‍ വിരുന്നിലും ആഘോഷ പരിപാടികളിലും ജാതിമതഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കാമെന്നും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും ജെഫിന്‍ ജേക്കബ് അറിയിച്ചു.