കാനഡയില്‍ ആള്‍ക്കുട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി അപകടം. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തുറമുഖനഗരമായ വാൻകൂവറിലാണ് ആക്രമണം നടന്നത്. കനേഡിയൻ ഫിലിപ്പിനോസിന്റെ പ്രാദേശിക ഉത്സവത്തോടനുബന്ധിച്ച് നിരവധി ജനങ്ങൾ തെരുവിൽ എത്തിയിരുന്നു. സ്ട്രീറ്റ് ഫെസ്റ്റിവലിൽ പങ്കെടുത്തുകൊണ്ടിരുന്ന ജനങ്ങൾക്കിടയിലേക്ക് അമിതവേഗതയിൽ കാർ ഇടിച്ചുകയറ്റിയാണ് കൂട്ടക്കൊല നടത്തിയത്.
സംഭവത്തിന് പിന്നാലെ വാഹനത്തിന്റെ ഡ്രൈവർ കസ്റ്റഡിയിലായി. കറുത്ത എസ്.യു.വി കാറാണ് ഇയാൾ ഓടിച്ചിരുന്നത്. ആളുകളെ ഇടിച്ചുതെറിപ്പിച്ച് ജനങ്ങളുടെ ശരീരത്തിലൂടെ കയറിയിറങ്ങി അരക്കിലോമീറ്ററോളം ദൂരം കാർ സഞ്ചരിച്ചുവെന്നാണ് വിവരം.
എത്ര പേർക്ക് ജീവഹാനി സംഭവിച്ചുവെന്നത് വ്യക്തമല്ല. ആളുകൾ പരിഭ്രാന്തരായി ഓടുന്നതും നിലവിളിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തെരുവിലുടനീളം മൃതദേഹങ്ങൾ കിടക്കുന്ന വീഡിയോ ആക്രമണത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. അക്രമിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കാനഡയിൽ പത്ത് ലക്ഷത്തോളം ഫിലിപ്പിനോകളാണ് താമസിക്കുന്നത്. ആകെ ജനസംഖ്യയുടെ 2.58 ശതമാനം വരുമിത്. ഇന്ത്യൻ വംശജർ കഴിഞ്ഞാൽ കാനഡയിൽ ഏറ്റവുമധികമുള്ള കുടിയേറ്റക്കാർ ഫിലിപ്പിനോകളാണ്. ഫിലിപ്പീൻസ് എന്ന രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന ലാപു ലാപു ഡേ ഫെസ്റ്റിവലാണ് ശനിയാഴ്ച നടന്നിരുന്നത്.
ഇതിനായി തെരുവിൽ ഒത്തുകൂടിയ ഫിലിപ്പീൻസ് ജനതയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ അപലപിച്ച് വാൻകൂവർ മേയർ കെൻ സിം രംഗത്തെത്തി. വാൻകൂവറിലെ ഫിലിപ്പിനോ സമൂഹത്തിന്റെ വേദനയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും കെൻ സിം അറിയിച്ചു.
Leave a Reply