ലണ്ടന്‍ നഗരത്തിന്റെ നാലിരട്ടി വലിപ്പമുള്ള മഞ്ഞുമല കടലിലേക്ക് ഒഴുകി നീങ്ങാന്‍ തുടങ്ങി. അന്റാര്‍ട്ടിക്കയിലെ ലാര്‍സന്‍ സി എന്ന മഞ്ഞുപാളിയില്‍ നിന്ന് അടര്‍ന്നുമാറിയ ഈ മഞ്ഞുമലയ്ക്ക് എ68 എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് സമുദ്രത്തിലൂടെ ഒഴുകുമ്പോള്‍ എന്താകും സംഭവിക്കുകയെന്ന കാര്യത്തില്‍ ശാസ്ത്രലോകവും ആശങ്കയിലാണ്. സമുദ്രപ്രവാഹങ്ങളും കടലിന്റെ അടിത്തട്ടിന്റെ സ്വഭാവവും അനുസരിച്ച് ഭീമന്‍ മഞ്ഞുമലകള്‍ ദശാബ്ദങ്ങളോളം ഒരേ സ്ഥലത്ത് തുടരാറുണ്ട്.
എന്നാല്‍ ഈ മഞ്ഞുമല ഒഴുകുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുന്നത്. 5800 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീര്‍ണ്ണം. ശതകോടിക്കണക്കിന് ടണ്‍ ഭാരമുള്ള ഇത് ലോകം കണ്ടിട്ടുള്ളവയില്‍ വെച്ച് ഏറ്റവും വലിയ മഞ്ഞുമലകളില്‍ ഒന്നാണ്. റോസ് മഞ്ഞുപാളിയില്‍ നിന്ന് 2000ല്‍ വേര്‍പെട്ട മഞ്ഞുമലയാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലുത്. എ68ന്റെ ഇരട്ടി വലിപ്പം ഇതിന് ഉണ്ടായിരുന്നു.
മുന്നോട്ടും പുറകോട്ടുമുള്ള ചില നീക്കങ്ങള്‍ക്കു ശേഷം ഇപ്പോള്‍ എ68 ഒഴുകിക്കൊണ്ടിരിക്കുകയാണെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഈ മഞ്ഞുമല വിഘടിച്ച് ചെറിയ കഷണങ്ങളാകാന്‍ സാധ്യതയുണ്ടെന്നും അവ കപ്പല്‍ ഗതാഗതത്തിന് തടസമുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉപഗ്രഹങ്ങളുടെ ദൃഷ്ടിയില്‍ പെടാന്‍ ബുദ്ധിമുട്ടുള്ള കഷണങ്ങളാണ് കപ്പലുകള്‍ക്ക് ഭീഷണിയാകുക. ആഗോളതാപനവും ഓസോണ്‍ പാളിയിലെ വിള്ളലുമാണ് അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളില്‍ വിള്ളലുകളുണ്ടാകാന്‍ കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
Leave a Reply