ലണ്ടന്‍: പൊതുമേഖലയിലെ സ്‌കൂളുകള്‍ മികച്ച നിലവാരം കൈവരിക്കുന്നുവെന്ന് ഗുഡ് സ്‌കൂള്‍സ് ഗൈഡിന്റെ സ്ഥാപകന്‍ റാല്‍ഫ് ലൂകാസ്. രക്ഷിതാക്കളില്‍ പലരും പൊതുമേഖലയിലുള്ള സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് സ്വകാര്യ സ്‌കൂളുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായും സൂചനയുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളുടെ പരീക്ഷാ ഫലവും സ്വഭാവവും മെച്ചപ്പെട്ടതിനാല്‍ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് താങ്ങാനാകുന്ന രക്ഷിതാക്കളും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നുവെന്നാണ് ലൂകാസ് ചൂണ്ടിക്കാട്ടുന്നത്. പല രക്ഷിതാക്കളും സ്‌കൂളുകളുടെ വിവരങ്ങള്‍ തേടി തങ്ങളെ സമീപിക്കുന്നുണ്ട്. കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അയക്കാനാണ് മിക്കവര്‍ക്കും താല്‍പര്യമെന്നും ലൂകാസ് വ്യക്തമാക്കി.
സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ഇത് ഭീഷണി സൃഷ്ടിക്കുന്നത്. ലണ്ടനു പുറത്തുളള പല സ്വതന്ത്ര സ്‌കൂളുകളും അടച്ച് പൂട്ടുകയാണ്. അതുമല്ലെങ്കില്‍ അവര്‍ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുകയോ അക്കാഡമികളായി മാറുകയോ ചെയ്യുന്നു. ഈ പ്രവണത തുടരുമെന്ന് തന്നെയാണ് ലൂകാസിന്റെ അഭിപ്രായം. ലൂകാസിന്റെ വീക്ഷണങ്ങള്‍ക്ക് സ്വതന്ത്ര സ്‌കൂള്‍ പ്രതിനിധികളില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹെഡ്മാസ്‌റ്റേഴ്‌സ് ആന്‍ഡ് ഹെഡ്മിസ്ട്രസ് കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറി വില്യം റിച്ചാര്‍ഡ്‌സണ്‍ അവകാശപ്പെടുന്നത്. ലൂകാസിന്റെ പ്രസ്താവനകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും മികച്ച നിലവാരം ഉളളവയല്ലെന്നും അദ്ദേഹം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ രണ്ട് തലമുറകള്‍ കൊണ്ട് രാജ്യത്തെ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതീക്ഷ വളര്‍ന്നിട്ടുണ്ട്. കഴിഞ്ഞ കൊല്ലം പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മകളെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തിരുന്നു. ആദ്യമായാണ് ഒരു കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രി സ്വന്തം കുട്ടിയെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കുന്നത്. ലണ്ടനിലെ ഗ്രേ കോട്ട് ഹോസ്പിറ്റല്‍ സ്‌കൂളിലാണ് കാമറൂണിന്റെ മകളെ ചേര്‍ത്തത്. കാമറൂണിന്റെ മകനും ഒരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തിലാണ് ഇപ്പോള്‍ പഠിക്കുന്നത്. എന്നാല്‍ ഒരു സ്വകാര്യ സ്‌കൂളിലേക്ക് മകനെ മാറ്റുന്നതിനെക്കുറിച്ച് കുടുംബം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.